മലയാളം ഇ മാഗസിൻ.കോം

ഓരോ അമ്മമാരും ചോദിക്കുന്നുണ്ടാവാം \’നാണമാകുന്നില്ലേ നിങ്ങൾക്ക്‌ ?\’ എന്ന്

ഭ്രാന്തമായ ചില മനസ്സുകളുടെ ക്രൂരമായ വൈകൃതങ്ങൾക്ക് ഇരയായി മാറിയ ശേഷം, നോക്കുകുത്തികളെ പോലെ പ്രതികരിക്കാത്ത ഒരു സമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന നിസ്സഹായരായ പിഞ്ചുബാല്യങ്ങളുടെ നിലവിളികൾ നമുക്കു ചുറ്റും നിറയുകയാണ്. എന്തുകൊണ്ടാണ് ലൈംഗീകാതിക്രമങ്ങൾ നടക്കുന്നത്? രണ്ടും മൂന്നും വയസ്സ് പ്രായമുള്ള കുട്ടികളേയും എഴുപതിന് മേൽ പ്രായമുള്ള അമ്മമാരേയും തങ്ങളുടെ വൈകൃതങ്ങൾക്കിരയാക്കുന്നവരെ മനോരോഗികൾ എന്നും പറയുന്നു. ശരിയാവാം അമിത ലൈംഗീകാസക്തിയിൽ ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരെ മനോരോഗികൾ എന്നു വിളിക്കാം. പക്ഷേ അപ്പോഴും ഒരു സംശയം ബാക്കിയാകുന്നു, സ്വബോധം നഷ്ടപ്പെടുന്നവരെയല്ലേ മനോരോഗികൾ എന്ന് പറയുന്നത്. അവർക്കെങ്ങനെ പെറ്റമ്മയേയും സഹോദരിമാരെയും തിരിച്ചറിയാൻ കഴിയുന്നു? എന്ത് ബോധവത്കരണം കിട്ടിയിട്ടുണ്ടാവും പെറ്റമ്മയേയും സഹോദരിമാരെയും പീഡങ്ങൾക്കിരയാക്കാൻ പാടില്ല എന്ന തിരിച്ചറിവുണ്ടാകാൻ? അപ്പോൾ സ്വന്തം കുടുംബത്തിന് പുറത്തുള്ള സ്ത്രീകൾ ചൂഷണത്തിനിരയാക്കപ്പെടുന്ന നിരവധി സാഹചര്യങ്ങൾ നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരക്കാരെ മനോരോഗത്തിന്റേയും പ്രായത്തിന്റേയും പരിഗണനയിൽ ശിക്ഷിക്കാതിരിക്കുന്ന നമ്മുടെ നിയമവ്യവസ്ഥയോടും നിയമപാലകരോടും ഓരോ അമ്മമാരും ചോദിക്കുന്നുണ്ടാവാം ‘നാണമാകുന്നില്ലേ നിങ്ങൾക്ക്’ സ്ത്രീകളുടെ മാനം പിച്ചിചീന്തുന്നതിന് സാക്ഷ്യമായി നില്ക്കേണ്ടി നിൽക്കുന്നതിൽപ്പരം എന്ത് നാണക്കേടാണ് ഇന്ത്യൻ ഭരണഘടനക്ക് ഇനി വരാനുള്ളത്.

ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്ന കുഞ്ഞുങ്ങൾ വളർന്ന് കഴിഞ്ഞാൽ ചൂഷിണത്തിന് അടിമപ്പെടുന്നവരോ മറ്റ് മാനസീക വൈകല്യമനുഭവിക്കുന്നവരോ ആയി തീരും. ഇവിടെ ഒരു കുടുംബം ശിഥിലമാകുകയാണ്. പെൺകുട്ടികൾ മാത്രമാണ് പീഡനത്തിനിരയാകുന്നത് പെൺകുട്ടികൾ മാത്രമാണ് പീഡനത്തിനിരയാകുന്നത് എന്നത് മിഥ്യാധാരണയാണ്. എല്ലാ പ്രായത്തിലുള്ള പെൺകുട്ടികളും ഒപ്പം ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്. പലരും തങ്ങളുടെ പരിചിതവൃന്ദത്തിൽ നിന്നുമാണ് ചതിക്കപ്പെടുന്നത് എന്നതാണ് യാഥാർഥ്യം. പലപ്പോഴും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഇത്തരം സംഭവങ്ങൾ ആണ് പുറത്തറിയുന്നത്. പലതും കുടുംബത്തിന്റെ അന്തസ്സിന് കോട്ടം സംഭവിക്കുമെന്ന ഭയത്താൽ മൂടിവയ്ക്കപ്പെടുന്നു, പരിചിതരോ ബന്ധുക്കളോ ആണ് പ്രതികളെങ്കിൽ പ്രത്യേകിച്ചും. ഇത്തരം വാർത്തകൾ കൊണ്ട് ഏറ്റവുമധികം സന്തോഷിക്കുന്നത് മാധ്യമധർമ്മം മറന്നുപോകുന്ന ചാനലുകാരാണ്. ചാകര കണ്ട പ്രതീതിയാണ് ഇത്തരം വാർത്തകൾ കിട്ടിക്കഴിഞ്ഞാൽ ഇവർക്കുണ്ടാകുന്നത്. പൊടിപ്പും തൊങ്ങലും വച്ച് പരമാവധി കൊഴുപ്പിച്ച് റേറ്റിങ്ങിന് വേണ്ടി അടിപിടി കൂടുന്ന തെരുവ് നായ്ക്കളാണ് ഇവരിൽ പലരും. കീശയുടെ വലുപ്പത്തിന്റെ തോതിൽ കഥകൾ മാറ്റിമറിച്ച് ഇരയുടെ ബാക്കി ജീവനും എടുത്ത ശേഷം അടുത്ത ഇരയെ തേടി ഇവർ പോകും.

നീതിയെ കുറിച്ചും ന്യായത്തെ കുറിച്ചും സ്ത്രീകളുടെ അവകാശത്തെ കുറിച്ചുമുള്ള പ്രസംഗമത്സരങ്ങൾ നമ്മുടെ സമൂഹത്തിൽ മുറയ്ക്ക് അരങ്ങേറുന്നുണ്ട്. ജീൻസ് വിവാദത്തിലും ചുംബനസമരത്തിലും ഇടപെട്ട് സംസാരിച്ച മഹാന്മാരേയോ സദാചാര കമ്മറ്റി അംഗങ്ങളേയോ പീഡനങ്ങൾക്ക് വിധേയമാകുന്ന കുഞ്ഞുങ്ങൾക്കായി പ്രതികരിക്കാൻ കാണാറില്ല. ചുരുക്കത്തിൽ ഇത്തരം ഞരമ്പുരോഗികൾ സമൂഹത്തിന്റെ സദാചാരവേലിക്കെട്ടുകൾ തകർത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു. നിയമം കൂടുതൽ ശക്തമാക്കിയാൽ ഭയത്തിന്റെ പിന്തുണയിലെങ്കിലും ഇത്തരം കാമഭ്രാന്തന്മാർ അടങ്ങിയേനെ. ഇന്ത്യൻ ഭരണഘടന നിരവധി കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ എത്ര ലൈംഗീക കുറ്റവാളികൾ ഈ ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്? മണിക്കൂറുകളോളം ഇന്റർനെറ്റിന്റെ മുന്നിലും മൊബെലിലും ചിലവഴിക്കുന കുട്ടികൾ പലവിധത്തിലും ചൂഷണത്തിനിരയാകുന്നുണ്ട്. ഉചിതമായ രീതിയിലുള്ള വിദ്യാഭ്യാസം ശിക്ഷാനടപടികൾ എന്നിവ ഉണ്ടായില്ലെങ്കിൽ സത്യത്തെ മിഥ്യയാക്കാനും മിഥ്യയെ സത്യമാക്കാനും കഴിവുള്ള ഈ ലോകത്ത് മാനുഷിക മൂല്യങ്ങൾ പാടെ നശിക്കും. ഓരോ മാതാപിതാക്കളും നെഞ്ചിടിപ്പോടെ, കിടുങ്ങുന്ന ഹൃദയത്തോടെ ഓരോ ബാല്യവും പൊലിഞ്ഞ് വീഴുന്നത് കാണേണ്ടി വരും.

Avatar

Priya Parvathi

Priya Parvathi | Staff Reporter