തിയറ്ററുകളിൽ സിനിമ ആസ്വദിക്കുന്നതിനു പകരം ‘സ്വകാര്യ ഇടപാടുകൾ’ നടത്താൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് ഇനി നിങ്ങൾ സൂക്ഷിക്കണം. നഗരത്തിലെ മിക്ക തിയറ്ററുകളും ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിൽ ആണെന്ന് അറിയാം.
എങ്കിലും എടപ്പാളിലെ തീയറ്റർ പീഡന വാർത്ത പുറം ലോകം അറിഞ്ഞപ്പോൾ മുതൽ പൊതുവെ സംശയ ദൃഷ്ടിയോടെ കാര്യങ്ങളെ വീക്ഷിക്കുന്ന മലയാളികൾ ആദ്യം ആലോചിച്ചത് സിനിമ തുടങ്ങുമ്പോൾ ലൈറ്റുകൾ അണയ്ക്കുന്നതിനാൽ ദൃശ്യങ്ങൾ എങ്ങിനെ ക്യാമറയിൽ പതിഞ്ഞു എന്നു തന്നെയാണ്.
ലൈറ്റ് അണയുമ്പോൾ ക്യാമറയിൽ ദൃശ്യങ്ങൾ പതിയില്ലെന്ന വിശ്വാസം ഇനി അരുത്. ഇരുട്ടിലെ ദൃശ്യങ്ങൾ വെളിച്ചത്താക്കുന്ന (നൈറ്റ് വിഷൻ) ക്യാമറകളാണ് എല്ലാ തിയറ്ററുകളിലും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ നിരയിലെയും ദൃശ്യങ്ങൾ ക്യാമറാ റൂമിലെ നിരീക്ഷകനു വ്യക്തമായി കാണാനാകും.
പുതുക്കിപ്പണിത തിയറ്ററുകളിലെല്ലാം ഇത്തരം ക്യാമറയുണ്ട്. അതും ആധുനിക സൗകര്യങ്ങളോടു കൂടിയവ തന്നെയാണ് ഇത്തരം ക്യാമറകൾ. അതായത് ഇതിലെ ദൃശ്യങ്ങൾ ഒരു മാസം വരെ സൂക്ഷിക്കും.
ശ്രീപത്മനാഭ തിയറ്ററിലാണ് ആദ്യം ഇത്തരം നൈറ്റ് വിഷൻ ക്യാമറ വയ്ക്കുന്നത്. ക്യാമറ വഴി ഇത്തരത്തിൽ നിരീക്ഷിക്കുന്നുവെന്ന ഭയം വന്നാൽ പ്രേക്ഷകർ തീയറ്ററിൽ എത്തുന്നത് കുറയുമെന്നാണ് ഉടമ ഗിരീഷ് ചന്ദ്രനോടു പലരും പറഞ്ഞത്.
എന്നാൽ വൻതുക മുടക്കി സ്ഥാപിച്ച കസേരകളും മറ്റും കേടാക്കുന്നവരെ കണ്ടെത്താൻ മറ്റു മാർഗമില്ലെന്നു പറഞ്ഞ ഉടമ ഗീരീഷ് ചന്ദ്രൻ തീരുമാനം മാറ്റിയില്ല. തിയറ്ററും പരിസരവും ക്യാമറാ നിരീക്ഷണത്തിലാണ് എന്ന ബോർഡും വച്ചു.
അതു ശ്രദ്ധിക്കാതെ ചിലർ കസേരകൾ കേടാക്കുന്നതും സീറ്റിനു മുകളിൽ കാലുവയ്ക്കുന്നതും തുടർന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നവരും കുറവായിരുന്നില്ല. ഇത്തരം ക്രിയാവിദ്വാന്മാരെ ജീവനക്കാർ കയ്യോടെ പിടികൂടിയതോട് കൂടി ചുറ്റുമിരുന്നവർക്കും ക്യാമറക്കുരുക്ക് തിരിച്ചറിയാൻ സാധിച്ചു.
ഇത് തിരിച്ചറിഞ്ഞവർ പിന്നെ തീയറ്ററിനുള്ളിലെ ലൈറ്റ് അണയുമ്പോൾ തുടങ്ങാൻ കാത്തിരുന്ന എല്ലാ കലാപരിപാടികളും അവസാനിപ്പിച്ചു. പത്മനാഭയിൽ ക്യാമറാക്കെണി വിജയിച്ചതോടെയാണു മറ്റുള്ള തീയറ്റർ ഉടമകളും ആ വഴി സ്വീകരിച്ചത്.
ഉഭയസമ്മതത്തോട് കൂടി ചില കമിതാക്കൾ തിയറ്ററിനെ ഹോട്ടൽ റൂം ആക്കാൻ ശ്രമിക്കുന്നതാണു മറ്റൊരു പ്രധാന പ്രശ്നം. നൂൺഷോ, തിരക്കുകുറവ് സമയം എന്നിവ പ്രത്യേക പരിഗണനയ്ക്ക് എടുത്താണ് ഇത്തരക്കാർ തിയറ്ററിൽ എത്തുന്നത്. ഇവരെ സ്ക്രീനിൽ ജീവനക്കാർക്കു കാണാം. ഉടൻ പിടിച്ചുപുറത്താക്കും.
ഇവരിൽ ചിലർ ക്യാമറ വച്ചു സ്വകാര്യത നഷ്ടപ്പെടുത്തിയെന്നു പറഞ്ഞു മനുഷ്യാവകാശം പ്രസംഗിക്കാറുണ്ട് എങ്കിലും തീയറ്റർ ജീവനക്കാർ പൊലീസിനെ വിളിച്ച് ഏൽപിക്കുമെന്നു മുന്നറിയിപ്പു നൽകുന്നതോടെ അടങ്ങും. സ്കൂൾ, കോളജ് വിദ്യാർഥികളെയും തിയറ്ററുകാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. യൂണിഫോമിലാണെങ്കിൽ അവർക്ക് ടിക്കറ്റു കൊടുക്കില്ല.
മദ്യപന്മാരും ലൈറ്റ് അണഞ്ഞു കഴിഞ്ഞാൽ തിയറ്ററുകൾ ബാറാക്കി മാറ്റാറുണ്ട്. ബിവറേജസിൽ നിന്നു കുപ്പി വാങ്ങി എസി ബാറിന്റെ സുഖത്തിൽ തിയറ്ററിലിരുന്നു സുഖമായ മദ്യസേവയും സിനിമ അവസാനിക്കാൻ കാത്തിരിക്കാതെ ഉള്ള ഇറങ്ങി പോകലും ആണ് ഇത്തരക്കാർക്ക് പ്രീയം.
സംഘത്തോടെ വരുന്ന ഇത്തരക്കാരെ പലതവണ തീയറ്റർ ജീവനക്കാർ ഇത്തരം ക്യാമറകളുടെ സഹായത്തോടെ പിടികൂടിയിട്ടുണ്ട്. ക്യാമറയുടെ സഹായത്തോടെ. രാത്രി സിനിമ കണ്ടശേഷം ഗുണ്ടാപ്പണിക്ക് ഇറങ്ങുന്നവരെയും തിയറ്ററിലെ ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് വലയിലാക്കുന്നുണ്ട്.