മലയാളം ഇ മാഗസിൻ.കോം

ഇയർ ബഡ്സുകൾ ഇല്ലാതെ തന്നെ ചെവികൾ എങ്ങനെ വൃത്തിയാക്കാം

ഇ. എന്‍. ടി. ഡോക്ടര്‍മാരോട് പലരും ചോദിക്കാറുള്ളതാണ് ഈ ചോദ്യം. മുത്തശ്ശിശാസ്ത്രത്തില്‍ തോര്‍ത്തുമുണ്ടിന്റെ അറ്റം പിരിച്ച് ചെവിയിലിട്ടു തിരിച്ചാണ് ചെവി വൃത്തിയാക്കിയിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ ആ സ്ഥാനത്തേക്ക് ഇയര്‍ബഡ്സുകള്‍ എത്തിയിരിക്കുന്നു.

വടക്കേ ഇന്ത്യയിലെ പല നഗരങ്ങളും കേന്ദ്രീകരിച്ച് ചെവി വൃത്തിയാക്കാന്‍ പ്രത്യേകം പരിശീലനം നേടിയവരുണ്ട്. അവര്‍ ചെരുപ്പുകുത്തികളെപ്പോലെ മനുഷ്യരുടെ ചെവികളും കാത്ത് പാതയോരങ്ങളിലിരിക്കുന്നതു കാണാം. ചെവിത്തോണ്ടികളുപയോഗിച്ചാണ് ഇവരുടെ പ്രയോഗം. ഇവരുടെ തൊഴില്‍പരിചയത്തില്‍ വിശ്വാസമുള്ളവര്‍ തങ്ങളുടെ ചെവികള്‍ ധൈര്യപൂര്‍വം വിട്ടുകൊടുക്കുന്നു.

സ്റീല്‍നിര്‍മ്മിതമായ ചെവിത്തോണ്ടികള്‍ ഒരുകാലത്ത് നമ്മുടെ മാര്‍ക്കറ്റുകളിലും സുലഭമായിരുന്നു. ആരോഗ്യബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജനങ്ങള്‍ അതിനെ തഴഞ്ഞതുകൊണ്ടാവണം അവ വിപണിയില്‍നിന്ന് അപ്രത്യക്ഷമായത്. മുടിയില്‍ കുത്തുന്ന ചെറിയ കമ്പി സ്ളൈഡുപയോഗിച്ചും ചെവിയിലെ വാക്സ് എടുക്കുന്നവരുണ്ട്. സേഫ്റ്റിപ്പിന്നും ഇതുപോലെ ഉപയോഗിക്കാറുണ്ട്. ഇത്തരം ഉപാധികളൊക്കെയുണ്ടെങ്കിലും ചെവികളുടെ ശുചിത്വം ഉറപ്പുവരുത്തുന്ന ഒരുഅവസാനവാക്ക് ഇന്നും എത്തിയിട്ടെല്ലെന്നുവേണം കരുതാന്‍. ഇയര്‍ബഡ്സുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഗുണനിലവാരം കുറഞ്ഞ ബഡ്സുകുടെ ഉപയോഗവും ഉപയോഗരീതിയും പലപ്പോഴും വിപരീതഫലങ്ങള്‍ ഉളവാക്കുന്നുണ്ട്.

ഇയര്‍ബഡ്സുകള്‍ ആവശ്യമോ?
ഏതു മെഡിക്കല്‍ സ്റോറില്‍ ചെന്നാലും ആദ്യം നമ്മുടെ കണ്ണില്‍പ്പെടുന്നത് മിഠായിഭരണികള്‍ക്കൊപ്പം സ്ഥാനംപിടിച്ചിരിക്കുന്ന ഇയര്‍ബഡ്സുകളാണ്. പോഷായ വീടുകളില്‍ച്ചെന്നാലും ഷോകെയ്സില്‍ ഇവ തലയുയര്‍ത്തിപ്പിടിച്ചിരിക്കുന്നതു കാണാം. ഇതൊക്കെ കാണുന്ന സാധാരണക്കാരന്‍ താന്‍ മാത്രം ഇതുപയോഗിക്കാതിരുന്നാല്‍ അത് മോശമല്ലേയെന്നാവും ചിന്തിക്കുക. അന്നുതന്നെ തന്റെ വീട്ടിലേക്കും വാങ്ങുകയായി ഒരു കുപ്പി ഇയര്‍ബഡ്സുകള്‍.
ഗുണനിലവാരമനുസരിച്ച് ഇയര്‍ബഡ്സുകളില്‍ സോഫ്റ്റായവയും കട്ടിയുള്ളവയുമുണ്ട്. കട്ടിയുള്ളവ ഗുണനിലവാരമില്ലാത്തവയാണ്. കാഴ്ചയില്‍ അതു മനസിലാവുകയുമില്ല. ചെവിക്കുള്ളിലേക്ക് അശ്രദ്ധമായി ബഡ്സ് കുത്തിക്കയറ്റുന്നതുവഴി ഇയര്‍ഡ്രമ്മില്‍ തട്ടി പരിക്കുപറ്റുന്നത് സാധാരണമാണ്. പ്രത്യേകിച്ചും കുട്ടികളുടെ ചെവിയില്‍. അതുപോലെ ബഡ്സില്‍ പൊടിയും ബാക്ടീരിയയും ഉണ്ടെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചുരുക്കത്തില്‍ ഇയര്‍ബഡ്സുകളുണ്ടെങ്കില്‍ ചെവിയുടെ കാര്യം ക്ളീനായി എന്നു പറയാനാവില്ല.

ചെവിക്കായം (ചെവിയിലെ വാക്സ്) സുരക്ഷാകവചം
നമ്മുടെ ചെവികള്‍ നിത്യവും വൃത്തിയാക്കേണ്ട ഒരു അവയവമല്ല. കാരണം ചെവിയിലെ വാക്സ് ചെവിക്കു സുരക്ഷിതത്വം നല്കുന്നതിനായി പ്രകൃതി ഒരുക്കുന്ന ഒരു ആവരണമാണ്. പൊടിയും ബാക്ടീരിയകളും മറ്റും തടഞ്ഞുനിര്‍ത്തുന്ന ശരീരത്തിലെ ഒരു പ്രധാന ഘടകമാണ് ചെവിക്കായം അഥവാ വാക്സ്. എന്നിരുന്നാലും ചെവിക്കായം കണക്കിലധികമായാല്‍ കേള്‍വിക്കുറവുണ്ടാവും. വാക്സില്‍ പൊടി പറ്റിപ്പിടിക്കുമ്പോഴാണ് ഇന്‍ഫക്ഷനുണ്ടാവുക. അതിനാല്‍ വല്ലപ്പോഴുമൊക്കെ ചെവികള്‍ വൃത്തിയാക്കേണ്ടത് ആവശ്യമാണ്. ചെവികള്‍ സുരക്ഷിതമായി ക്ളീന്‍ ചെയ്യാന്‍ ഈ ടിപ്സുകള്‍ നിങ്ങളെ സഹായിക്കും.

  1. നിങ്ങള്‍ ചെവിക്കായത്തിന്റെ ശല്യം അനുഭവിക്കുന്ന ഒരാളാണെങ്കില്‍ നിങ്ങളുടെ ഡോക്ടറോടോ ഇ.എന്‍.ടി. സ്പെഷലിസ്റിനോടോ വിവരം പറയുക.
  2. ഒരിക്കലും ഇയര്‍കനാലിലേക്ക് ഒന്നും കടത്തിവിടരുത്. പുറത്തുകാണുന്ന ചെവിയുടെ ഭാഗം മാത്രമേ വൃത്തിയാക്കാവൂ.
  3. വൃത്തിയുള്ള കോട്ടന്‍തുണിയുടെ അറ്റം ബേബി ഓയിലില്‍ മുക്കിയശേഷം ചെവിയില്‍ കയറ്റി തിരിക്കുക. ചെവിക്കായം ഒരുപാട് കട്ടിയായില്ലെങ്കില്‍ ഇങ്ങനെ ക്ളീന്‍ ചെയ്യാം.
  4. നിലവാരമുള്ള ബഡ്സുപയോഗിച്ച് ചെവി വൃത്തിയാക്കാം. സ്റിക്കുകളോ സ്ളൈഡോ പിന്നോ ചെവിയ്ക്കുള്ളിലേക്കു തിരുകിക്കയറ്റരുത്.
  5. മെഡിക്കല്‍ സ്റോറില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ദ്രാവകവും ഒരു സിറിഞ്ചുമുണ്ട്. സിറിഞ്ചില്‍ ലിക്വിഡ് നിറച്ച് ചെവിയിലൊഴിക്കുക. സിറിഞ്ചിന്റെ അഗ്രം മാത്രമേ ചെവിയില്‍ മുട്ടിക്കാവൂ. രണ്ടോ മൂന്നോ തുള്ളികള്‍ മാത്രം ഒഴിച്ചാല്‍ മതി. തുടര്‍ന്ന് തല ഇരുവശങ്ങളിലേക്കും ചരിക്കുക.
  6. തുള്ളിമരുന്നൊഴിച്ചശേഷം ഒരു കോട്ടന്‍തുണി ഉരുട്ടിയെടുത്ത് ചെവിയുടെ ദ്വാരത്തില്‍ തിരുകിവയ്ക്കുക. കുറേക്കഴിഞ്ഞ് കോട്ടന്‍ എടുത്തു മാറ്റാം. വാക്സ് അതില്‍ പറ്റിപ്പിടിച്ചുകൊള്ളും. ഇത് രാത്രി കിടക്കുമ്പോള്‍ ചെയ്യുന്നതാണ് അഭികാമ്യം. കോട്ടന്‍ രാവിലെ എടുത്തുമാറ്റുക. ഇതേ പ്രയോഗം മറ്റേ ചെവിയിലും നടത്തണം. തുടര്‍ച്ചയായി രണ്ടു രാത്രികളില്‍ ഇത് ആവര്‍ത്തിക്കുക.
  7. ആഴ്ചയില്‍ രണ്ടു ദിവസം നൈറ്റ്ക്യാപ് വച്ചുകൊണ്ട് ഉറങ്ങുക.
  8. കുട്ടികളുടെ ചെവിയില്‍ ബഡ്സുപയോഗിക്കുമ്പോള്‍ ഇയര്‍ഡ്രമ്മില്‍ തട്ടാതെ സൂക്ഷിക്കണം.

Avatar

Sajitha San