അവിവാഹിതരായ ദമ്പതികൾക്ക് ഇനി മുതൽ മുറി നൽകേണ്ടതില്ലെന്ന് ഓയോ. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെ മീററ്റിലാണ് പുതിയ നിർദ്ദേശം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. മീററ്റിലെ പങ്കാളികളായ ഹോട്ടൽ ഉടമകൾക്ക് കമ്പനി അത് സംബന്ധിച്ച് നിർദ്ദേശം നൽകി. മീററ്റ് ഉൾപ്പെടെയുള്ള ചില നഗരങ്ങളിൽ അവിവാഹിതരായ ദമ്പതികൾക്ക് മുറി നൽകുന്നതിനെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എന്നാണ് റിപ്പോർട്ട്.
ജനങ്ങൾക്കിടയിൽ നിന്നുള്ള അഭിപ്രായം സ്വീകരിച്ച ശേഷം കൂടുതൽ നഗരങ്ങളിലേക്ക് ഈ പുതിയ മാറ്റം അവതരിപ്പിക്കാനാണ് സാധ്യത. അതേസമയം, സാമൂഹികാവസ്ഥ അനുസരിച്ച് ദമ്പതിമാർക്ക് മുറി നൽകുന്നത് ഹോട്ടൽ അധികൃതർക്ക് അവകാശമുണ്ടായിരിക്കും. എന്നാൽ, ഓയോ അതിന്റെ ഉത്തരാവിദിത്വം ഏറ്റെടുക്കില്ല.
കമ്പനിയുടെ പുതിയ നയമമനുസരിച്ച് റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്താലും ചെക്ക്-ഇൻ സമയത്ത് റൂമെടുക്കുന്നവർ ഇവരുടെ ബന്ധം വ്യക്തമാക്കുന്ന സാധുവായ തെളിവ് ഹാജരാക്കണം. ഓയോ റൂമുകളെപ്പറ്റി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ മാറ്റുന്നതിനും കുടുംബങ്ങൾ, വിദ്യാർത്ഥികൾ, ബിസിനസ്സ് യാത്രക്കാർ, തീർത്ഥാടകർ, തുടങ്ങിയവർക്ക് സുരക്ഷിതവും വിശ്വസനീയവുമായ താമസ സൗകര്യം നൽകുകയുമാണ് കമ്പനിയുടെ ലക്ഷ്യം.