മലയാളം ഇ മാഗസിൻ.കോം

മട്ടുപ്പാവിലെ കുരുമുളക്‌ വളർത്തൽ വൻ വിജയം, ഒപ്പം പച്ചക്കറികളും, ഇത്‌ കൊട്ടാരക്കരയിലെ അത്ഭുതം, Video

കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ എന്നത്‌ കർഷകരെ സംബന്ധിച്ച്‌ പുത്തരിയൊന്നുമല്ല. എന്നാൽ കൊട്ടാരക്കര തൃക്കണ്ണമംഗൽ കോടതി ജംഗ്ഷന്‌ സമീപം പ്ലാവിള ബഥേൽ വീട്ടിലെത്തിയാൽ ഏതൊരാളും ഒന്ന് ഞെട്ടും, കാരണം മറ്റൊന്നുമില്ല ഈ വീടിന്റെ മട്ടുപ്പാവിൽ ഒരു പുരയിടം തന്നെ ഒരുക്കിയിരിക്കുകയാണ്‌ പിഡി യോഹന്നാൻ എന്ന സുവിശേഷകൻ. അതും നല്ല അസ്സല് കുരുമുളക്‌ കൊടികൾ. ഒന്നും രണ്ടുമല്ല 48 മൂട്‌ കുരുമുളക്‌ കൊടികളാണ്‌ ഈ വീടിന്റെ മട്ടുപ്പാവിൽ വിളവെടുപ്പിന്‌ പാകമായി നിൽക്കുന്നത്‌. ഡൽഹിയിൽ പ്രവർത്തിക്കുകയായിരുന്ന യൊഹന്നാൻ നാട്ടിലെത്തിയപ്പോൾ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം തിരികെ പോകാൻ സാധിച്ചില്ല. അങ്ങനെ നാട്ടിൽ താമസിക്കുമ്പോഴാണ്‌ സമയം പോകാനായി പാരമ്പര്യമായി കിട്ടിയ അറിവുകളിലൂടെ കൃഷിയിൽ പുതുമ പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചത്‌.

അങ്ങനെ 1500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെറസിൽ നല്ല സൂര്യപ്രകാശം കിട്ടുമെന്ന തിരിച്ചറിവിൽ ശാശ്വതമായ വിളവും വരുമാനവും ലക്ഷ്യമിട്ട്‌ കുരുമുളക്‌ കൃഷിചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. ഗ്രോബാഗിലും മറ്റും കുറ്റിക്കുരുമുളക്‌ കൃഷി ചെയ്താൽ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്ന യോഹന്നാൻ തിരഞ്ഞെടുത്തത്‌ വലിയ പ്ലാസ്റ്റിക്‌ വീപ്പകൾ ആയിരുന്നു. വീപ്പ രണ്ടായി മുറിച്ച്‌ ഓരോന്നിലും മിശ്രിതങ്ങൾ നിശ്ചിത അനുപാതത്തിൽ നിറച്ച്‌ മധ്യഭാഗത്തു കൂടി സ്റ്റീൽ നെറ്റ്‌ സിലിണ്ടർ രൂപത്തിലാക്കി അതിനുള്ളിലും വളവും മണ്ണും നിറച്ച്‌ കുരുമുളകിന്‌ വേരുപിടിക്കാനായി പച്ച നെറ്റുകൊണ്ട്‌ ഇതിനെ പൊതിഞ്ഞ്‌ ഇറക്കി വച്ചു. ഇതിന്റെ നടുക്ക്‌ ജലസേചനത്തിനായി പിവിസി പൈപ്പുകളും സ്ഥാപിച്ചു. സദാനന്ദപുരം കാർഷിക കേന്ദ്രത്തിൽ നിന്നും മികച്ച ഇനങ്ങളായ പന്നിയൂർ, കരിമുണ്ട എന്നീ കുരുമുളക്‌ ഇനങ്ങൾ വാങ്ങി നട്ടു. 3 വർഷം കഴിയുമ്പോൾ വിളവെടുക്കാൻ ലക്ഷ്യമിട്ട്‌ വളർത്തിയ കുരുമുളക്‌ കൊടികൾ പക്ഷെ ഒരു വർഷം കഴിയുമ്പോൾ തന്നെ മികച്ച വിളവ്‌ തന്നു തുടങ്ങിയതിന്റെ സന്തോഷത്തിലാണ്‌ യോഹന്നാൻ ഇപ്പോൾ. Watch Video

കൃത്യമായ പരിചരണം നൽകിയതോടെയാണ്‌ കുരുമുളകു വള്ളികൾ ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങിയത്‌. സദാനന്ദപുരം കൃഷി വിഞ്ജാന കേന്ദ്രത്തിന്റെ പ്രോത്സാഹനവും സഹായവും വേണ്ടുവോളം കിട്ടുന്ന യോഹന്നാനെ തേടി തൃശൂർ മണ്ണൂത്തി കാർഷിക സർവ്വകലാശാലയിലെയും കണ്ണൂർ പന്നിയൂർ ഗവേഷക കേന്ദ്രത്തിലെയും ഗവേഷക വിദ്യാർത്ഥികളും സസ്യരോഗ വിദഗ്ദരും എത്തുകയും ദിവസങ്ങളോളം ഗവേഷണങ്ങളും പഠനവും നടത്തുകയും ചെയ്തു. ഇത്രയധികം ഭാരം ടെറസിൽ വരുമ്പോൾ വീടിന്‌ കേടുപാടുകളോ ബലക്ഷയമോ വരുമോ എന്ന ആശങ്ക പലരും പങ്കു വയ്ക്കുന്നുണ്ട്‌. എന്നാൽ അതിനും കൃത്യമായ മറുപടിയുണ്ട്‌ യോഹന്നാന്‌.

വർഷം മുഴുവൻ വിളവു ലഭിക്കുന്ന കുരുമുളക്‌ വള്ളികളാണ്‌ യോഹന്നാന്റെ മട്ടുപ്പാവിലുള്ളത്‌. 30 വർഷം വരെ വിളവെടുപ്പ്‌ നടത്താവുന്ന കുരുമുളക്‌ കൊടികളുടെ ചുവട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പച്ചക്കറി കൃഷിയും വിജയകരമായിരുന്നുവെന്ന് യോഹന്നാൻ പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ വിളവാണ്‌ പച്ചക്കറിയിൽ നിന്ന് ലഭിച്ചത്‌.

കുരുമുളക്‌ കൃഷിയിലെ ഈ വേറിട്ട മികവിന്‌ കേരള സ്റ്റേറ്റ്‌ കൗൺസിൽ ഫോർ സയൻസ്‌ & ടെക്നോളജിയുടെ അംഗീകാരവും യോഹന്നാനെ തേടിയെത്തി. ഇതുകൂടാതെ ഇപ്പോൾ സംസ്ഥാന തല അംഗീകാരത്തിനുള്ള ശുപാർശയും ലഭിച്ചിരിക്കുകയാണ്‌ ഇദ്ദേഹത്തിന്‌. കൃഷി സംബന്ധമായി എല്ലാവിധ സഹായവും നൽകുന്നത്‌ കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥരായ റോഷൻ ജോർജ്ജും അനിൽകുമാറും കാർഷിക വികസന സമിതി അംഗം സജി ചേരൂരും കാർഷിക ഗവേഷകകേന്ദ്രം അസി. പ്രൊഫസർ വി സരോജ്കുമാറും ഉൾപ്പടെയുള്ളവരാണ്‌.

പത്തടി വരെ പൊക്കത്തിലാണ്‌ ഇവിടെ കുരുമുളക്‌ കൊടികൾ വളർന്നു നിൽക്കുന്നത്‌. പിന്നെയും പടർന്നു പിടിക്കാനായി പന്തലും സ്ഥാപിച്ചിട്ടുണ്ട്‌. ജോലിക്കാരുടെയോ മറ്റോ സഹായമില്ലാതെ സ്വന്തമായി തന്നെ വിളവെടുക്കാൻ സാധിക്കും. അതിനായി ഒരു ഏണി തയാറാക്കിയിട്ടുണ്ട്‌. പുരയിടത്തിലേത്‌ പോലെ താഴെ വീഴുന്ന മുളക്‌ മണ്ണിൽ പോകില്ലെന്ന മറ്റൊരു പ്രത്യേകതയും ടെറസിലെ കുരുമുളക്‌ കൃഷിക്കുണ്ടെന്ന് യോഹന്നാൻ പറയുന്നു. Watch Video

68 കാരനായ യോഹന്നാന്‌ കൃഷിയിൽ എല്ലാ സഹായവും നൽകി അസി. നഴ്സിംഗ്‌ സൂപ്രണ്ടായി വിരമിച്ച ഭാര്യ ഏലിയാമ്മയും ഒപ്പമുണ്ട്‌. കൂടാതെ വിദേശത്തുള്ള മക്കളായ സ്നേഹയും ഫിബിയും മരുമക്കളായ ലിനോയും ബിബിനും വലിയ പ്രോത്സാഹനവും നൽകുന്നുണ്ട്‌. സ്വന്തമായി വികസിപ്പിച്ചെടുത്ത കൃഷിരീതിക്ക്‌ അംഗീകാരം കിട്ടുക കൂടി ചെയ്തതോടെ വലിയ പ്രതീക്ഷയാണ്‌ ഇപ്പോൾ യോഹന്നാന്‌. അതുകൊണ്ട്‌ തന്നെ ഏലവും ഇഞ്ചിയും ഉൾപ്പടെയുള്ള മറ്റ്‌ വിളകളും ഇപ്പോൾ യോഹന്നാന്റെ പറമ്പിൽ വളരുന്നുണ്ട്‌. Watch Video

Sandeep Sasikumar

Sandeep Sasikumar

സന്ദീപ്‌ ശശികുമാർ | Editor