സാധാരണ ആർത്തവത്തിന്റെ സമയം അടുത്തെത്തുമ്പോഴാണ് സ്ത്രീകളിൽ സ്വഭാവത്തിൽ മാറ്റം കാണപ്പെടുന്നത്. ചിലരിൽ ഇത് അനിയന്ത്രിതമായി മാറാം. ഈ സ്വഭാവമാറ്റങ്ങൾ ഒറ്റദിവസത്തേയ്ക്കായിരിക്കും എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന വസ്തുത.
വ്യത്യസ്ത ജീവിതാവസ്ഥകളിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോകുന്നത്. സ്ത്രീയ്ക്ക് മാത്രമല്ല, പുരുഷനും പല ജീവിതാവസ്ഥകൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. എന്നാൽ സങ്കീർണ്ണവും സമ്മർദ്ദവും നിറഞ്ഞ ശാരീരിക അവസ്ഥകളിലൂടെ കടന്നു പോകുന്നവളാണ് സ്ത്രീ. ഏത് ശാരീരിക അവസ്ഥയിലാണ് ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതെന്ന് ഒരു സ്ത്രീയോട് ചോദിച്ചാൽ അവൾ പെട്ടെന്ന് തന്നെ ഉത്തരം നൽകുന്നത് ആർത്തവകാലത്താണ് എന്നായിരിക്കും. ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമല്ല, ഈ സമയങ്ങളിൽ സ്ത്രീകളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങൾ കാണപ്പെടുന്നു.
സാധാരണ ഗർഭധാരണത്തിന് മുമ്പും പ്രസവശേഷവും സ്ത്രീകളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകാം. ഇതേ മാറ്റങ്ങൾ തന്നെയാണ് ആർത്തവ സമയങ്ങളിലും സംഭവിക്കുന്നത്. എല്ലാ സ്ത്രീകളിലും ഒരു തരത്തൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ സ്വഭാവ മാറ്റങ്ങൾ കാണപ്പെടുന്നുണ്ട്. പ്രീ മെൻസ്ട്രൽ സിൻഡ്രോം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. അമിതമായ ദേഷ്യം, സങ്കടം, വിഷാദം. ഒറ്റയ്ക്കിരിക്കാൻ തോന്നൽ, മടുപ്പ്, അകാരണമായ വെറുപ്പ് എന്നിവ ഈ സമയങ്ങളിൽ സ്ത്രീകൾക്ക് ഉണ്ടാകുന്നു. യോഗ, മെഡിറ്റേഷൻ, ജീവിതശൈലിയിലെ മാറ്റം എന്നിവ വഴി ഈ പ്രശ്നങ്ങൾ വളരെ ലളിതമായി പരിഹരിക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
അനിയന്ത്രിതമായ വികാരവിക്ഷോഭം
സാധാരണ ആർത്തവത്തിന്റെ സമയം അടുത്തെത്തുമ്പോഴാണ് സ്ത്രീകളിൽ സ്വഭാവത്തിൽ മാറ്റം കാണപ്പെടുന്നത്. ചിലരിൽ ഇത് അനിയന്ത്രിതമായി മാറാം. കൈയിൽ കിട്ടുന്നതെന്തും വലിച്ചെറിഞ്ഞും കാരണമില്ലാതെ ദേഷ്യപ്പെട്ടും ഉറക്കെ കരഞ്ഞുമായിരിക്കും ചിലർ പ്രതികരിക്കുന്നത്. ഈ സ്വഭാവമാറ്റങ്ങൾ ഒറ്റദിവസത്തേയ്ക്കായിരിക്കും എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന വസ്തുത. വളരെ സാധാരണമായി പി ന്നീട് ഇവർ പെരുമാറുന്നതായി കാണാം. ചിലരിൽ ഈ സ്വഭാവ മാറ്റങ്ങൾ ആർത്തവം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രത്യക്ഷപ്പെടാം. ഒരു ആർത്തവ ചക്രം അവസാനിക്കുന്ന സമയത്താണ് ഈ അവസ്ഥകൾ രൂപപ്പെട്ട് വരുന്നത്. ആർത്തവം ആരംഭിച്ച് കഴിഞ്ഞാൽ സ്വഭാവത്തിലെ ഈ വ്യത്യാസം അപ്രത്യക്ഷമാകുന്നു.
സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന സ്വഭാവ വ്യത്യാസങ്ങൾ:
1. അകാരണമായ അസ്വസ്ഥത
2. അമിതമായ ദേഷ്യം
3. മാനസിക സമ്മർദ്ദം
4. കരച്ചിൽ
5. വളരെ പെട്ടെന്ന് പ്രതികരിക്കുന്നു
6. അമിതമായ സങ്കടവും ജിജ്ഞാസയും
7. ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നു
എന്താണ് പ്രീമെൻസ്ട്രൽ സിൻഡ്രോം?
പ്രീ മെൻസ്ട്രൽ സിൻഡ്രോം എന്ന അവസ്ഥയെ നിർവ്വചിക്കാൻ ഗവേഷകർക്കോ ഡോക്ടർമാർക്കോ ഇതുവരെ സാധിച്ചിട്ടില്ല എന്ന് ശാസ്ത്രലോകം പറയുന്നു. പ്രധാനമായും ഹോർമോൺ വ്യതിയാനങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ഒരു കണ്ടെത്തൽ. സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ ഉത്പാദനം ആർത്തവ കാലത്ത് ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകുന്നു. ഒരു സ്ത്രീയുടെ ആർത്തവസമയം അവസാനിക്കുന്ന നിമിഷം മുതൽ ഈസ്ട്രജന്റെ അളവ് വർദ്ധിക്കാൻ ആരംഭിക്കുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഈസ്ട്രജന്റെ അളവ് ഏറ്റവും ഉയർന്ന അവസ്ഥയിലെത്തുന്നു. വീണ്ടും താഴ്‌ന്ന അവസ്ഥയിലെത്തുന്നു. ഇങ്ങനെയുള്ള ഈസ്ട്രജന്റെ ഏറ്റക്കുറച്ചിലുകളാണ് ആർത്തവസമയത്ത് സ്ത്രീകളുടെ സ്വഭാവത്തെ സ്വധീനി ക്കുന്നത്. ഇത് ശാരീരികമായ മറ്റ് അസ്വസ്ഥതകൾക്കും കാരണമായിത്തീരുന്നു. എന്നാൽ ഇതൊരു രോഗാവസ്ഥയോ സ്ഥിരമായി നിലനിൽക്കുന്നതോ ആയ കാര്യമല്ല.
മാനസ്സികമായ സമ്മർദ്ദങ്ങളോ ജോലിയില്ലാത്ത അവസ്ഥയോ വിവാഹബന്ധത്തിന്റെ തകർച്ചയോ പ്രീ മെൻസ്ട്രൽ സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുന്നില്ല. എന്നാൽ ആർത്തവസമയത്തെ സമ്മർദ്ദത്തെ ഈ അവസ്ഥ സ്വാധീനിക്കാൻ സാധ്യതയുണ്ട്. സെറോട്ടോണിൻ എന്ന ഹോർമോണിന്റെ താഴ്ചയും മാനസിക സമ്മർദ്ദവും തമ്മിൽ ബന്ധമുണ്ട്.
അവസ്ഥ ഗുരുതരമാകുമ്പോൾ
സ്ത്രീകളിൽ മൂന്ന് ശതമാനം മുതൽ എട്ട് ശതമാനം വരെയുള്ള വളരെ ഗുരുതരമായ രീതിയിൽ തന്നെ ഈ അവസ്ഥയെ നോരിടുന്നവരാണ്. ഈ ഗുരുതരാവസ്ഥയെ പ്രീ മെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ എന്ന് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നു. ഇത്തരം സ്ത്രീകൾ തങ്ങളുടെ ആർത്തവകാലത്തിന് രണ്ടോ അതിലധികമോ ആഴ്ചകൾക്ക് മുമ്പ് തന്നെ വളരെ കഠിനമായ മാനസ്സിക സമ്മർദ്ദം അനുഭവിച്ച് തുടങ്ങുന്നു. ഈ മാനസ്സിക സമ്മർദ്ദത്തിന് മുമ്പ് തന്നെ കടുത്ത അസ്വസ്ഥകളും ആകുലതകളും ഇവർ പ്രകടിപ്പിക്കുന്നു. ഈ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രീ മെൻസ്സ്ട്രൽ സിൻഡ്രോം വളരെ കുറഞ്ഞ അസ്വസ്ഥകൾ മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ.
ഡിപ്രഷൻ എന്ന അവസ്ഥ പാരമ്പര്യമായി അനുഭവിക്കുന്ന സ്ത്രീകളിൽ പ്രീ മെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ എന്ന അവസ്ഥ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ഗുരുതരമായ മാനസ്സികാവസ്ഥ നേരിടുന്ന സ്ത്രീകൾ ഏകദേശം അഞ്ച് വർഷത്തിലധികമായി ഈ അവസ്ഥയുടെ ലക്ഷണങ്ങളിലൂടെ കടന്നുപോയവരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
പ്രീ മെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ എന്ന അവസ്ഥയുടെ ലക്ഷണങ്ങൾ
1. വളരെ ആഴമേറിയ ദുഖവും നിരാശയും പ്രകടിപ്പിക്കൽ, ആത്മഹത്യ പ്രവണത ഉള്ളവരായിരിക്കുക.
2. വളരെ അടുപ്പമുള്ളവരോട് പോലും പൊട്ടിത്തെറിച്ചും ദേഷ്യം കാണിച്ചുമായിരിക്കും ഇവർ പെരുമാറുന്നത്.
3. ടെൻഷനും ജിജ്ഞാസയും അമിതമായി പ്രകടിപ്പിക്കുക
4. ഭീതിയും പരിഭ്രമവും കാണിക്കുക
5. സ്വഭാവത്തിൽ ചാഞ്ചാട്ടം ഉണ്ടാകുക
6. കരച്ചിൽ.
7. ദൈനംദിന പ്രവർത്തികളിൽ താത്പര്യമില്ലാത്തവരായി കാണപ്പെടുക
8. ചിന്തയിലും പ്രവർത്തിയിലും അന്തരം പ്രകടമാകുക
9. ശക്തമായ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരിക
10. ക്ഷീണം, അലസത
11. ഭക്ഷണത്തോട് അത്യാർത്തി അല്ലെങ്കിൽ ഭക്ഷണത്തോട് വിരക്തി
ഈ ലക്ഷണങ്ങൾ ആർത്തവം ആരംഭിക്കുന്നതോട് കൂടി അപ്രത്യക്ഷമാകുന്നു. എന്നാൽ ഇത് സ്ഥിരമായി നിലനിൽക്കുന്നു എങ്കിൽ ആർത്തവത്തോട് ബന്ധപ്പെട്ട അസ്വസ്ഥതകളല്ല എന്ന് വേണം കരുതാൻ. മറ്റെന്തെങ്കിലും ശാരീരികമോ മാനസികമോ ആയ രോഗാവസ്ഥ ആയിരിക്കും ഈ ലക്ഷണങ്ങൾക്ക് പിന്നിൽ.
ഈ അവസ്ഥകൾക്ക് ചികിത്സ ലഭ്യമാണ്
വ്യായാമം, യോഗ എന്നിവ വഴി ഈ അവസ്ഥകളെ അതി ജീവിക്കാവുന്നതാണ്. വ്യായാമം വഴി തലച്ചോറിലെ ഹോർമോൺ വ്യതിയാനം സംഭവിക്കുന്നു. സൈക്കിൾ ചവിട്ടുക, നീന്തൽ, ഓട്ടം എന്നിവയും ഇവയെ മറികടക്കാൻ സഹായി ക്കുന്നവയാണ്.
കൂടാതെ ഭക്ഷണത്തിലും ചിട്ടയുള്ളവരായിരിക്കുക. കൃത്യമായ ഭക്ഷണം കൃത്യഅളവിൽ കഴിക്കുക എന്നു മാത്രമല്ല, ആവശ്യമായ പോഷകഘടകങ്ങൾ അവയിലുണ്ട് എന്നും ഉറപ്പ് വരുത്തുക. മദ്യം, മയക്കുമരുന്ന്, അമിതമായ മധുരം, എരിവ് , ഉപ്പ് പുളി എന്നിവയും ഒഴിവാക്കേണ്ടതാണ്. യോഗ പോലുള്ള ശ്വസന മുറകൾ പരിശീലിക്കുക. മാനസിക സമ്മർദ്ദം കുറയക്കാൻ ഇത് സഹായിക്കുന്നു. ഒരു പരിധി വരെ ഈ അവസ്ഥയിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. ആവശ്യമെങ്കിൽ നല്ലൊരു ഡോക്ടറുടെ സഹായം തേടുക.
അൽഫോൺസ തോമസ് © ഇത് Malayalamemagazine.com ന്റെ Exclusive Content ആണ്. കോപ്പി ചെയ്യുന്നതിനു മുൻപ് മുൻകൂട്ടി അനുവാദം വാങ്ങേണ്ടതാണ്.