എന്നും ചെറുപ്പമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ കാലം മുന്നോട്ട് പോകുമ്പോൾ പ്രായം കൂടും. അത് ശരീരത്തിലും പ്രകടമാകും. എങ്കിലും നമ്മുടെ മനസ്സിനെ എപ്പോഴും ചെറുപ്പമായി നിലനിർത്താൻ നമുക്ക് സാധിക്കും. 30 വയസ്സ് കഴിയുമ്പോൾ സ്ത്രീകൾ അവരുടെ ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ഈ പ്രായത്തിൽ ഹോർമോൺ മാറ്റങ്ങൾ, എല്ലുകളുടെ ബലക്കുറവ്, ചർമ്മത്തിലെ ചുളിവുകൾ എന്നിവയെല്ലാം സാധാരണമാണ്.
ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. വിറ്റാമിൻ ബി12, വിറ്റാമിൻ സി, വിറ്റാമിൻ ഡി, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും. പോഷകഗുണമുള്ള പഴങ്ങൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഈ പ്രായത്തിൽ ഏറെ ഗുണം ചെയ്യും. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, 30 വയസ്സിനു മുകളിലുള്ള സ്ത്രീകൾ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ആറ് പഴങ്ങൾ താഴെ പറയുന്നവയാണ്:
1. ചെറികൾ (Cherries): ഊർജ്ജവും യുവത്വവും നൽകാൻ
സ്ത്രീകളിൽ ഊർജ്ജനില വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റുകൾ ചെറികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെ ആഗീകരണം മെച്ചപ്പെടുത്താനും ചെറികൾ സഹായിക്കും. കൂടാതെ, നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് നാല് തവണയെങ്കിലും ചെറികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് പഠനം ഊന്നിപ്പറയുന്നു. ഇവ സാലഡുകളിലും സ്മൂത്തികളിലും ചേർത്ത് കഴിക്കാവുന്നതാണ്.
2. തക്കാളി (Tomato): അർബുദത്തെ ചെറുക്കാൻ
മുപ്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു “പഴം” കൂടിയാണ് തക്കാളി. ഇതിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് ശ്വാസകോശ അർബുദം, ആമാശയ അർബുദം തുടങ്ങിയ നിരവധി അർബുദങ്ങളുടെയും മറ്റ് മാരകമായ പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സൂര്യനിൽ നിന്നുള്ള ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും തക്കാളിക്ക് കഴിയും. പാചകം ചെയ്യുമ്പോൾ തക്കാളിയിലെ ലൈക്കോപീൻ കൂടുതൽ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടും.
3. പപ്പായ (Papaya): ദഹനത്തിന് ഉത്തമം
മുപ്പത് കഴിഞ്ഞ സ്ത്രീകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് പപ്പായയുടെ സ്ഥാനം. വിറ്റാമിൻ എ, സി, ഫോളേറ്റ്, വിവിധ ഫൈറ്റോകെമിക്കലുകൾ, പപ്പെയ്ൻ എന്നീ പോഷകങ്ങളാൽ സമ്പന്നമായ പപ്പായ ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിക്കാൻ സഹായിക്കുന്നതിനാൽ ദഹനപ്രശ്നങ്ങളുള്ളവർക്ക് ഇത് വളരെ പ്രയോജനകരമാണ്. കൂടാതെ, ചർമ്മത്തിന് തിളക്കം നൽകാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും പപ്പായ നല്ലതാണ്.
4. പേരയ്ക്ക (Guava): രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ
പേരക്കയാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. വിറ്റാമിൻ സി യുടെ സമ്പന്നമായ ഉറവിടമാണ് പേരക്ക. ഒരു ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി പേരക്കയിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ഇത് സഹായിക്കും. ഉയർന്ന അളവിൽ പൊട്ടാസ്യവും ലയിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പേരക്കയിലെ നാരുകൾ ദഹനത്തിനും ഏറെ നല്ലതാണ്.
5. ആപ്പിൾ (Apple): ശരീരഭാരം കുറയ്ക്കാൻ
നാരുകൾ ധാരാളം അടങ്ങിയ ആപ്പിൾ കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഇവയിലെ നാരുകൾ ദഹിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ വിശപ്പ് നിയന്ത്രിക്കാൻ ഇത് ഗുണം ചെയ്യും. കൊഴുപ്പ്, പഞ്ചസാര എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും ഇത് സഹായിക്കും. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും ആപ്പിൾ ഫലം ചെയ്യും. “ഒരു ആപ്പിൾ ഒരു ദിവസം ഡോക്ടറെ അകറ്റി നിർത്തും” എന്ന പഴമൊഴി ഓർക്കുക. ആപ്പിളിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യത്തിനും തലച്ചോറിൻ്റെ പ്രവർത്തനത്തിനും ഉത്തമമാണ്.
6. അവക്കാഡോ (Avocado): ആരോഗ്യകരമായ കൊഴുപ്പുകൾക്ക്
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ (മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിൽ ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും ഹോർമോൺ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കാനും സഹായിക്കും. ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും വരണ്ട ചർമ്മം ഒഴിവാക്കാനും അവക്കാഡോയ്ക്ക് കഴിയും. കൂടാതെ, ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താനും തലച്ചോറിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. സാലഡുകളിലും സ്മൂത്തികളിലും അവക്കാഡോ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഈ പഴങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് 30 വയസ്സിന് ശേഷം നിങ്ങളുടെ ശരീരത്തിനും മനസ്സിനും യുവത്വം നിലനിർത്താൻ തീർച്ചയായും സഹായിക്കും. നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ സംസാരിക്കുന്നത് എപ്പോഴും നല്ലതാണ്.

