മലയാളം ഇ മാഗസിൻ.കോം

അന്നൊരു വൈകുന്നേരം വീട്ടിലേക്ക് വരുന്ന വഴി, അടിവയറും പൊത്തിപ്പിടിച്ചുകൊണ്ട് അമ്മൂട്ടി, വഴിയരികിലിരുന്നു,. അവളുടെ യൂണിഫോമിൽ ചുവന്ന നിറത്തിൽ വട്ടത്തിലൊരു പാടുണ്ടായിരുന്നു!

“ചേട്ടാ ഒരു വിസ്പർ! ” ചുറ്റും നിന്നവരൊക്കെ എന്നെ അത്ഭുതത്തോടെ ഒന്ന് നോക്കി, അരികിൽ നിന്ന പെൺകുട്ടിയുടെ മുഖത്ത് ജാള്യത,. കടക്കാരന്റെ മുഖത്തൊരു പരിഹാസച്ചിരി, ഞാനത്ര മോശപ്പെട്ട കാര്യമൊന്നും അല്ലല്ലോ ചോദിച്ചത്! “ചേട്ടാ ഒരു വിസ്പർ ചോയ്സ് അൾട്രാ !”

\"\"

അയാൾ എനിക്കത് പൊതിഞ്ഞെടുത്ത് തരുമ്പോൾ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് ഞാൻ പണമെടുത്തുകൊടുത്തത് ! എനിക്കരികിൽ നിന്ന പെൺകുട്ടി എന്റെ മുഖം കണ്ടതും നാണക്കേടോടെ തല താഴ്ത്തി ! അല്ലേലും ഒരാൺകുട്ടി സാനിറ്ററി നാപ്കിൻ വാങ്ങിച്ചു എന്നതിൽ എന്താണിത്ര അത്ഭുതപ്പെടാൻ ? എടുത്ത് തന്ന വ്യക്തിയും ഒരു പുരുഷനല്ലേ ? പീരിയഡ്‌സ് എന്നത് അത്ര മോശപ്പെട്ട കാര്യമാണോ ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു എന്റെ മനസ്സിൽ !!!

വെക്കേഷൻ ആയതുകൊണ്ട് ഇന്നലെയാണ് ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയത് ! “അമ്മേ അമ്മു എവിടെ ?” എന്നും ഞാൻ ഹോസ്റ്റലിൽ നിന്ന് വരുമ്പോൾ വഴക്കുണ്ടാക്കാൻ വരുന്നവളുടെ അനക്കം പോലുമില്ല ! “അവൾക്ക് നല്ല സുഖല്ല്യ, കിടക്കുവാ !”

അവളുടെ മുറിയിലേക്ക് ചെല്ലാൻ ഭാവിച്ചതും അമ്മ തടഞ്ഞു, “നീയെന്തിനാ ഇപ്പോ അങ്ങടേക്ക് പോണത് ? അവൾക്ക് വല്ല്യ കുഴപ്പമൊന്നും ഇല്ല്യ !” “അല്ലമ്മേ, ഞാൻ !” “നീ വേഗം കുളിച്ചിട്ട്, കല്യാണവീട്ടിലേക്ക് ചെല്ല്, നീയെപ്പോഴാ എത്തുവാന്ന് അച്ഛൻ ഇപ്പൊ വിളിച്ച് ചോദിച്ചിട്ടേ ഉള്ളൂ !” “അപ്പോൾ അമ്മേം അമ്മൂട്ടീം വരുന്നില്ലേ ?” “ഇല്ല ഞങ്ങൾ നാളെയെ ഉള്ളൂ ”

\"\"

പിറ്റേന്ന് അമ്മയുടെ കൂടെ അമ്മുവിനെ കാണാതെ ഞാനൊന്ന് അമ്പരന്നു,. “അമ്മേ, അമ്മു എവിടെ ? അവൾ വന്നില്ലേ ?” “ഇല്ല്യ അവൾക്ക് ചടങ്ങിലൊന്നും പങ്കെടുക്കാൻ പറ്റില്ല !” “അതെന്താ ?” “നീയെന്തിനാ അതൊക്കെ അറിയണത് ?” “അവളവിടെ ഒറ്റക്കാണോ ?”

“അപ്പുറത്ത് റംലത്താ ഒക്കെ ഇല്ലേ ?പിന്നെന്താ ?” എന്റെ ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് അമ്മ ബന്ധുക്കളുടെ കൂടെ ചേർന്നു,. “അമ്മൂനെ കൊണ്ട് വന്നില്ലേ സുഭദ്രേ ?” “എന്ത് ചെയ്യാനാ ശാരദേടത്തി, അവക്കിന്നലെ മാസമുറയായി, എന്ത് നല്ലകാര്യത്തിനിടയിലും അവൾക്കിങ്ങനാ എന്ത് ചെയ്യാനാ ?”

ഞാനും അമ്മുവും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ, ഞാൻ അന്ന് ഒൻപതാം ക്‌ളാസ്സിലാണ് , അവള് എട്ടിലും,. അന്നൊരു വൈകുന്നേരം വീട്ടിലേക്ക് വരുന്ന വഴി, അടിവയറും പൊത്തിപ്പിടിച്ചുകൊണ്ട് അമ്മൂട്ടി, വഴിയരികിലിരുന്നു,. അവളുടെ യൂണിഫോമിൽ ചുവന്ന നിറത്തിൽ വട്ടത്തിലൊരു പാടുണ്ടായിരുന്നു ! അമ്മയുടെയും മുത്തശ്ശിയുടെയും മുഖത്ത് സന്തോഷം ! അവളിങ്ങനെ കരയുമ്പോൾ ഇവർക്ക് എങ്ങനെയാണിങ്ങനെ ചിരിക്കാൻ കഴിയുന്നത് എന്നോർത്ത് എനിക്കത്ഭുതം തോന്നി.

\"\"

പിന്നീടുള്ള ദിവസങ്ങളിലൊന്നും പുറത്തിറങ്ങി ഞാനവളെ കണ്ടില്ല., എങ്കിലും അവൾക്ക് വി ഐ പി പരിഗണനയാണ് ലഭിച്ചിരുന്നത്, ഒരുപാട് വിസിറ്റേഴ്സും, നിറയെ പലഹാരങ്ങളും, പുത്തനുടുപ്പും, എനിക്കവളോട് അസൂയ ആണ് തോന്നിയത് ! “അപ്പൂ, അമ്മു വല്ല്യ കുട്ടിയായി, ഇനി അവൾ പഴയത്പോലെയൊന്നും നിന്റെ കൂടെ കളിക്കാൻ വരില്ല ” അമ്മായിയാണ് അത് പറഞ്ഞത്, അമ്മായി പറഞ്ഞത് ശരിയായിരുന്നു, ഒരാഴ്ച്ച കൊണ്ട് അവളിൽ ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു, വല്ല്യ കുട്ടി ആയിരിക്കുന്നു അവൾ !

മാസമുറയെക്കുറിച്ച് ആദ്യം പഠിച്ചത്, ഒൻപതാം ക്ലാസ്സിലെ പാഠപുസ്തകത്തിലാണ്,. പെൺകുട്ടികൾ തലതാഴ്ത്തിയിരുന്നു, പല വിരുതന്മാരും സംശയങ്ങൾ ചോദിച്ച് ബയോളജി ടീച്ചറെ കുടുക്കി,. ക്ലാസ് ടൈമിൽ പല പെൺകുട്ടികളും, പരിവാരങ്ങൾക്കൊപ്പം ടോയ്ലറ്റിലേക്ക് പോകുമ്പോൾ, ടീച്ചർമാരുടെ മുഖഭാവത്തിൽ നിന്നും ഞങ്ങൾ ഉറപ്പിച്ചിരുന്നു അവർക്ക് മാസമുറയാണെന്ന്,.

\"\"

പല ദിവസങ്ങളിലും അമ്മു വയറുവേദനയാണെന്നു പറഞ്ഞു ഉറക്കെ കരയുമ്പോൾ, അടുത്ത് പോകുന്നതിൽ നിന്നും എന്നെ അമ്മ വിലക്കിയിരുന്നു,. വീട്ടിൽ പതിവായി നിലവിളക്ക് കൊളുത്താറുള്ള അമ്മു വയറുവേദനയുള്ള ദിവസങ്ങളിൽ മാറി നിന്നിരുന്നു! പ്ലസ്‌ ടുവിന് സയൻസ് എടുത്തപ്പോൾ മാസമുറയെക്കുറിച്ച് ഡീറ്റെയ്ൽ ആയി പഠിക്കാൻ കഴിഞ്ഞു, എന്നിട്ടും പെൺകുട്ടികൾ ഞങ്ങളത് അറിയുന്നത് നാണക്കേടാണെന്ന് ശഠിച്ചു,.

തുടർന്ന് മെഡിസിന് പഠിക്കാൻ തുടങ്ങിയപ്പോൾ ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ ഇല്ലാതെ ഇതെല്ലാം ഞങ്ങൾക്കിടയിൽ കോമൺ ടോക്ക് ആയി,. പലപ്പോഴും ആവശ്യഘട്ടങ്ങളിൽ അവർക്ക് സാനിറ്ററി നാപ്കിൻസ് വാങ്ങിക്കൊടുത്തത് ഞങ്ങളായിരുന്നു,. പിന്നെ ഇവർ മാത്രമെന്താണ് ഇതിൽ ഇത്ര നാണക്കേട് വിചാരിക്കുന്നത്?

“ഏട്ടനെപ്പോൾ എത്തി ?” അവളാകെ ക്ഷീണിച്ചിരിക്കുന്നു. “ഇന്നാ ദ് വാങ്ങിക്ക് ” “എന്താ ഏട്ടാ ഇത് ?” കവർ തുറന്നതും അവളുടെ മുഖമാകെ ചുവന്നു,. “നിനക്ക് ചൂടുവെള്ളം വല്ലതും വേണോ ?”

\"\"

അവളുടെ കാലുഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് അമ്മ കയറി വന്നത്, ആൾ ഭയങ്കര ദേഷ്യത്തിലാണ്, “നീയെന്താ അപ്പു ആരോടും പറയാതെ പോന്നത് ?” “ഇവളിവിടെ ഒറ്റക്കല്ലേ ഉള്ളൂ, അതാ !” “നീയാ മെഡിക്കൽ ഷോപ്പിൽ നിന്ന് എന്താ വാങ്ങിച്ചത് ?”

“വിസ്പർ, അതിനെന്താ ?” “നീയിത് എന്ത് ഭാവിച്ചാ, നാളെ ഇവൾക്ക് ആ വഴി സ്കൂളിൽ പോണ്ടതല്ലേ ?” “ഞാൻ വാങ്ങിച്ചത് ഒരു വിസ്പർ അല്ലേ, അല്ലാതെ !” “അതികപ്രസംഗം പറയുന്നോ ?” ഞാൻ ശാന്തത പാലിച്ചു !

“എന്റമ്മേ കാലം മാറി, ഇപ്പോഴത്തെ ആങ്കുട്ട്യോൾക്ക് എല്ലാത്തിനെക്കുറിച്ചും അറിയാം, പിന്നെ ആരെ കാണിക്കാനാ ഈ ടോം ആൻഡ് ജെറി കളി ?, എനിക്ക് വലുത് എന്റെ പെങ്ങളാ, അല്ലാതെ പഴയ കുറേ ആചാരാനുഷ്ഠാനങ്ങളോ അഭിമാനമോ ഒന്നും അല്ല,. ഇവളെ ഇവിടെ ഒറ്റയ്ക്കാക്കി പോന്നിട്ട് എന്തേലും സംഭവിച്ചിരുന്നെങ്കിലോ ?”

\"\"

“പിന്നേ, ഒരു വയറുവേദന വരുമ്പോഴേക്കും ലോകം ഇടിഞ്ഞു വീഴൂല്ലോ, ഇതിലും വലിയ വേദന സഹിച്ചു തന്നാ ഞാൻ രണ്ടെണ്ണത്തിനെ പ്രസവിച്ചത് !” “അതെല്ലാം സമ്മതിച്ചു , കാലം നല്ലതല്ല അമ്മേ, ആരേം വിശ്വസിക്കാനും പറ്റില്ല, നമുക്ക് വലുത് നമ്മുടെ അമ്മുവല്ലേ അമ്മേ ?” അമ്മു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു,. അമ്മയ്ക്ക് ഉത്തരം മുട്ടി,.

“ഇപ്പോഴത്തെ ആങ്കുട്ട്യോൾക്ക് പെൺകുട്ടികളുടെ അവസ്ഥ മനസിലാക്കാൻ കഴിയും, അതോണ്ട് മെഡിക്കൽ ഷോപ്പിൽ പോയി ഒരാൺകുട്ടി, തന്റെ പെങ്ങൾക്കോ കൂട്ടുകാരിക്കോ വേണ്ടി ഒരു വിസ്പർ വാങ്ങിക്കുന്നതൊന്നും തെറ്റായി എനിക്ക് തോന്നണില്ല, എനിക്ക് വലുത് ഇവളാ !” കുഞ്ഞേട്ടാ എന്നും വിളിച്ചവൾ എന്റെ നെഞ്ചിലേക്ക് ചേരുമ്പോൾ അമ്മയുടെ മിഴികളും നിറഞ്ഞിരുന്നു,.

സന്തോഷത്തിലായാലും ദുഃഖത്തിലായാലും പെങ്ങളെ മനസിലാക്കി അവർക്കൊപ്പം നിൽക്കുന്ന എല്ലാ ആങ്ങളമാർക്കും സമർപ്പിക്കുന്നു

രചന: അനുശ്രീ

Avatar

Staff Reporter