നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ താരമാണ് മലയാളത്തിന്റെ സ്വന്തം ഭാവന. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ ഭാവന തെന്നിന്ത്യൻ സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. വ്യക്തി ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ സംഭവിച്ച താരം കൂടിയാണ് ഭാവന. ഇതിനിടെ താരത്തിന്റെ വിയാഹ നിശ്ചയം വളരെ ലളിതമായ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്നിരുന്നു.
ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകുമെന്ന് മുൻപ് പറഞ്ഞിരുന്നുവെങ്കിലും ഭാവനയുടെ വിവാഹം ഉടൻ ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ. കരാറൊപ്പിട്ട ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും കന്നട നടനും നിര്‍മ്മാതാവും ഭാവനയുടെ പ്രതിശ്രുത വരനുമായ നവീന്‍ പറഞ്ഞതായി ചില കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് അറിയുന്നത്. അതിൽ പ്രധാനം ചിത്രമാല എന്ന കന്നടയിലെ പ്രമുഖ മാധ്യമമാണ്. അവർ അൽപം കൂടി കടന്ന റിപ്പോർട്ടാണ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹം എല്ലാവരേയും അറിയിച്ചു നടത്തും എന്നും തിയതി തീരുമാനിച്ചിട്ടില്ല എന്നും ഭാവന അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഓക്ടോബറില്‍ കല്ല്യാണം ഉണ്ടാകും എന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും വിവാഹം ഇപ്പോള്‍ വേണ്ടെന്ന് നവീൻ പറഞ്ഞതായാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം ഈ വിഷയം സംബന്ധിച്ച് ഭാവനയുടെയോ ബന്ധുക്കളുടേയോ പ്രതികരണം ഇതുവരെ വന്നിട്ടില്ല. എന്നാൽ പ്രചരിക്കുന്ന ഈ വാർത്തകളിൽ സത്യമില്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ തള്ളിക്കളയുന്നതായും ഭാവനയോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.