ഒരു കാലത്ത് മലയാളികൾ കാത്തിരുന്ന സൂപ്പർഹിറ്റ് പാരഡി കാസറ്റായിരുന്നു ദേ മാവേലി കൊമ്പത്ത്. ദിലീപ്, നാദിർഷ, സലിം കുമാർ തുടങ്ങി ഒരുപിടി മികച്ച സിനിമാക്കാരെ സംഭാവന ചെയ്ത ആ പാരഡി കാസറ്റിൽ നിന്നും ഇന്ന് സൂപ്പർ താരങ്ങളും സൂപ്പർ സംവിധായകരുമായി തിളങ്ങാൻ ഇവർക്കൊക്കെ സാധിച്ചു. പാട്ടുകാരനായും നടനായും തിളങ്ങിയ ശേഷമാണ് നാദിര്‍ഷ സംവിധായകന്റെ കുപ്പായമണിഞ്ഞത്. ചെയ്ത രണ്ടു ചിത്രങ്ങളും വമ്പന്‍ വിജയം നേടി നില്‍ക്കവെയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നതും ഉറ്റസുഹൃത്തായ ദിലീപ് അറസ്റ്റിലാവുന്നതും. ഒപ്പം നാദിര്‍ഷ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്നും തെളിവ് നശിപ്പിക്കാന്‍ എന്ന ആരോപണം ഉയര്‍ന്നിരുന്നു.
പോലീസ് ദിലീപിനൊപ്പം 13 മണിക്കൂര്‍ നാദിര്‍ഷയെയും ചോദ്യം ചെയ്തിരുന്നു. പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തും , അറസ്റ്റു ചെയ്യും എന്ന് ഭയന്ന് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു. ഏതായാലും ഈകേസ് മൂലം നാദിര്‍ഷയുടെ കരിയറും ഭീഷണിയിലായി. ദിലീപിന് ജാമ്യം കിട്ടി പുറത്തുവന്നതോടെ നാദിര്‍ഷയും സിനിമയുടെ തിരക്കുകളിലേക്ക് കടക്കുകയാണ്. മലയാളത്തിലല്ല, തമിഴിലാണെന്നുമാത്രം.
അമര്‍ അക്ബര്‍ അന്തോണിയെന്ന ആദ്യ ചിത്രം ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയം പിടിച്ചെടുത്തതിന് പിന്നാലെ ഒരുക്കിയ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനുമായാണ് നാദിര്‍ഷ തമിഴില്‍ അരങ്ങേറുക. ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖം നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം സത്യരാജോ വിവേകോ കൈകാര്യം ചെയ്യുമ്പോള്‍ സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. പൊള്ളാച്ചിയില്‍ ആയിരിക്കും ചിത്രത്തിന്റെ ലൊക്കേഷന്‍. അടുത്ത വർഷം ജനുവരി പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇത് കൂടാതെ സംഗീതസംവിധാന രംഗത്തും മലയാളത്തിൽ നാദിർഷയ്ക്ക് തിരക്കേറുകയാണ്. ജയറാം – സലിം കുമാർ ചിത്രം ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിനുവേണ്ടിയും, രമേഷ് പിഷാരടി – കുഞ്ചാക്കോ ബോബൻ ചിത്രത്തിനു വേണ്ടിയും സംഗീതം സംവിധാനം ഒരുക്കുന്നത് നാദിർഷയാണ്. കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രവും, ആദിൽ നായകനാവുന്ന ഹലോ ദുബായിക്കാരൻ എന്ന ചിത്രവും നാദിർഷയുടെ സംഗീത സംവിധാനത്തിൽ തന്നെയാവും പുറത്തുവരിക.