മലയാളം ഇ മാഗസിൻ.കോം

രക്തം ദാനം ചെയ്യും മുൻപ്‌ രക്‌തഗ്രൂപ്പുകളെയും യുണിവേഴ്‌സൽ ഡോ‍ണറിനെയും അറിയുക

അപൂര്‍വം ഈ രക്‌തഗ്രൂപ്പുകള്‍
ആത്യന്തികമായി നാമെല്ലാവരും വിവിധ രക്‌തഗ്രൂപ്പുകളില്‍ പെട്ടവരാണ്‌. ജീവന്‍മരണ പോരാട്ടത്തിലെ സന്നിഗ്‌ധഘട്ടത്തില്‍ ഈ ഗ്രൂപ്പിന്‌ ഏറെ പ്രാധാന്യമുണ്ട്‌. രക്‌തബന്ധം, അതിനോളം വരില്ല മറ്റൊന്നും. സായിപ്പായാലും കാപ്പിരിയായാലും മനുഷ്യരക്‌തത്തിന്റെ നിറം ചുവപ്പുതന്നെ. പക്ഷേ, നിറത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ സമാനതയുള്ളൂ. അവയവദാന പ്രക്രിയയുടെ സങ്കീര്‍ണതകളൊന്നുമില്ലാതെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനായി നമ്മുടെ ശരീരത്തില്‍ നിന്നും നമുക്ക്‌ വളരെ എളുപ്പത്തില്‍ നല്‍കാവുന്ന ജീവന്റെ അംശമാണ്‌ രക്‌തം. രക്‌തദാനം മഹാദാനം എന്നാണ്‌ പറയുക. പരസ്‌പരം കടിച്ചു കീറുന്നവരാണെങ്കില്‍പോലും പൊതുവായ സ്വന്തം കാര്യം വരുമ്പോള്‍ ഒന്നാവുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലെയല്ല രക്‌തഗ്രൂപ്പുകളുടെ കാര്യം. നൂറുശതമാനവും യോജിപ്പിക്കുന്ന ഗ്രൂപ്പുകള്‍ തമ്മില്‍ മാത്രമേ രക്‌തദാനം സാധ്യമാവുകയുള്ളൂ.

രക്‌തഗ്രൂപ്പുകളെ അറിയുക
നാം ഇന്നറിയുന്ന എ, ബി. ഒ ഗ്രൂപ്പ്‌ സംവിധാനം ആദ്യമായി കണ്ടുപിടിച്ചത്‌ 1901 ല്‍ ഓസ്‌ട്രിയന്‍ ശാസ്‌ത്രജ്‌ഞനായ കാള്‍ ലാന്റ്‌സ്റ്റിനര്‍ ആണ്‌. ഇതനുസരിച്ച്‌ എ ബി, എ ബി, ഒ എന്നീ നാലു ഗ്രൂപ്പുകളാണ്‌ പ്രധാനമായും ഉള്ളത്‌. ഇവയില്‍ത്തന്നെ പോസിറ്റീവും നെഗറ്റീവും ഉണ്ട്‌. രക്‌തത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിജനുകളുടെയും ആന്റിബോധഡികളുടെയും സാന്നിധ്യമാണ്‌ ഈ ഗ്രൂപ്പ്‌ വിഭജനത്തിന്റെ അടിസ്‌ഥാനം. ചുവന്ന രക്‌താണുക്കളുടെ (റെഡ്‌ ബ്ലഡ്‌ കോര്‍പ്പക്കള്‍സ്‌ – ആര്‍.ബി.സി) ഉപരിതലത്തിലുള്ള പ്രോട്ടീന്‍ തന്മാത്രകളാണ്‌ ഈ ആന്റിജനുകള്‍. ആന്റിബോഡികളാവട്ടെ രക്‌തത്തിലെ പ്ലാസ്‌മയിലാണ്‌ അടങ്ങിയിരിക്കുന്നത്‌. ശരീരത്തിനു പുറത്തു നിന്നും അകത്തേക്കു പ്രവേശിക്കുന്ന ബാഹ്യപദാര്‍ഥങ്ങളെ ആര്‍ജിക്കലാണ്‌ ആന്റിബോഡികളുടെ ധര്‍മം. താഴെപ്പറയുന്ന വിധത്തിലാണ്‌ വിവിധ രക്‌തഗ്രൂപ്പില്‍പ്പെട്ടവരില്‍ ഈ ആന്റിജന്റെയും ആന്റിബോഡികളുടെയും സാന്നിധ്യം.

എ ഗ്രൂപ്പ്‌ – ആന്റിജന്‍ എ യും ആന്റി ബി (ബി ആന്റിജന്‌ എതിരായ) ആന്റിബോഡിയും
ബി ഗ്രൂപ്പ്‌ – ആന്റിജന്‍ ബി യും ആന്റി എ ആന്റിബോഡിയും
ഓ ഗ്രൂപ്പ്‌ – ആന്റിജന്‍ എ യോ ബി യോ ഇല്ല. എന്നാല്‍ ആന്റി എ ആന്റിബോഡി, ആന്റി ബി ആന്റിബോഡി ഇവ രണ്ടും അടങ്ങിയിരിക്കുന്നു.
എ ബി ഗ്രൂപ്പ്‌ – ആന്റിജന്‍ എയും ബിയും അടങ്ങിയിരിക്കുന്നു. എന്നാല്‍ ആന്റിബോഡികള്‍ രണ്ടും ഇല്ല.

മേല്‍പ്പറഞ്ഞ നാലു ഗ്രൂപ്പുകള്‍ക്കും ഓരോ പോസിറ്റീവ്‌ നെഗറ്റീവ്‌് ഉപവിഭവങ്ങള്‍ കൂടിയുണ്ട്‌. എ, ബി എന്നിവയ്‌ക്കു പുറമേ കണ്ടുവരുന്ന ഫാക്‌ടര്‍ ഡി എന്ന ആന്റിജന്റെ സാന്നിധ്യമാണ്‌ ഇതിനാധാരം. ഉദാഹരണം എ ആന്റിജനുള്ള ഒരാളുടെ രക്‌തത്തില്‍ ആര്‍എച്ച്‌ ഫാക്‌ടര്‍ ഡി കൂടിയുണ്ടെങ്കില്‍ അയാളുടെ ഗ്രൂപ്പ്‌ എ പോസിറ്റീവാണ്‌. എന്നാല്‍ ആന്റിജന്‍ എ യുടെ സാന്നിധ്യം ഉണ്ടായിരിക്കുകയും ആര്‍എച്ച്‌ ഫാക്‌ടര്‍ ഡിയുടെ സാന്നിധ്യം ഇല്ലാതിരിക്കുകയും ചെയ്‌താല്‍ അയാളുടെ രക്‌തഗ്രൂപ്പ്‌ എ നെഗറ്റീവ്‌ ആകുന്നു. ഇതുപോലെയാണ്‌ മറ്റ്‌ ഗ്രൂപ്പുകള്‍ക്കും.

രക്‌തഗ്രൂപ്പുകളും രക്‌തദാനവും
രക്‌തഗ്രൂപ്പുകള്‍ക്ക്‌ രക്‌തദാനത്തില്‍ പ്രാധാന്യം എന്താണെന്ന്‌ നോക്കാം. എ ഗ്രൂപ്പില്‍പ്പെട്ട ഒരാള്‍ക്ക്‌ ബി ഗ്രൂപ്പില്‍പ്പെട്ട രക്‌തം നല്‍കുമ്പോള്‍ ബി ഗ്രൂപ്പ്‌ രക്‌തത്തില്‍ അടങ്ങിയ ആന്റിജന്‍ ബി ഗ്രൂപ്പിന്‌ എതിരായി എ ഗ്രൂപ്പ്‌ രക്‌തത്തിലുള്ള ആന്റി ബി ആന്റിബോഡി പ്രവര്‍ത്തിക്കുന്നു. ഈ ആന്റിജന്‍ ആന്റിബോഡി റിയാക്ഷന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും മരണത്തിനുപോലും കാരണമായേക്കാം. ദാനം ചെയ്യുന്ന വ്യക്‌തിയുടെ രക്‌തത്തില്‍ അടങ്ങിയ ആന്റിജന്‌ എതിരായ പ്രവര്‍ത്തിക്കുന്ന ആന്റിബോഡി സ്വീകര്‍ത്താവിന്റെ രക്‌തത്തില്‍ ഇല്ലായിരിക്കും എന്നതാണ്‌ രക്‌തദാനത്തിനുള്ള പൊതുവായ തത്വം. ആര്‍ക്കൊക്കെ രക്‌തം കൊടുക്കാമെന്നും ആരില്‍ നിന്നും രക്‌തം സ്വീകരിക്കാമെന്നുമറിയാന്‍ പട്ടിക നോക്കുക.

നിങ്ങളുടെ രക്‌തഗ്രൂപ്പ്‌ അപൂര്‍വമാണോ?
നിങ്ങളുടെ രക്‌തഗ്രൂപ്പ്‌ അപൂര്‍വ ഗ്രൂപ്പുകളില്‍ പെടുന്നതാണോ? എങ്കില്‍ ഉടനേ ഏറ്റവുമടുത്ത രക്‌തദാതാക്കളുടെ സംഘടനയിലോ അടുത്ത ബ്ലഡ്‌ ബാങ്കിലോ പേരു രജിസ്‌റ്റര്‍ ചെയ്യാന്‍ മറക്കാതിരിക്കുക. കാരണം നിങ്ങള്‍ രക്ഷിക്കാന്‍ പോകുന്നത്‌ വിലയേറിയ ഒരു ജീവനായിരിക്കാം. അപൂര്‍വ രക്‌തഗ്രൂപ്പില്‍പ്പെട്ട രക്‌തം കിട്ടാത്തതുമൂലം അത്യാസന്ന നിലയിലുള്ള രോഗി മരിക്കുന്നതും ശസ്‌ത്രക്രിയകള്‍ മുടങ്ങുന്നതും സാധാരണമാണ്‌.

നെഗറ്റീവ്‌ ഗ്രൂപ്പില്‍പ്പെട്ടവ എല്ലാം തന്നെ, അപൂര്‍വ ഗ്രൂപ്പുകളുടെ കൂട്ടത്തിലുള്‍പ്പെടുന്നവയാണ്‌. ശരാശരി കണക്കെടുത്താല്‍ മൊത്തം ജനസംഖ്യയുടെ 25 ശതമാനം പേരും പോസിറ്റീവ്‌ ഗ്രൂപ്പുകളില്‍പ്പെട്ടവരാണ്‌. ശേഷിക്കുന്ന 15 ശതമാനം പേര്‍ വിവിധ ഗ്രൂപ്പുകളുടെ നെഗറ്റീവ്‌ വിഭാഗത്തില്‍ പെടുന്നവരാണ്‌.

പോസിറ്റീവ്‌ ഗ്രൂപ്പുകളില്‍ അപൂര്‍വ ഗ്രൂപ്പില്‍ പെടുന്നത്‌ എ ബി പോസിറ്റീവാണ്‌. അമേരിക്കന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റിയുടെ കണക്ക്‌ പ്രകാരം ലോകമൊട്ടാകെയുള്ള ജനസംഖ്യയുടെ 0.45 ശതമാനം മാത്രം വരുന്ന എ ബി നെഗറ്റീവ്‌ ആണ്‌ ഏറ്റവും അപൂര്‍വമായ ഗ്രൂപ്പ്‌. (ഏറ്റവും കൂടുതല്‍ പേരില്‍ കാണുന്ന രക്‌തഗ്രൂപ്പ്‌ ഒ പോസിറ്റീവാണ്‌). രണ്ടാമത്തെ അപൂര്‍വ ഗ്രൂപ്പ്‌ 1.5 ശതമാനം മുതല്‍ 2 ശതമാനം വരെ ആളുകളില്‍ കണ്ടുവരുന്ന ബി നെഗറ്റീവ്‌ ഗ്രൂപ്പാണ്‌.

എ നെഗറ്റീവ്‌ ഒ നെഗറ്റീവ്‌ എന്നിവ യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങളില്‍ വരുന്നു. പ്രത്യേക ഭൂവിഭാഗങ്ങളില്‍ വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട ആളുകളുടെ എണ്ണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാമെങ്കിലും ആഗോളവ്യാപകമായി വിവിധ രക്‌തഗ്രൂപ്പുകളില്‍ പെട്ടവര്‍ക്ക്‌ ശരാശരി ശതമാനക്കണക്ക്‌ ഇനിപ്പറയും പ്രകാരമാണ്‌. ഒ പോസിറ്റീവ്‌ 38 ശതമാനം, ഒ നെഗറ്റീവ്‌ 7 ശതമാനം. എ പോസിറ്റീവ്‌ 34 ശതമാനം, എ നെഗറ്റീവ്‌ 6 ശതമാനം, ബി പോസിറ്റീവ്‌ 9 ശതമാനം, ബി നെഗറ്റീവ്‌ 2 ശതമാനവും എ ബി പോസിറ്റീവ്‌ 3 ശതമാനവും എ ബി നെഗറ്റീവ്‌ 1 ശതമാനത്തില്‍ താഴെയുമാണ്‌.

യുണിവേഴ്‌സല്‍ ഡോണര്‍
രക്‌തത്തില്‍ അടങ്ങിയ ആന്റിജന്റെയും ആന്റിബോഡികളുടെയും സ്വഭാവമനുസരിച്ച്‌ എല്ലാവര്‍ക്കും എല്ലാ ഗ്രൂപ്പില്‍ നിന്നും രക്‌തം സ്വീകരിക്കാനാവില്ല. നെഗറ്റീവ്‌ ഗ്രൂപ്പുകാര്‍ക്ക്‌ നെഗറ്റീവ്‌ ഗ്രൂപ്പുകളില്‍ നിന്നും മാത്രമേ രക്‌തം സ്വീകരിക്കാന്‍ സാധിക്കൂ. ആന്റിജന്‍ – ആന്റിബോഡി റിയാക്‌ക്ഷന്‍ പരിശോധിച്ചാല്‍ ഒ നെഗറ്റീവ്‌ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക്‌ ആര്‍ക്കും രക്‌തം ദാനം ചെയ്യാം. അതുപോലെ തന്നെ എ ബി പോസിറ്റീവ്‌ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക്‌ ആരില്‍ നിന്നും രക്‌തം സ്വീകരിക്കാം. ഇവരെ യഥാക്രമം യൂണിവേഴ്‌സല്‍ ഡോണര്‍ എന്നും യൂണിവേഴ്‌സല്‍ റിസീപിയന്റ്‌ എന്നും വിളിക്കുന്നു.

ബോംബെ ഗ്രൂപ്പ്‌
ഇന്ത്യയില്‍ കണ്ടെത്തിയ അപൂര്‍വ രക്‌തഗ്രൂപ്പാണ്‌ ബോംബെ ഗ്രൂപ്പ്‌. ഡോ. വൈ. എം. ഭെണ്ടേയാണ്‌ ഈ ഗ്രൂപ്പ്‌ കണ്ടെത്തിയത്‌. ലോകത്ത്‌ ആകമാനം ഒരു മില്യണില്‍ 4 പേര്‍ക്ക്‌ മാത്രം കണ്ടുവരുന്ന ഒരു ഗ്രൂപ്പാണിത്‌. അതായത്‌ രണ്ടരലക്ഷത്തില്‍ ഒരാള്‍ക്ക്‌ മാത്രം. ഏറ്റവും കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്‌ ഇന്ത്യയിലാണ്‌. ബോംബെയില്‍ പതിനായിരത്തില്‍ ഒന്ന്‌ എന്ന അനുപാതത്തില്‍ ഈ ഗ്രൂപ്പ്‌ ഉണ്ടെന്ന്‌ പഠനങ്ങള്‍ പറയുന്നു. സാധാരണയായി എ, ബി ആന്റിജനുകള്‍ ഉണ്ടാകുന്നത്‌ എച്ച്‌ ആന്റിജന്‍ എന്ന മുന്‍ഗാമിയില്‍ നിന്നാണ്‌. ഒ ഗ്രൂപ്പില്‍ എ യും ബി യും ആന്റിജന്‍ ഇല്ലെങ്കില്‍ കൂടി എച്ച്‌ ആന്റിജന്‍ ഉണ്ടാവാറുണ്ട്‌. എ യിലും ബിയിലും ഒ യുടെ അത്രയും ഇല്ലെങ്കിലും ചെറിയതോതില്‍ എച്ച്‌ ആന്റിജനും കണ്ടേക്കാം. എന്നാല്‍ ഇതിനെ ആന്റിജനുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി പറയാനാവില്ല.

ബോംബെ ഗ്രൂപ്പില്‍ പെട്ടവരുടെ രക്‌തം പരിശോധിച്ചാല്‍ ഒറ്റനോട്ടത്തില്‍ എ യും ബി യും ആന്റിജനുകള്‍ ഇല്ലാത്തതിനാല്‍ ഒ ഗ്രൂപ്പ്‌ ആണെന്നു തോന്നാം. എന്നാല്‍ ഒ യില്‍ ഉണ്ടാവേണ്ട എച്ച്‌ ആന്റിജന്‍ ഇല്ലെന്നു മാത്രമല്ല, എ, ബി ആന്റിബോഡികള്‍ക്കു പുറമേ എച്ച്‌ ആന്റിബോഡി കൂടി ഉണ്ടായിരിക്കും. മറ്റെല്ലാ ഗ്രൂപ്പിലും ചെറിയതോതില്‍ എച്ച്‌ ആന്റിജന്‍ ഉള്ളതിനാല്‍ ബോംബെ ഗ്രൂപ്പ്‌ ഒഴികെ ഏതു ഗ്രൂപ്പ്‌ നല്‍കിയാലും ആന്റിജന്‍ – ആന്റിബോഡി റിയാക്‌ക്ഷന്‍ ഉണ്ടാകും. ചുരുക്കത്തില്‍ ഈ ഗ്രൂപ്പിന്‌ ഇതേഗ്രൂപ്പ്‌ മാത്രമേ ചേരൂ. അങ്ങനെനോക്കിയാല്‍ എ ബി നെഗറ്റീവിനേക്കാള്‍ അപൂര്‍വമാണ്‌ ഇക്കൂട്ടര്‍.

Avatar

Staff Reporter