കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്സ് ഇ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാംപിളുകൾ പരിശോധിച്ചപ്പോള്‍ ഒരാളിലാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് എക്സ്ഇ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. ബിഎ 2 വകഭേദത്തേക്കാൾ പത്ത് ശതമാനം വ്യാപന ശേഷിയുള്ളതാണ് എക്സ് ഇ.
ഒമിക്രോണ്‍ ബിഎ1, ബിഎ2 വകഭേദങ്ങള്‍ ചേര്‍ന്നുള്ള ഹൈബ്രിഡ് വകഭേദമായ എക്സ്ഇക്ക് ബിഎ2നേക്കാൾ പത്ത് മടങ്ങ് വ്യാപനശേഷി കൂടുതൽ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ജനുവരി 19ന് യുകെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഈ ഉപവകഭേദം മൂലമുള്ള അറുനൂറിലധികം കേസുകളാണ് സീക്വന്‍സ് ചെയ്യപ്പെട്ടത്. എക്സിഇക്ക് പുറമേ എക്സ്ഡി, എക്സ്എഫ് എന്നിങ്ങനെ രണ്ട് ഹൈബ്രിഡ് വകഭേദങ്ങള്‍ കൂടി യുകെയിലെ ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടന എക്സ്ഇ യെ കുറിച്ച് മാത്രമേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളൂ.

ഈ ഉപവകഭേദമാകുമോ ഇന്ത്യയിലെ അടുത്ത കോവിഡ് തരംഗത്തിന് പിന്നിലെന്ന ആശങ്കകള്‍ ബലപ്പെടുകയാണ്. ഇന്ത്യയില്‍ നാലാമതൊരു കോവിഡ് തരംഗം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഉണ്ടായി ഓഗസ്റ്റില്‍ മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ് ഐഐടി കാണ്‍പൂരിലെ വിദഗ്ധർ സ്റ്റാറ്റിസ്റ്റിക്കല്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവചിച്ചത്. എന്നാല്‍ ഇന്ത്യയിലെ പുതിയ തരംഗം എക്സ്ഇ മൂലമാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴത്തെ സ്ഥിതി വച്ച് പ്രവചനങ്ങള്‍ അസാധ്യമാണെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനറ്റിക്സ് ആന്‍ഡ് സൊസൈറ്റി മേധാവി രാകേഷ് മിശ്ര പറയുന്നു.
പുതിയ ഉപവകഭേദം മൂലമുള്ള കേസുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ലെന്നും രാകേഷ് മിശ്ര ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തെ പോലെ ശക്തമായൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത വിരളമാണെന്ന് മുന്‍ ഐസിഎംആര്‍ മേധാവി ഡോ. ടി. ജേക്കബ് ജോണും അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ വ്യാപകമായ വാക്സിനേഷനും മുന്‍ അണുബാധകളില്‍ നിന്നും കൈവരിച്ച പ്രതിരോധ ശേഷിയും ഭാവിയിലെ തരംഗങ്ങളുടെ ശക്തി കുറയ്ക്കുമെന്ന് ഡോ. ജേക്കബ് ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
YOU MAY ALSO LIKE THIS VIDEO