കൊവിഡിന് ശേഷം രോഗികളാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. നോർത്ത് വെസ്റ്റേൺ മെഡിസിനിലെ ഡോ. ഇഗോർ കൊറാൽനിക്കിന്റെ നേതൃത്വത്തിൽ അന്നൽസ് ഓഫ് ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് ബാധിച്ച് ഭേദമായ ചെറുപ്പക്കാരിൽ കഠിനവും വളരെക്കാലം നീണ്ടുനിൽക്കുന്നതുമായ രോഗലക്ഷണങ്ങൾ കാണപ്പെടുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മുതിർന്നവരേക്കാൾ കൂടൂതലായി ന്യൂറോളജിക്കൽ ലക്ഷണങ്ങൾ അനുഭവിക്കുന്നത് ചെറുപ്പക്കാരാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കൊവിഡിന്റെ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ കൂടുതലും പ്രകടമാകുന്നത് 65 വയസിൽ താഴെയുളളവരിലാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ക്ഷീണം, ശ്വാസ തടസം , പനി, തലവേദന, ഉറക്കക്കുറവ്, കുറഞ്ഞ ഐക്യു, ഓർമ്മശക്തിയിലെ കുറവ്, എന്നിവയൊക്കെ ചെറുപ്പക്കാരിൽ മുൻകാലങ്ങളെക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരിയുടെ ബാക്കിപത്രമാണ് ഈ രോഗലക്ഷണങ്ങളെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
കൊവിഡ് മുക്തരായ ശേഷവും പത്ത് മാസത്തേക്കെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ രോഗികളിലാണ് പഠനം നടത്തിയത്. 65 വയസിന് താഴെ പ്രായമുളളവരിലാണ് ഈ ബുദ്ധിമുട്ടുകൾ അധികമുള്ളതും. 1,300 രോഗികളിലാണ് സംഘം പഠനം നടത്തിയത്.
ഇത്തരത്തിൽ നീണ്ടുനിൽക്കുന്ന കൊവിഡിന്റെ ആഘാതം ചെറുപ്പക്കാരിൽ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതുകൊണ്ടുതന്നെ തൊഴിലിനെയും ഉത്പാദനക്ഷമതയേയും ഒക്കെ കാര്യമായി ബാധിക്കുന്നുവെന്നാണ് പഠനം നടത്തിയ ഡോ. ഇഗോർ കൊറാൽനിക് പറയുന്നത്. തലവേദന, മരവിപ്പ്, മണം, രുചി എന്നിവയിലെ പ്രശ്നങ്ങൾ, കാഴ്ച മങ്ങൽ, വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ക്ഷീണം എന്നിവയൊക്കെയാണ് ന്യൂറോളജിക്കൽ ലക്ഷണങ്ങളിൽ പ്രധാനം. കൊവിഡ് വന്നുപോയെങ്കിലും ഇപ്പോഴും ആവർത്തിച്ചുളള അണുബാധ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കൊവിഡ് വന്നതിന് ശേഷമുള്ള രോഗ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ചികിത്സയും പുനരധിവാസ പിന്തുണകളും നൽകേണ്ടതിനെക്കുറിച്ചും ഡോ. കോറനിക് പറയുന്നുണ്ട്.