ന്യൂയോർക്ക്: കൊതുക് ജന്യ വൈറസ് ബാധയായ സീക്കയുടെ വ്യാപനം ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് കണ്ടെത്തൽ. എയ്ഡ്സിന്റെ പകർച്ച പോലെ സിക്കയും ലൈംഗിക ബന്ധത്തിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമെന്ന് ടെക്സാസിലെ ആരോഗ്യവിദഗ്ധരാണ് കണ്ടെത്തിയത്. ഈഡിസ് കൊതുകിലൂടെ മാത്രമാണ് സിക്ക വൈറസ് പകരുന്നത് എന്ന നിഗമനത്തിലായിരുന്നു ഇതുവരെ ശാസ്ത്രലോകം. എന്നാൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നും സന്ദർശിച്ചിട്ടില്ലാത്തയാൾക്ക് അസുഖം സ്ഥിരീകരിച്ചതോടെയാണ് വിദഗ്ധർ ഈ നിഗമനത്തിലെത്തിയത്. നിലവിൽ സിക്ക വൈറസ് 23 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ആദ്യം അമേരിക്കയിലെ ചില പ്രദേശത്തുമാത്രമാണ് വൈറസ് കണ്ടെത്തിയത്.
ആഫ്രിക്കയിലെ വെസ്റ്റ് നൈലിലുള്ള കുരങ്ങ് വർഗങ്ങളിൽ 70 വർഷം മുൻപാണ് ഈ വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. പിന്നീടിത് മനുഷ്യരിലേക്ക് പടരുകയായിരുന്നു. അടുത്ത കുറച്ച് വർഷത്തിനിടെയാണ് വൈറസ് മനുഷ്യരിലും കണ്ടെത്തിയത്. കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള മാറ്റമാകാം വൈറസ് മനുഷ്യരിലേക്കും ബാധിക്കാൻ കാരണമായതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സിക്ക പരത്തുന്ന കൊതുകിന്റെ കടിയേറ്റാൽ മുന്ന് മുതൽ 12 ദിവസത്തിനകം സന്ധിവേദന, ചെറിയ പനി, തലവേദന, തടിപ്പ് എന്നിങ്ങനെ അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ അസുഖങ്ങൾ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകൾ തന്നെയാണ് സിക്കയും പരത്തുന്നത്. ഇക്കാരണത്താൽ ഇന്ത്യയിലും ഇതിന്റെ സാധ്യത തള്ളിക്കളയാനാകില്ല.
പ്രതിരോധ മരുന്ന് വികസിപ്പിച്ചത് ഇന്ത്യ
ഹൈദരാബാദ്: സിക്ക വൈറസിനെതിരായ പ്രതിരോധ മരുന്ന് ലോകത്ത് ആദ്യമായി വികസിപ്പിച്ചിരിക്കുന്ന ഇന്ത്യയിലാണെന്ന് അവകാശവാദം. ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ലാബിൽ പ്രതിരോധ മരുന്ന വികസിപ്പിച്ചതായാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. രണ്ട് തരം പ്രതിരോധ മരുന്ന് വികസിപ്പിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
സിക്ക വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ ലോകരാജ്യങ്ങളും മരുന്ന് കമ്പനികളും ഊർജ്ജിത ശ്രമവും ഗവേഷണങ്ങളും നടത്തുന്നതിനിടയിലാണ് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ അറിയിപ്പ്. ഇതിന്റെ പേറ്റന്റ് ഹൈദരാബാദ് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. കൂടുതൽ പരീക്ഷണങ്ങൾക്കായി കേന്ദ്രസർക്കാരിന്റേയും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റേയും സഹായം തേടിയിട്ടുണ്ടെന്ന് ഭാരത് ബയോടെക് ലിമിറ്റഡ് ചെയർമാനും എം ഡിയുമായ ഡോ.കൃഷ്ണ എല്ല വ്യക്തമാക്കി.