ഭാരതീയ സ്ത്രീ സങ്കല്പങ്ങള് അപ്പാടെ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്ന ഈ ന്യൂജനറേഷൻ കാലഘട്ടത്തിൽ വീണ്ടും ഇതാ ഒരു വനിതാ ദിനം കൂടി കടന്ന് വന്നിരിക്കുന്നു. പെണ്ണായി പിറന്നവള് സമൂഹത്തില്‍ എന്ത് നേടി, എവിടെ എത്തി, എന്നി ആശങ്കകളും ഒപ്പം മനസ്സിൽ എത്തുന്നു. ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാലോ? ഇതുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ വനിതാദിനം എന്ന ആശയം ആവിർഭവിച്ചെങ്കിലും അറുപതുകളിൽ വ്യാപകമായ ഫെമിനിസ ചിന്താഗതിയോടെയാണ് ഇത് കൂടുതൽ ശക്തിയാർജിച്ചത്.
ഇന്ത്യയിലുള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളില്‍ ലോകം നടുങ്ങി നില്‍ക്കുമ്പോഴാണ് ഈ വനിതാ ദിനം കടന്നുവരുന്നത്. വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹിക – സാമ്പത്തിക നിലയിലും സ്ത്രീകള്‍ മുന്നോട്ട് തന്നെയാണ്. അതേസമയം സ്വന്തം വീട്ടില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും. ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായാണ് കേരളത്തില്‍ നിന്നും, ഇന്ത്യയില്‍ ഒട്ടാകെ നിന്നും പുറത്ത് വരുന്ന വാര്‍ത്തകളിലൂടെ വ്യക്തമാകുന്നത്. ലൈംഗിക വൈകൃതങ്ങള്‍ക്ക് സ്ത്രീകള്‍ മുതല്‍ പിഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ പോലും ഇരകളായി മാറുന്നു.
സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ 1909 ഫെബ്രുവരി 28ന് യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് ആദ്യ വനിതാ ദിനം ആചരിച്ചത്. വ്യവസായ മേഖലയുടെ വളര്‍ച്ചയോടെയാണ് അന്താരാഷ്ട്ര വനിത ദിനം എന്ന ആശയം രൂപപ്പെടുന്നത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ സ്ത്രീകളുടെ പ്രാധിനിധ്യം അംഗീകരിച്ചുകിട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ദിനം ആരംഭിച്ചത്. ജോലിക്കിടയില്‍ അനുഭവിക്കേണ്ടിവരുന്ന പലരീതിയിലെ സമ്മര്‍ദങ്ങളാണ് സ്ത്രീകളെ സംഘടിതമയി പ്രതിഷേധിക്കാന്‍ വഴിയൊരുക്കിയത്. ഇതിന്റെ ഭാഗമായി 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ വമ്പിച്ച പ്രകടനം നടക്കുകയുണ്ടായി. എന്നാല്‍ പൊലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ ഈ പ്രതിഷേധത്തെ ശക്തമായി അടിച്ചൊതുക്കി. എങ്കിലും ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ന്യൂയോര്‍ക്ക് സിറ്റി തുടർന്നുള്ള ഓരോ വർഷവും സാക്ഷ്യം വഹിച്ചു. 1910ല്‍ കോപെന്ഹേജനില് വച്ച് നടന്ന അന്താരാഷ്ട്ര സ്ത്രീ സമ്മേളനത്തിലാണ് വനിത ദിനം എന്ന ആശയത്തിന് രുപ്പം നൽകിയത്. കൃത്യമായ ഒരു തിയ്യതി നിശ്ചയിക്കാതിരുന്നതിനാൽ പലയിടങ്ങളിലും മാര്‍ച്ച് 19നും മാര്‍ച്ച് 25നും വനിതാ ദിനം ആചരിച്ചു.
ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ 1913 മാര്‍ച്ച് എട്ടാം തീയതി യൂറോപ്പിലൊട്ടാകെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു സമാധാന റാലി സംഘടിപ്പിക്കപ്പെട്ടു, തുടര്‍ന്നാണ് മാര്‍ച്ച് എട്ടിന് വനിത ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ചരിത്രം ആവേശമുണർത്തുന്നത് തന്നെയാണെങ്കിലും ഇന്നത്തെ സമൂഹത്തിൽ സ്ത്രീ എന്തു നേടി എന്നത് വലിയൊരു ചോദ്യചിഹ്നമായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. സാമൂഹികമായും തൊഴില്‍പരമായും സ്ത്രീ പുരുഷനൊപ്പം എത്തിനില്‍ക്കുന്നു എന്നു ആവർത്തിച്ച് അവകാശപ്പേടുമ്പോഴും സ്വന്തം കുടുംബത്തിൽ പോലും അവൾ സുരക്ഷിതയല്ലെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം മനസ്സിൽ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. എല്ലാ രംഗങ്ങളിലും മാറ്റം ഉണ്ടാകുന്ന പോലെ സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രത്യാശയോടെ നമുക്കെന്നുമാദരിക്കാം, അമ്മയെ, ഭാര്യയെ, സഹോദരിയെ, മകളെ…
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണ് സർക്കാരുകൾ. നിയമവും ശിക്ഷയുമല്ല, സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറാകുന്ന മനുഷ്യസമൂഹമാണ് യാഥാര്‍ത്ഥ്യമാകേണ്ടത്. സ്ത്രീസുരക്ഷയ്ക്ക് ലോകത്തിന് മാതൃകയാക്കാവുന്ന ചില രാജ്യങ്ങളുണ്ട്. ഓസ്ട്രേലിയ, കാനഡ, അയര്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളാണ് അവയെന്ന് യുഎന്‍ഡിപി ജെന്റര്‍-റിലേറ്റഡ് ഡവലല്‍മെന്റ് ഇന്റക്സ് വ്യക്തമാക്കുന്നു. നമ്മുടെ രാജ്യം എന്നാണ് സ്ത്രീ സുരക്ഷയില്‍ മാതൃക കാട്ടുക?
എല്ലാ വനിതാ സുഹൃത്തുക്കൾക്കും മലയാളം ഇ-മാഗസിൻ.കോം കുടുംബത്തിന്റെ ആശംസകൾ