മലയാളം ഇ മാഗസിൻ.കോം

പ്രളയക്കെടുതിക്കായുള്ള നിയമസഭാ സമ്മേളനം, സർക്കാർ ചെലവാക്കിയത് 25 ലക്ഷത്തോളം രൂപ, ഗുണം മാത്രം ചോദിക്കരുത്!

പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തെ പുനർസൃഷ്ടിക്കുന്നതിനായി ചേർന്ന പ്രത്യേക തട്ടിക്കൂട്ടു നിയമസഭാ സമ്മേളനത്തിനായി സർക്കാരിനു ചെലവ് കാൽക്കോടിയിലേറെ രൂപ.

\"\"

ഒരു പ്രമേയം പാസാക്കിയെന്നല്ലാതെ ക്രിയാത്മക നിർദേശങ്ങളൊന്നും ഉയരാത്ത സമ്മേളനത്തിൽ പങ്കെടുത്തതിന് എംഎൽഎമാർക്ക് ഒന്നല്ല, മൂന്നു ദിവസത്തെ സിറ്റിങ് ഫീസും നൽകുന്നു. യാത്രാബത്ത വേറെയും. പണപ്പിരിവിനായി മന്ത്രിമാരെ വിദേശത്തേക്കു വരെ അയിയ്ക്കുന്നതിനായി സർക്കാർ ഒരുങ്ങുമ്പോഴാണു മറുവശത്ത് ഇത്തരം പാഴ്ചെലവുകൾ.

മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർ ഒഴികെയുള്ള 118 അംഗങ്ങൾ ഒരു ദിവസത്തെ സമ്മേളനത്തിനെത്തുമ്പോൾ കിലോ മീറ്ററിനു 10 രൂപ നിരക്കിലാണു യാത്രാബത്ത നൽകുന്നത്. ഇത്തരത്തിൽ 13,000 രൂപ വരെ യാത്രാബത്തയായി മാത്രം ലഭിക്കുന്ന എംഎൽഎമാരുണ്ട്. എല്ലാ എംഎൽഎമാർക്കുമായി എട്ടു ലക്ഷം രൂപ വരെയാണു യാത്രാബത്തെ ഇനത്തിൽ ചെലവാക്കുക.

\"\"

തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാർക്കു സിറ്റിങ് ഫീസായി 1000 രൂപ നൽകുമ്പോൾ മറ്റു ജില്ലക്കാർക്കു കിട്ടുന്നത് 3000 രൂപ. ഒരു ദിവസമാണു സമ്മേളനമെങ്കിലും മറ്റു ജില്ലക്കാർക്കു മൂന്നു ദിവസത്തെ സിറ്റിങ് ഫീസ് നൽകുന്ന വിചിത്രമായ കീഴ്വഴക്കമുള്ളതിനാൽ ആ ഇനത്തിൽ മാത്രം ആകെ മൂന്നേകാൽ ലക്ഷം രൂപ നൽകണം.

നിയമസഭാ ജീവനക്കാർ, പൊലീസ്, പൊതുമരാമത്ത് തുടങ്ങി സമ്മേളനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 1500 ജീവനക്കാർക്ക് 235 രൂപ മുതൽ 265 രൂപ വരെ ഓവർടൈം അലവൻസും നൽകുന്നു. ഈയിനത്തിൽ മാത്രം മൂന്നു ലക്ഷത്തോളമാണു ചെലവ്. വൈദ്യുതി, എസി, ശുദ്ധജലം തുടങ്ങിയവയ്ക്കായി ദിവസം ശരാശരി അഞ്ചുലക്ഷം രൂപയും വേണ്ടിവരും. മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും നിയമസഭയിൽ എത്തുന്ന തിനായി ചെലവിടുന്ന ഇന്ധനവും സമയവും വേറെ.

\"\"

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ സർക്കാരിന്റെ ഭരണ സംവിധാനങ്ങളെ മുഴുവൻ ചലിപ്പിച്ച് എട്ടേമുക്കാൽ മണിക്കൂർ സമ്മേളിച്ച സഭയിൽ പക്ഷേ, തികഞ്ഞ ലാഘവത്തോടെയായിരുന്നു പലരുടെയും പ്രസംഗം. മണ്ടത്തരങ്ങളും ചിലർ എഴുന്നള്ളിച്ചു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ചെങ്ങന്നൂർ, റാന്നി എംഎൽഎമാർക്ക് പ്രസംഗിക്കാൻ അവസരം നൽകിയുമില്ല.

\"\"

ആരോപണങ്ങൾ ഉയരുന്നതും ന്യായീകരണങ്ങൾ നിരത്തുന്നതും സ്വാഭാവികമെങ്കിലും തുടർ പ്രവർത്തനങ്ങൾക്കുതകുന്ന കാര്യമായ നിർദേശങ്ങൾ സർക്കാർ പ്രതീക്ഷിച്ചു. ഫലത്തിൽ എന്ത് ഉദ്ദേശിച്ചാണോ സമ്മേളനം വിളിച്ചത് അതുമാത്രം നടന്നില്ല.

Avatar

Staff Reporter