സ്ത്രീകളാണോ പുരുഷന്മാരാണോ അധികം ചിരിക്കുന്നത്? ചിലപ്പോഴെങ്കിലും നമ്മൾ സുഹൃത്തിനെയോ പങ്കാളിയേയോ കുറ്റം പറയാറുണ്ട്, ഒന്ന് ചിരിക്കത്തു പോലുമില്ല എന്ന്. എന്നാൽ ഒരു സത്യം അറിയാമോ സ്ത്രീകൾ പലപ്പോഴും പുരുഷന്മാരേക്കാൾ കൂടുതൽ ചിരിക്കാറുണ്ടെന്ന്.
അമേരിക്കയിലെ യേൽ സർവ്വകലാശാലയുടെ പുതിയ പഠനം അനുസരിച്ച് ഒരു സ്ത്രീ ഒരു ദിവസം ശരാശരി 62 തവണ ചിരിക്കും എന്നാണ് പറയുന്നത്. എന്നാൽ, പുരുഷന്മാർ ഒരു ദിവസം കേവലം എട്ടു തവണ മാത്രമാണത്രേ ചിരിക്കുന്നത്. കൗമാര പ്രായത്തിൽ കൂടുതലായും, സ്ത്രീകളിലും പുരുഷന്മാരിലും മറ്റു പ്രായത്തേക്കാൾ അപേക്ഷിച്ച് ചിരി കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. പൊതുവേ പ്രായപൂർത്തിയായ ആളുകളിൽ കാണപ്പെടുന്ന ചിരി എളിമ നിറഞ്ഞതാണത്രേ.
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ചിരിക്കാ൯ നിരവധി കാരണങ്ങളാണ് ഗവേഷകർ പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ തങ്ങളുടെ വികാരങ്ങൾ കൂടുതലായി പ്രകടിപ്പിക്കുന്നവരാണ്. അവരിൽ സഹാനുഭൂതി കൂടുതലും പെട്ടെന്ന് വികാരഭരിതരാവരുമാണ്. ജന്മനാ തന്നെ സ്ത്രീകളിൽ ചിരിക്കാനുള്ള കഴിവ് കൂടുതലാണത്രേ. വളരുന്തോറുമാണ് ഇത് കൂടുതൽ പ്രകടമാവുകയെന്ന് ഗവേഷകർ പറയുന്നു.
സമൂഹത്തിൽ പുരുഷന്മാർക്ക് തുല്യമായ ആധിപത്യം ഇല്ലാത്തതും സ്ത്രീകളുടെ ചിരിക്ക് കാരണമായി പറയുന്നുണ്ട്. അതേസമയം പ്രായം, സംസ്കാരം, വംശീയത തുടങ്ങിയ ഘടകങ്ങളും ചിരിയുടെ അളവ് നിശ്ചയിക്കുന്നതിൽ നിർണായകമാണ്. ഈ ഘടകങ്ങൾ മാറുന്നതിനനുസരിച്ച് ആളുകളിലെ ചിരിയുടെ അളവിലും മാറ്റങ്ങൾ സംഭവിക്കും സ്വാഭാവികമായും.
സമൂഹത്തിൽ അധികാരം, തൊഴിൽ, സമൂഹ നേതൃത്വം എന്നീ മേഖലകളിൽ സ്ത്രീകൾക്ക് പുരുഷന്മാരുടേതിന് തുല്യമായ പങ്കാളിത്തം ലഭിക്കുകയാണെങ്കിൽ ചിരിയിലുമുള്ള ഈ വ്യത്യാസം ഇല്ലാതാവുമെന്ന് പഠനം പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളിലും പ്രശ്നങ്ങൾ കുറക്കാ൯ വേണ്ടിയും, വേദനകൾ മറക്കാനും, സമാധാനം ഉറപ്പുവരുത്താനും സത്രീകൾ ചിരിക്കുമെന്നും ഗവേഷകർ പറയുന്നു.
സ്ത്രീകളുടെ പുരുഷന്മാരുടെയും ഇടയിലെ ചിരി വ്യത്യാസം ചർച്ച ചെയ്യുമ്പോൾ കുറച്ചു കൂടി കാര്യങ്ങൾ പരിശോധിക്കണമെന്ന് തോന്നുന്നു. സ്ത്രീകൾ കൂടുതൽ ചിരിക്കുന്നുവെന്ന് കരുതി അവർ ജീവിതത്തിൽ പുരുഷന്മാരാക്കാൾ കൂടുതൽ സന്തോഷമുള്ളവരാണ് എന്ന് പറയാ൯ പറ്റില്ല. പല ഘടകങ്ങൾ കാരണമായി സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നവരാണ് എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. ഇത് സ്ത്രീകളുടെ പ്രകൃതിയാണ്.
പുരുഷന്മാർ സ്ത്രീകളുടെ അത്ര ചിരിക്കാതിരിക്കാനും നിരവധി കാരണങ്ങളുണ്ട്. ചിരി, സങ്കടം, കരച്ചിൽ പോലുള്ള വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ആണുങ്ങളെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്നതെറ്റിദ്ധാരണയാണ് ഇതിൽ പ്രധാനം. പുരുഷന്മാരെയും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനും സത്യം പുറത്തു കാണിക്കാ9 അവരെ പ്രേരിപ്പിക്കുകയും ചെയ്യൽ അത്യാവശ്യമാണ്. ചിരി എപ്പോഴും നല്ലതാണ്. വികാരങ്ങൾ മറച്ചു വെക്കുന്നതിന് പകരം കൃത്യമായി പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.