മലയാളം ഇ മാഗസിൻ.കോം

സ്ത്രീയും പുരുഷനും തമ്മിലുള്ള പെരുമാറ്റത്തിലെ ഈ വ്യത്യാസങ്ങളാണ് ശരിക്കും പങ്കാളികൾ മനസിലാക്കേണ്ടത്‌

സ്ത്രീയും പുരുഷനും വ്യത്യസ്തരീതിയിൽ പെരുമാറുന്നതെന്തുകൊണ്ട്?
സൃഷ്ടിയിൽത്തന്നെ ജീവശാസ്ത്രപരമായും ജനിതകമായും ഏറെ വ്യത്യസ്‌തകൾ സ്ത്രീയിലും പുരുഷനിലുമുണ്ടെന്നു നമുക്കറിയാം. അതുകൊണ്ടാണ് ഒരു സ്ത്രീയ്ക്ക് പുരുഷനെയോ പുരുഷന് സ്ത്രീയെയോ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്.

ഒരേ സാഹചര്യങ്ങൾ വ്യത്യസ്തമായ മനോനിലയാണ് പുരുഷനിലും സ്ത്രീയിലും സൃഷ്ടിക്കുന്നത്. ടെസ്റ്റോസ്റ്റിറോൺ പുരുഷന്മാരിലും ഓക്‌സിടോസിൻ സ്ത്രീകളിലും ജനിപ്പിക്കുന്ന വ്യത്യസ്തമായ താല്പര്യങ്ങളാണ് ഇതിനു കാരണം. ഉദാഹരണമായി, സ്ത്രീകളിൽ ഓക്‌സിടോസിൻ ഒരു ആലിംഗനത്തിനുള്ള ആഗ്രഹം ജനിപ്പിക്കുമ്പോൾ പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ, ഓക്സിറ്റോസിന്റെ എഫെക്റ്റിനു തടസ്സം ഉണ്ടാക്കുകയും അവർക്കു പുകവലിക്കാനോ മദ്യപിക്കാനോ ഉള്ള ആഗ്രഹം ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ ജീവിതത്തിലെ ഓരോ കാര്യങ്ങളിലും സ്ത്രീയും പുരുഷനും വ്യത്യസ്തരായിരിക്കുന്നു. ഇതിനു കാരണം.

പുരുഷന്മാർ യാത്രയിൽ വഴിയും ദൂരവും ഓർത്തിരിക്കുന്നവരാണ്. എന്നാൽ അടയാളങ്ങൾ ഓർത്തു വയ്ക്കാൻ കൂടുതൽ കഴിവുള്ളത് സ്ത്രീകൾക്കാണ്. കുട്ടികളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാനും അതിൽ ഇടപെടാനും പുരുഷന്മാരേക്കാൾ കൂടുതൽ കഴിയുന്നത് സ്ത്രീകൾക്കാണെന്നു നമുക്കറിയാം. അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പഠനങ്ങൾ പറയുന്നത് ഭാഷയെയും കേൾവിയെയും തിരിച്ചറിയുന്ന നാഡികളുടെ എണ്ണം സ്ത്രീകളിൽ പുരുഷന്മാരേക്കാൾ കൂടുതലാണെന്നാണ്. അതുകൊണ്ടാണ് അവർക്കു കുട്ടികൾ കരയുന്നത് പെട്ടെന്ന് ശ്രദ്ധിക്കാനും അത് എന്തിനുവേണ്ടിയാണെന്നു തിരിച്ചറിയാനുമൊക്കെ കഴിയുന്നത്.

കൂടുതൽ വേദന സഹിക്കാനുള്ള കഴിവ് സ്ത്രീകൾക്കാണ്. അതുകൊണ്ടാവണം ലോകത്തിലെ ഏറ്റവും വലിയ വേദനയായ പ്രസവ വേദന സ്ത്രീകൾക്കു തന്നെ കൊടുത്തത് എന്നുവേണം കരുതാൻ. തലച്ചോറിൽ വേദനയെ നിയന്ത്രിക്കുന്ന ഭാഗം സ്ത്രീകളിലും പുരുഷനിലും വ്യത്യസ്തമാണെന്നതാണ് ഇതിന്റെ കാരണം. വേദന സഹിക്കാനുള്ള കഴിവ് കുറവാണെന്നപോലെതന്നെ ക്ഷമയുടെ കാര്യത്തിലും പുരുഷന്മാർ പുറകോട്ടാണ്. ആകുലതകൾ പരിഹരിക്കാനും പുരുഷന്മാരേക്കാൾ കഴിവ് സ്ത്രീകൾക്ക് തന്നെ. എങ്കിലും പുരുഷന്മാരേക്കാൾ കൂടുതൽ സങ്കടപ്പെടുന്നത് സ്ത്രീകളാണ്.

സമ്മർദ്ദങ്ങളെ നേരിടുന്ന കാര്യത്തിലും സ്ത്രീയും പുരുഷനും തികച്ചും വ്യത്യസ്തരാണ്. ചുറ്റുപാടും ആവർത്തിച്ചുണ്ടാകുന്ന ശബ്ദങ്ങളെ അവഗണിക്കാൻ പുരുഷന്മാർക്ക് കഴിയും. എങ്കിലും സമ്മർദ്ദമുണ്ടായാലും ശാന്തരായിരിക്കാൻ സ്ത്രീകളെപ്പോലെ പുരുഷന്മാർക്ക് കഴിയാറില്ല. സമ്മർദ്ദമനുഭവിക്കുന്ന സമയത്ത് ഇരു കൂട്ടരിലും ഈസ്ട്രജൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. പുരുഷന്മാരിൽ ഇത് ടെസ്‌റ്റോസ്റ്റെറോൺ എന്ന രാസവസ്തുവുമായികൂടിച്ചേർന്ന് അവരെ അക്രമ സ്വഭാവമുള്ളവരാക്കി മാറ്റുന്നു.

പിണക്കം, വഴക്ക് എന്നിവപോലുള്ള സമയങ്ങളിൽ കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നത് സ്ത്രീകളാണ്. പുരുഷന്മാരിൽ ഇത് ഒരുതരം ആവേശമാണ് ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും അവർ മത്സരങ്ങളിലും വിവാദങ്ങളിലും ഏർപ്പെടാൻ കാരണമാക്കുന്നു. ഭാര്യാഭർതൃ ബന്ധത്തിൽ ഇടയ്ക്കൊക്കെ വഴക്കുണ്ടാകുക സ്വാഭാവികമാണ്. ഇത്തരം അവസരങ്ങളിൽ സ്ത്രീകൾ കൂടുതൽ സംസാരിക്കുകയും പുരുഷന്മാർ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നത് കാണാം. ഇതും ജനിതക ഘടനയിലുള്ള വ്യത്യാസംകൊണ്ട് സംഭവിക്കുന്നതാണ്. പുരുഷന്മാരിൽ കോപം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗവും അതിന്റെ പ്രേരകഭാഗവും തമ്മിൽ കൂടിചേർന്നാണ് നിലകൊള്ളുന്നതെങ്കിൽ സ്ത്രീകളിൽ ഇത് സംസാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണ്. ചതി പുരുഷന്മാർക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല. സ്ത്രീകൾ മറ്റു പുരുഷന്മാരോട് ശാരീരികമായി അടുത്ത് പെരുമാറുന്നത് ഒരു പുരുഷനും സഹിക്കില്ല. എന്നാൽ പുരുഷൻ മറ്റൊരു സ്ത്രീയോട് മാനസികമായി അടുക്കുന്നത് സ്ത്രീകളെ ഏറെ അസ്വസ്ഥരാക്കും. വികാരങ്ങൾ മറച്ചു പിടിക്കാൻ സാമർഥ്യമുള്ളവരാണ് പുരുഷന്മാർ. എന്നാൽ സ്ത്രീകൾ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഒട്ടും പിശുക്കു കാണിക്കാറില്ല.

പൂർണ്ണമായല്ലെങ്കിലും പൊതുവായുള്ള സ്ത്രീപുരുഷ സ്വഭാവത്തിലെ സവിശേഷതകൾ കുറെയേറെ മനസ്സിലാക്കാൻ കഴിഞ്ഞാൽ തർക്കങ്ങളും വഴക്കുകളും ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നു അറിയുക.

YOU MAY ALSO LIKE THIS VIDEO, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter