ഫേയ്സ് ബുക്ക് സുഹൃത്ത് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ആ രംഗങ്ങൾ മൊബെലിൽ പകർത്തിയ സുഹൃത്ത് അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഇത്തരം വാർത്തകളിൽ ചുരുങ്ങിയത് 2 എണ്ണം എങ്കിലും നിത്യവും നമ്മൾ വിവിധ മാധ്യമങ്ങളിലൂടെ കാണാറുണ്ട്. അപ്പോഴൊക്കെ നമ്മൾ ചിന്തിക്കാറുണ്ട് എന്തേ ഈ പെൺകുട്ടികൾ ഇതിൽ നിന്നെല്ലാം പാഠം പഠിക്കുന്നില്ല എന്ന്. ഇത്തരം ചതിക്കുഴികൾ എല്ലായിടത്തും പതിയിരിക്കുന്നുണ്ടെന്ന് എന്തേ ഇവർ തിരിച്ചറിയുന്നില്ല എന്ന്.
അന്ധമായ പ്രണയം, അതിൽ നിന്നും ഉണ്ടാകുന്ന അമിതമായ വിശ്വാസം, ഇതൊക്കെ തന്നെയാണ് പെൺകുട്ടികളെ ഇത്തരം ചതികളിൽ നിരന്തരം പെടുത്തിക്കൊണ്ടിരിക്കുന്നത്. അത് ഒരിക്കലും നേരിൽ കാണാതെ, അഗാധമായി പ്രണയിച്ച്, അത് സോഷ്യൽ മീഡിയകൾ വഴി ആണെങ്കിൽ കൂടിയും അതെല്ലാം മുഖവിലയ്ക്കെടുത്ത് എന്തിനും തയ്യാറായി ഇറങ്ങി പോകുന്നവരുടെ എണ്ണം ഇന്ന് നാൾക്കുനാൾ വർദ്ധിച്ച് വരുകയാണ്. ഇത്തരത്തിൽ സ്വന്തം ഭർത്താവിനെയും പിഞ്ചു കുഞ്ഞുങ്ങളെയും പോലും ഉപേക്ഷിച്ച് ഇറങ്ങി പോകുന്ന് വീട്ടമ്മമാരുടെ എണ്ണം ആയിരത്തിനും മേലെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പക്വതയുള്ള സ്ത്രീകൾ പോലും ഇത്തരത്തിൽ പ്രവർത്തിച്ചാൽ കൗമാരക്കാരയാ പെൺകുട്ടികൾ എങ്ങനെ ചെയ്യാതിരിക്കും?
നമ്മുടെ സമൂഹത്തിൽ ഭൂരിപക്ഷം ആണുങ്ങളൂം സ്ത്രീ ഒരു ഉപഭോഗവസ്തുവാണെന്ന് കരുതുന്നവരാണെന്ന സത്യംപറയുന്നതിൽ ലജ്ജയുണ്ട്. എന്നാൽ തന്റെ പെണ്ണിനെ മറ്റാരും അത്തരത്തിൽ കാണരുതെന്നും അവൾ മനസ്സ് കൊണ്ട് പോലും തന്റേത് മാത്രമായിരിക്കണം എന്നും കരുതുന്നവരാണ് അവർ. എന്നാൽ തനിക്ക് വിവാഹബന്ധത്തിൽ ഏർപ്പെടാതെ തന്നെ മറ്റൊരു സ്ത്രീയുമായി എല്ലാത്തരം ബന്ധവും വച്ച് പുലർത്താം എന്ന ധൈര്യവും അവനുണ്ട്. തന്റെ അമ്മ, ഭാര്യ, സഹോദരി, മകൾ ഇവരെ ഒന്നും അന്യ പുരുഷൻ നോക്കാൻ പോലും പാടില്ല, എന്നാൽ തനിക്ക് ഒരു അന്യ സ്ത്രീയെ, അത് മറ്റാരുടെ എങ്കിലും അമ്മയോ, ഭാര്യയോ, പെങ്ങളോ, മകളൊ ആയിക്കൊള്ളട്ടെ, തന്റെ കാമാസക്തിയുടെ പൂർത്തീകരണത്തിന് അവളെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാൻ ഒരു മടിയും അവനില്ല താനും.
അപരിചിതനായ ഒരാളോട് തോന്നുന്ന അമിതമായ വിശ്വാസം, പ്രണയം, ഒരിക്കലും നഷ്ടപ്പെടരുതേ എന്ന അദമ്യമായ ആഗ്രഹം, ഇവയെല്ലാം അവളെക്കൊണ്ട് എന്തും ചെയ്യിക്കും. എന്നാൽ സോഷ്യൽ മീഡിയകളിലൂടെയും, മൊബെലുകളിലൂടെയും ആ ക്ലിപ്പിംഗുകൾ പ്രചരിക്കുമ്പോൾ മാത്രമായിരിക്കും അവൾക്ക് തിരിച്ചറിവ് ഉണ്ടാകുക, താൻ ദൈവത്തെപ്പോലെ വിശ്വസിച്ചവന് താൻ വെറുമൊരു ഭോഗ വസ്തു മാത്രമാണെന്ന് മനസ്സിലാക്കുക. അപ്പോഴേയ്ക്കും വളരെ വൈകിയിരിക്കും. ആണ് പെണ്ണിനെ മനസ്സിലാക്കണം എന്നത് പോലെ പെണ്ണ്, ആണിനേയും അടി മുതൽ മുടിവരെ പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനി എങ്കിലും പെൺകുട്ടികൾ തിരിച്ചറിവുള്ളവരായില്ലെങ്കിൽ ഇത്തരം വാർത്തകൾക്ക് മാത്രമായി മാധ്യമങ്ങൾ പിറവി കൊള്ളേണ്ടുന്ന അവസ്ഥ സംജാതമാകും.