മാനസീക രോഗം എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ നാട്ടിൽ റോഡിലൂടെ ഒറ്റയ്ക്ക് സംസാരിച്ച് നടന്ന ആരെയെങ്കിലും ഒക്കെയായും ഓർമ വരിക. എന്റെ കുട്ടികാലത്ത് ഞങ്ങളുടെ നാട്ടിലും അങ്ങനെ ഒരു സ്ത്രീയുണ്ടായിരുന്നു. മാർത്താഭ്രാന്തി എന്നാണവരെ വിളിച്ചിരുന്നത് . കിടക്ക പായും തലയിണയും ചുരുട്ടിയെടുത്ത് തലയിൽ വച്ച് ഒറ്റയ്ക്ക് സംസാരിച്ച് നടക്കുന്ന അവരെ മിക്കപ്പോഴും കാണാറുണ്ടായിരുന്നു. കുട്ടികൾ വഴക്ക് കൂടിയാലും ഭക്ഷണം കഴിക്കാൻ മടിച്ചാലും മാർത്താഭ്രാന്തി വന്നു പിടിച്ച് കൊണ്ട് പോകും എന്ന് അമ്മമാർ പറയുമായിരുന്നു. യൌവനത്തിൽ ആരോ കല്യാണം കഴിക്കാം എന്ന് വാക്കുകൊടുത്ത് ഉപയോഗിച്ച് ഉപേക്ഷിച്ചതോ എന്തോ ആണെന്നാണ് എന്റെ അറിവ് . അത് എത്രത്തോളം സത്യം ആണെന്നറിയില്ല. കാരണത്തിനു പ്രാധാന്യം ഇല്ലാത്തത് കൊണ്ട് അതിനെ പറ്റി കൂടുതൽ വിവരിക്കേണ്ടതില്ലല്ലൊ. പക്ഷെ ഭ്രാന്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും മുന്പ് അവർ നല്ല വിദ്യാഭ്യാസവും വിവരവുമുള്ള സ്ത്രീയായിരുന്നു എന്നത് വാസ്തവമാണ്.
മാനസീക രോഗികളെ അടുത്ത് അറിയാൻ കഴിഞ്ഞത് നേഴ്സിങ്ങ് പഠിക്കുന്ന സമയത്താണ്. അന്ന് IHBAM ( institute of human behavior and allied sciences, Delhi ) ഇൽ ആയിരുന്നു ഞങ്ങളുടെ സൈക്ക്യട്രി പഠനം. അവിടെ പോകും മുന്പ്, രോഗികളോട് ശരിയായ പേരു പറയരുതെന്നും, യാതൊരു കാരണവശാലും അഡ്രസ് കൊടുക്കരുതെന്നും റ്റീച്ചെർസ് പറഞ്ഞിട്ടുണ്ടായിരുന്നു. അതിന്റെ കാരണം ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് അത് വളരെ വ്യക്തമായി മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നു . രോഗികളെയും സ്റ്റാഫിനേയും കണ്ടാൽ ആദ്യത്തെ ദിവസം നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല . യൂണിഫോം മാത്രമാണു പിന്നെ ഒരു തിരിച്ചറിയൽ മാർഗം . ഞാൻ ഇങ്ങനെ പറയാൻ കാരണം സ്റ്റാഫിനെ കണ്ടാലും വട്ടാണെന്ന് തോന്നുന്നത് കൊണ്ടല്ല , ഭൂരിപക്ഷം രോഗികളും വളരെ നോർമൽ ആയാണ് ഇടപെട്ടത് അതുകൊണ്ടാണ്. ഇത്രയ്ക്കും നോർമൽ ആയ ഇവരെ പിടിച്ചിട്ടിരിക്കുന്നത് ക്രൂരതയല്ലെ,തുറന്നു വിട്ടാലോ എന്ന് വരെ തോന്നി പോകും. പക്ഷെ ഒന്നിച്ച് ഇരുന്നു കുടുംബ കാര്യം പറഞ്ഞ മധ്യവയസ്കനെ പിറ്റേ ദിവസം സെല്ലിൽ പൂട്ടിയിട്ടിരിക്കുന്നതും , ആത്മീയ കാര്യങ്ങൾ പറഞ്ഞു തന്ന വൃദ്ധൻ പിറ്റേ ദിവസം ഉടുതുണിയില്ലാതെ കട്ടിലിൽ നില്ക്കുന്ന കണ്ടപ്പോഴും , അറക്കാൻ പോകുന്ന കുഞ്ഞാടിനെ പോലെ നമ്ര ശിരസ്കനായി ഷോക്ക് ട്രീറ്റ്മെന്റിനു പോകുന്ന യുവാവിനെ കണ്ടപ്പോഴും ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ കുറച്ചൊക്കെ മനസിലാക്കുവാൻ കഴിഞ്ഞു.
ഒരു ചൊല്ലുണ്ട് , ബുദ്ധിയുടെ ഗതി നൂല്പാലത്തിലൂടെയാണു, അത് എപ്പോൾ വേണമെങ്കിലും പോട്ടിവീഴാം എന്ന് . ശരിയാണ്, ആർക്കും എപ്പോൾ വേണമെങ്കിലും മാനസീക രോഗങ്ങൾ ഉണ്ടായേക്കാം. നോർമൽ സ്വഭാവത്തിൽ നിന്നും വ്യത്യസ്തമായ സ്വഭാവം കാണിക്കൂമ്പോഴാണു അത് മാനസീക രോഗമാണെന്ന് പറയപെടുന്നത്. മാനസീക രോഗങ്ങളെ പലതരത്തിൽ തിരിച്ചിട്ടുണ്ട്. Anxiety disorders, Mood disorders , Psychotic disorders , Eating disorders എന്നിവ ചില ഡിവിഷൻസ് മാത്രമാണ് . ഡിപ്രഷൻ , വിഷാദം എന്നൊക്കെ സാധാരണക്കാർ പറയുന്നത് മാനസീക രോഗത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ് . ചില രോഗങ്ങൾ ദൈനം ദിനജീവിതത്തെ അല്പമൊക്കെ ബാധിച്ചേക്കാം എങ്കിലും ഒരു പരിധിവരെ സാധാരണ ജീവിതം സാധ്യമാകുന്നവയാണ്. പക്ഷെ മറ്റു ചിലത് പുറമേ നോർമൽ ആയി തോന്നിയേക്കാം എങ്കിലും ചില അവസരങ്ങളിൽ വളരെ അപകടകരമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും അക്രമണകാരികളും ആത്മഹത്യ പ്രവണത ഉള്ളവരും ആകുന്നു . മാനസീക രോഗങ്ങൾക്ക് ചികിത്സ ലഭ്യമാണ്, പക്ഷെ മരുന്നുകൾ മുടങ്ങാതെ കഴിക്കേണ്ടത് അത്യാവശ്യമാണ് .രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുമ്പോൾ അസുഖം മാറി എന്ന് കരുതി മരുന്നുകൾ നിർത്തുന്നത് സാദാരണമായി കാണുന്ന അബദ്ധമാണ് .
മാനസീക രോഗമുള്ളവർക്ക് വിവാഹജീവിതം സാധ്യമാണോ? എപ്പോഴെങ്കിലും നമ്മുടെ മനസ്സിൽ ഈ ചോദ്യം വന്നിട്ടുണ്ടാവും. ഞാനും എന്റെ കൂട്ടുകാരും ഈ ദിവസങ്ങളിൽ അതിനെ പറ്റി ചിന്തിക്കുകയുണ്ടായി . എന്തെങ്കിലും കാരണമുണ്ടാകുമ്പോഴല്ലെ നമ്മൾ എന്തിനെ പറ്റിയായാലും കൂടുതൽ ചിന്തിക്കുക . ഞങ്ങൾക്കുമുണ്ടായിരുന്നു അങ്ങനെ ഒരു കാര്യം .
ഞങ്ങളുടെ പ്രിയ കൂട്ടുകാരി , തത്കാലം നമുക്ക് അവളെ അമ്മുക്കുട്ടി എന്ന് വിളിക്കാം . ഒറ്റമകളായി അമ്മയ്ക്കും അപ്പനും അമ്മൂമയ്ക്കും അപ്പൂപ്പനുമൊപ്പം കളിച്ച് ചിരിച്ച് സന്തോഷത്തോടെ ജീവിച്ചു വന്നു . അതിനിടയിൽ കണ്ണു കിട്ടിയെന്നത് പോലെ ഒരു അപകടത്തിൽ മുഖത്തിന്റെ ഭംഗി അല്പം നഷ്ടപെട്ടു . അല്പം എന്ന് പറഞ്ഞാൽ , അല്പം മാത്രം . എങ്കിലും അവളുടെ സുന്ദരമായ ചിരി ആ അഭംഗിയെ മറക്കാൻ ധാരാളം . കല്യാണ പ്രായമായപ്പോൾ സുന്ദരനായ യുവാവുമായി വിവാഹവും നടന്നു . അവളുടെ അഭംഗിയെ പറ്റി വല്ലാതെ വ്യാകുലപെട്ടിരുന്ന വീട്ടുകാര്ക്ക് സന്തോഷത്തിനു അതിരില്ലായിരുന്നു . എല്ലാം കൊണ്ടും നല്ല ബന്ധം. നല്ല സ്വഭാവമുള്ള പയ്യൻ. അവൾക്ക് ഇത്രയ്ക്ക് നല്ല പയ്യനെ കിട്ടിയല്ലോ എന്ന് ചിലർ അടക്കം പറയാനും ഉണ്ടായിരുന്നു . അങ്ങനെ ഉള്ളവർ ഇല്ലെങ്കിൽ സമൂഹത്തിനു എന്ത് പൂർണത, അല്ലെ. സന്തോഷപരമായ ദിവസങ്ങൾ കടന്നു പോയി .കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മുകുട്ടി ഒരു രഹസ്യം മനസ്സിലാക്കി, തന്റെ ഭര്ത്താവ് വിഷാദ രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട് . എങ്കിലും അതിൽ ഒരു തെറ്റും അമ്മുവിന് തോന്നിയില്ല .വീണ്ടും ദിവസങ്ങളും മാസങ്ങളും കഴിഞ്ഞപ്പോൾ ഭർത്താവ് സ്വഭാവ വ്യത്യാസങ്ങൾ കാണിക്കാൻ തുടങ്ങി . പ്രാണരക്ഷാർത്ഥം അമ്മുകുട്ടി വീട്ടിൽ നിന്നും ഇറങ്ങി ഓടേണ്ട അവസ്ഥകൾ പലതവണയായി . ഭർത്താവല്ലെ , ചികിത്സിച്ചാൽ ഭേദമാകാത്ത രോഗമുണ്ടൊ എന്ന് ചിന്തിച്ച് അമ്മു ഡോക്ടരുടെ സഹായം തേടി . ഭർത്താവിന്റെ രോഗാവസ്ഥ ഡോക്ടർ വിശദീകരിച്ചു. അതുകേട്ട അമ്മുകുട്ടി തകർന്നു പോയി . ഭര്ത്താവിന്റെ രോഗം വെറും വിഷാദമല്ല , മാനസീക രോഗത്തിലെ ഗ്രേഡ് കൂടിയ ബൈപോളാർ ഡിസോർഡർ . അയാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു . വർഷങ്ങളായി മരുന്നുകൾ കഴിക്കുന്നതിനാൽ കുട്ടികൾ ഉണ്ടാകുവാനും സാധ്യതയില്ല . അമ്മുക്കുട്ടിയെ തളർത്തിയത് ഭര്ത്താവിന്റെ രോഗാവസ്ഥയല്ല , മറച്ചു വച്ച് വിവാഹം നടത്തി ചതിക്കപെട്ടുവല്ലോ എന്നതാണ് . പോരാത്തതിനു ഡിവോഴ്സ് ചെയ്യാം എന്ന് ചിന്തിക്കുമ്പോൾ അതിനു അനുവദിക്കാത്ത ബന്ധുക്കളും അവളുടെ സമാധാനം നശിപ്പിക്കുന്നു.
അമ്മുകുട്ടി നമ്മുടെ മകളോ , സഹോദരിയോ ആണെങ്കിൽ എന്താവും നമ്മൾ എടുക്കുന്ന തീരുമാനം ? ഉറപ്പായും അവൾ അവനെ വിട്ടിട്ട് പുതിയ ജീവിതം തുടങ്ങട്ടെ എന്നേ ചിന്തിക്കൂ . രോഗിയുടെ വീട്ടുകാരും സ്വാർതഥ ചിന്ത കൊണ്ട് അനുവദിക്കുകയില്ല എന്നത് ഉറപ്പാണ് . പക്ഷെ നിയമപ്രകാരം രോഗം മറച്ച് വച്ച് നടത്തിയ വിവാഹം നിയമ സാധുത ഇല്ലാത്തതാണ് .
മാനസീക രോഗിയെ വിവാഹം കഴിപ്പിച്ച് , അവനെ/ അവളെ നോക്കാൻ ഒരാളെ ഒപ്പിച്ച് എടുക്കുക എന്ന സ്വാർതഥത മാത്രമാണ് ഇത്തരം വിവാഹങ്ങളുടെ പിന്നിലുള്ളത്. അതുകൊണ്ട് മറ്റൊരാളുടെ ജീവിതം കൂടെ നശിപ്പിക്കുകയാണെന്നു മാതാപിതാക്കൾ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല? ഇനി വരൻ/വധു മാനസീക രോഗിയാണെന്നു വേറെയാരെങ്കിലും പറഞ്ഞാൽ സംബന്ധവീട്ടുകാർ അവർക്ക് കുശുമ്പ് കൊണ്ടാണെന്ന നിഗമനത്തിലെത്തുകയും ചെയ്യും. ഇതിനൊരു പരിഹാരം വേണ്ടേ?
മാനസീക രോഗികളെ ആക്ഷേപിക്കുന്നതിനുള്ളതല്ല ഈ കുറിപ്പ്. രോഗം മറച്ച് വച്ച് വിവാഹം കഴിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അറിഞ്ഞു കൊണ്ട് മറ്റൊരാളുടെ ജീവിതം കുരുതി കൊടുക്കുന്നത് ക്രൂരതയും. രോഗം അറിഞ്ഞു കൊണ്ട് വിവാഹം ചെയ്തിട്ട്, മടുക്കുമ്പോൾ ഉപേക്ഷിക്കുന്നതും അനുവദനീയമല്ല. നിങ്ങളുടെ കണ്മുന്നിൽ ഇത്തരം ക്രൂരതകൾ നടക്കുമ്പോൾ പ്രതികരിക്കൂ, അമ്മുകുട്ടിയെ പോലെയുള്ളവരെ കുറ്റപെടുത്താതെ ആവശ്യമായ സഹായം നല്കുവാൻ ശ്രമിക്കൂ എന്ന അപേക്ഷ മാത്രം.
- സിസ്സി സ്റ്റീഫൻ