മലയാളം ഇ മാഗസിൻ.കോം

ശ്രദ്ധിച്ചിട്ടുണ്ടോ! ഒരാൾ കോ‍ട്ടുവായിട്ടാൽ കണ്ടുനിൽക്കുന്ന ആളും ആവർത്തിക്കും, എന്തുകൊണ്ടെന്ന് അറിയാമോ?

ശരീരത്തിന്‌ ക്ഷീണം അനുഭവപ്പെടുമ്പോഴും ഉറക്കം വരുമ്പോഴും താത്‌പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോഴുമൊക്കെയാണ്‌ സാധാരണ ഗതിയില്‍ കോട്ടുവായ്‌ അനുഭവപ്പെടുക.

\"\"

യഥാര്‍ത്ഥത്തില്‍ ഉറക്കം വരുമ്പോള്‍ മാത്രമാണോ കോട്ടുവായയിടുക. എന്തിരുന്നാലും ഇത്‌ ഒരു പകര്‍ച്ച വ്യാധിയാണെന്നും ഖ്യാതിയുണ്ട്‌. ഒരാള്‍ കോട്ടുവായിട്ടാല്‍ കണ്ടുനില്‍ക്കുന്ന ആളും ഉടന്‍ ഈ പ്രവണത ആവര്‍ത്തിക്കും. ഇക്കാര്യത്തില്‍ നമുക്ക്‌ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താനും ആവില്ല. ഇത്‌ പലരും പരീക്ഷിച്ചിട്ടുമുണ്ട്‌.

\"\"

മനുഷ്യര്‍ മാത്രമല്ല നായകളും ചിമ്പാന്‍സി ഉള്‍പ്പടെയുള്ള മൃഗങ്ങളും കോട്ടുവായിടാറുമുണ്ട്‌. കോട്ടുവായ ഇടുമ്പോള്‍ തലച്ചോറിലെ രക്‌തയോട്ടം വര്‍ദ്ധിക്കുന്നു എന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ലീഡിലെ സൈക്കോളജിസ്‌റ്റായ ഡോ. കാട്രിയോണ മൊറിസണ്‍ നടത്തിയ പഠനങ്ങളിലൂടെ കണ്ടെത്തിയെന്നതും മറ്റൊരു വസ്‌തുതയാണ്‌.

\"\"

ഇപ്പോഴിതാ ഈ പ്രവണതയെക്കുറിച്ച്‌ പഠനങ്ങള്‍ നടത്തി ഇതൊരു കുടുംബ കാര്യമാണെന്ന കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഒരു കൂട്ടം നിരീക്ഷകര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 109 തോളം പുരുഷന്മാരിലും സ്‌ത്രീകളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ഇത്‌ ഒരു \’പകര്‍ച്ച വ്യാധി\’യാണെന്നും ഇതിനു പിന്നില്‍ മാനസികമായ ഒരുമയുണ്ടന്നും സ്‌ഥിരീകരിച്ചു.

ഒരാള്‍ കോട്ടുവായ ഇടുന്നത്‌ കണ്ടുനില്‍ക്കുന്നവരില്‍ എല്ലാവരും ഇതിനോട്‌ പ്രതികരിക്കുന്നുവെന്ന വസ്‌തുതയെ ഖണ്ഡിച്ചുകൊണ്ടാണ്‌ പുതിയ കണ്ടെത്തല്‍. കോട്ടുവായയിടുന്നത്‌ കണ്ടുനില്‍ക്കുന്നവരെല്ലാം ഇതിനോട്‌ പ്രതികരിക്കുന്നില്ലെന്നും പ്രതികരിക്കുന്നവര്‍ ആ വ്യക്‌തിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ കുടുംബബന്ധമോ സുഹൃത്‌ ബന്ധമോ ഉള്ളവരാണെന്നും നിഗമനത്തിലെത്തുകയും ചെയ്‌തു.

\"\"

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നടത്തിയ പരീക്ഷണത്തിലും ഈ പ്രവണത അനുഭവപ്പെട്ടത്‌ ഏതെങ്കിലും തരത്തില്‍ വൈകാരിക ബന്ധമുള്ളവരില്‍ മാത്രമാണ്‌, അതില്‍ രാജ്യ-ലിംഗ വ്യത്യാസങ്ങളൊന്നും തന്നെ പങ്കുവഹിക്കുന്നില്ല എന്നതും ഈ പഠനങ്ങള്‍ക്ക്‌ ബലം നല്‍കുന്നു.

ശരിക്കും ഈ ചിത്രങ്ങൾ കണ്ടപ്പോൾ നിങ്ങൾക്കും ഒന്ന് കോട്ടുവാ ഇടാൻ തോന്നിയില്ലേ?

Avatar

Staff Reporter