ഇത് വായിച്ചു ഏതെങ്കിലും ഒരമ്മ പശ്ചാത്തപിച്ചിരുന്നുവെങ്കിൽ…
ഒരു ആറു വര്‍ഷം മുമ്പാണ്. ഒരു നഴ്സ് ആയി ജീവിതം ആരംഭിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ കോട്ടയത്തെ ഒരു ഹോസ്പിറ്റലിൽ ഒരു അത്യാഹിത വിഭാഗത്തിലാണ് ഡ്യൂട്ടി.
ഇന്നത്തെ പോലെ അല്ല അന്ന് രണ്ട് ഷിഫ്റ്റേ ഉള്ളൂ അത് കൊണ്ട് തന്നെ നൈറ്റ് ഷിഫ്റ്റ് പതിനാല് മണിക്കൂർ ആണ് അഞ്ച് മണിക്ക് കേറണം.
തിരക്കില്ല എന്ന് ഭാവിക്കാനാണോ അതോ പണം ലാഭിക്കാനായിരുന്നോ ഒരു സ്റ്റാഫും ഒരു ഇന്റേൺഷിപ് സ്റ്റുഡന്റും മാ ത്രമാണ് ഡ്യൂട്ടിക്കുള്ളു. പിന്നെ എവിടെയെങ്കിലും ഹൗസ് സർജൻസി ചെയ്യുന്ന ദിവസ വാടകയ്ക്ക് വരുന്ന ഒരു ഡോക്ടറും. അയ്യോ പറയാൻ മറന്നു. ഇരുന്നൂറ്റമ്പതു ബെഡുള്ള ആ ഹോസ്പിറ്റലിൽ ഒരു നൈറ്റ് സൂപർവൈസറും ഉണ്ടാകും. അതും മാനെജ്മെന്റെ ഭാഗത്തുനിന്നും. പതിനാല് മണിക്കൂർ ഡ്യൂട്ടി ഉള്ളതായതിനാൽ ഒരു മണിക്കൂർ വിശ്രമമുണ്ട്…
അന്ന് നല്ല മഴയായിരുന്നു.. രാത്രികാലത്തെ മഴക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്.. തിരക്കില്ലാത്ത സമയത്ത് ചിലപ്പോഴോക്കെ ചില്ലുജാലകത്തിലുടെ ഒളിഞ്ഞു നോക്കാറുണ്ട്. ആരെയും വക വയ്ക്കാതെ പെയ്തിറങ്ങുന്ന അവളുടെ ആ സൗന്ദര്യം കാണാൻ…
അന്ന് നല്ല തിരക്കേറിയ ദിവസമായിരുന്നു അതു കൊണ്ടു തന്നെ സമയം പോയതറിഞ്ഞില്ല. തിരക്കൊഴിഞ്ഞപ്പോൾ ഞാൻ തന്നെ ആദ്യം വിശ്രമിക്കാൻ പോയി. തിരിച്ചു വരുമ്പോൾ ഒരു രോഗിയുണ്ട്. ഡോക്ടർ വീണ്ടും വിശ്രമിക്കാൻ പോയിരിക്കുന്നു. പതിനഞ്ചു ബെഡുള്ള ആ അത്യാഹിത വിഭാഗത്തിൽ രോഗി ഉള്ളിടത്ത് മാത്രമാണ് വെളിച്ചം ഇടാവൂ എന്നാണ് കർശന നിയമം. ചിലപ്പോളൊക്കെ ആരോ ഇരുട്ടിൽ പല്ലിളിക്കുന്നത് പോലെ തോന്നാറുണ്ട്.
തിരികെ ഡ്യൂട്ടി റൂമിലേക്ക് കയറിയപ്പോൾ രോഗിയുടെ വിവരങ്ങൾ തന്നു അവൾ വിശ്രമിക്കാൻ പോയി. വയറുവേദനയായിട്ട് വന്നതാണ് കൂടെ ആരുമില്ല. വയറ് ഒന്ന് പരിശോധിക്കാൻ പോലും സമ്മതിച്ചില്ല അതുകൊണ്ട് ഡോക്ടർ ഇന്‍ജക്ഷനും യൂറിൻ ടെസ്റ്റും എഴുതി വീണ്ടും വിശ്രമിക്കാൻ പോയി. റിസള്‍ട്ട് വന്ന ഉടനെ തന്നെ വിളിക്കാൻ പറഞ്ഞു കൊണ്ട്.
അല്ലെങ്കിലും ഇക്കാലത്ത് രോഗം നിർണയിക്കുന്നത് ലബോറട്ടറി റിസള്ട്ട്കളാണല്ലോ. എന്നാൽ യൂറിൻ എടുത്തു തന്നിട്ടില്ല. ഉറക്കത്തിന്റെ ആലസ്യത്താലാണോ ക്ഷീണം കൊണ്ടാണോ എന്റെ അറിവില്ലായ്മ കൊണ്ടാണോ രോഗിയുടെ അടുത്തേക്ക് പോകാതെ അവിടെ തന്നെ ഇരുന്നു.
ഇടക്കിടെ ബാത്ത്റൂമിൽ പോകുന്നുണ്ട് എന്നാൽ യൂറിൻ കിട്ടിയില്ല എന്ന് പറഞ്ഞു തിരിച്ചു വരുന്നു.
എന്റെ മുന്നിലൂടെ ആണ് നടന്ന് പോകുന്നത് പോയപ്പോ ഞാനൊന്ന് ശ്രദ്ധിച്ചു അവരെ സ്വന്തം ശരീരത്തിന് ഇണങ്ങാത്ത രണ്ടിരട്ടി വലുപ്പമുളള ഒരു മാക്സിയാണ് അവൾ ധരിച്ചിരുന്നത്. പതിനഞ്ചു മിനിറ്റിന് ശേഷം വീണ്ടും തിരിച്ചു വന്നു ഒഴിഞ്ഞ കുപ്പിയുമായി അരണ്ട വെളിച്ചത്തിൽ അവരുടെ മുഖം കണ്ടപ്പോ വളരെയേറെ വേദന സഹിക്കുന്നുണ്ടെന്ന് തോന്നി.
എന്നാലത് പ്രകടിപ്പിക്കുന്നില്ല.. ഞാൻ ചിന്തിച്ചു.. ഗ്ളൂക്കോസ് ഇട്ടിട്ടുണ്ടല്ലോ പിന്നെ എന്താണ് യൂറിൻ കിട്ടാത്തത്? അങ്ങനെയാണല്ലോ ഒരു തുമ്മലായിട്ട് വന്നാലും ബെഡിനരുകിൽ ഒരു കുപ്പി തൂക്കിയിട്ടിട്ടുണ്ടാകും…. എന്തോ ഒരു പന്തികേട് തോന്നി അടുത്ത് ചെന്ന് വേദന കുറവുണ്ടോ എന്ന് ചോദിച്ചു
കുറവുണ്ട്. എന്നാൽ മുഖത്തെ വേദനയുടെ ഭാവങ്ങൾ അവൾക്ക് ഒളിക്കാൻ കഴിഞ്ഞില്ല. ചരിഞ്ഞാണ് കിടക്കുന്നത് മാക്സി ഒരു കൈകൊണ്ട് ഉയര്‍ത്തി പിടിച്ചിരിക്കുന്നു. നേരെ കിടക്കൂ. വയറൊന്ന് നോക്കട്ടെ…
ഒന്നും അറിഞ്ഞിട്ടല്ല പഠിച്ചിറങ്ങി ആരംഭിച്ചിട്ടേ ഉള്ളൂ നഴ്സ് എന്ന ആ വലിയ പാഠപുസ്തകം എങ്കിലും അങ്ങിനെ പറയാനാണ് തോന്നിയത്.
ഇല്ല.. ഭയങ്കര വേദനയാണ് എന്ന് പറഞ്ഞു കൊണ്ട് കാലു രണ്ടും ഇറുക്കി പിടിച്ചു കൊണ്ട് ചരിഞ്ഞു കിടന്നു. പെട്ടെന്ന് അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ അവളുടെ വയറിൻമേൽ കൈ വച്ചു നോക്കി
ഒരു നിമിഷം ശ്വാസം നിന്നു പോയി. കയ്യിൽ അവളുടെ വയർ വലിഞ്ഞു മുറുകുന്നത് അറിയാമായിരുന്നു. ഒരു പൂർണ്ണ ഗർഭിണിയാണ് മുന്നിൽ കിടക്കുന്നത്… വേഗം തന്നെ സമനില വീണ്ടെടുത്ത് അവളോടു ചോദിച്ചു. നിഷേധമായിരുന്നു ഉത്തരം…
അവസാനം സകല ദേഷ്യത്തോടുകൂടി ആക്രോശിച്ചു മര്യാദക്ക് സത്യം പറ ഇല്ലെങ്കിൽ പോലീസിനെ വിളിക്കും.. അതിലവൾ വീണു മനസ്സ് തുറന്നു.
ആർക്കും അറിയില്ല ഭർത്താവ് മരിച്ചു രണ്ടു വര്‍ഷമായി അഞ്ചു വയസുള്ള ഒരു കുഞ്ഞുണ്ട് തനിയെയാണ് താമസം വേദന സഹിക്കാതയപ്പോ പോന്നതാണ് ഇഞ്ചക്ഷൻ എടുത്ത് തിരിച്ചു പോകാൻ അപ്പോഴാണ് യൂറിൻ എടുക്കാൻ പറഞ്ഞത് മഴയായതിനാൽ തിരിച്ചു പോകാനും നിവർത്തിയില്ല.
ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്ന് പോയി. അവളെ നേരെ കിടത്തി പരിശോധിച്ചു. ഈശ്വരാ….. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസിൽ ഉറക്കെ വിളിച്ചു. കുഞ്ഞിന്റെ തല എനിക്ക് കാണാമായിരുന്നു.. അവൾ ഒരൊറ്റ തവണ കൂടി ബാത്ത് റൂമിൽ പോയിരുന്നുവെങ്കിൽ !!!
ഒറ്റ ദിവസം കൊണ്ട് ഞാനൊരു താരമായി മാറിയേനെ !!! കുപ്രസിദ്ധ താരം !!! പിറ്റേ ദിവസത്തെ പത്രത്തില്‍ ആ വാര്‍ത്ത വരുമായിരുന്നു നഴ്സിന്റെ അനാസ്ഥ മൂലം യുവതി ക്ളോസറ്റിൽ പ്രസവിച്ചു.
ഞാൻ ഓടി ഡോക്ടറെയും സൂപർവൈസറേയും വിവരമറിയിച്ചു. അപ്പോളും അവൾ പറയുന്നുണ്ടായിരുന്നു ആരെയും അറിയിക്കരുതേ എന്ന്. എന്നാലവരെത്തുമ്പോളക്കും എന്റെ കൈകളിലെക്ക് അവളൊരു പെൺകുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
സജ്ജീകരണങ്ങൾ കുറവായതിനാൽ വേഗം തന്നെ രണ്ടു പേരെയും ലേബർ റൂമിലേക്ക് മാറ്റി. കൃത്യം ഒരു മണിക്കൂറ് കഴിഞ്ഞിട്ടുണ്ടാകും കൂടെയുണ്ടായിരുന്നവളോട് സംഭവിച്ചത് വിവരിക്കവെ അതാ വരുന്നു അവൾ.
ഞാനൊന്നുമറിഞ്ഞില്ലെ രാമനാരയണാ എന്ന ഭാവത്തോടെ. ഒഴിഞ്ഞ വയറുമായി വരുന്ന അവളെ കണ്ടപ്പോ യഥാർത്ഥത്തിൽ ഞെട്ടിയത് ഞങ്ങളാണ്. എന്റെ ചെരുപ്പ് ഇവിടെ ഊരിയിട്ടിട്ടാ ഞാൻ ലേബർ റൂമിലേക്ക് പോയത് അതിവിടെ ഉണ്ടോ? എന്നുള്ള ചോദ്യമാണ് അത് അവൾ തന്നെ ആണ് എന്ന് ഉറപ്പിച്ചത്.
ഡ്യൂട്ടി കഴിഞ്ഞതും ഞാനോടി ലേബർ റൂമിലേക്ക് എന്റെ ജീവിതത്തിലെ കറുത്ത അധ്യായമാകേണ്ടിയിരുന്ന ആ കുഞ്ഞിനെ ഒന്ന് കൂടി കാണുവാൻ. എന്നാൽ അവളവിടെ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കഞ്ഞുങ്ങളുടെ NICU ലോട്ട് മാറ്റിയിരുന്നു..
മനസിൽ ഒരു കുന്നോളം സങ്കടമായിട്ടാണ് അന്ന് കോഫി കുടിക്കാനായിട്ട് ജോസേട്ടന്റെ കാന്റീൻനിലോട്ട് പോയത്.
ജോസേട്ടനോട് ഒരു കോഫി പറഞ്ഞു അപ്പുറത്തെ മേശയിലോട്ട് ഒന്ന് കണ്ണോടിച്ചതാണ് അമ്പരന്നു പോയി…
അവിടെ അതാ ജോലിക്കാരൻ രവിയേട്ടനോട് കുശലം പറഞ്ഞു ചായയും പഴംപൊരിയും കഴിക്കുന്നൂ നമ്മുടെ കഥാനായിക.
കൊണ്ട്വന്ന ചായ തൊണ്ടയിൽ കൂടി ഇറക്കാൻ വയ്യാതായി. പിന്നെ അവിടെ നിക്കാൻ തോന്നില്ല ഇറങ്ങി നടന്നു.. എന്തിനാണ് ഈ കാട്ടികൂട്ടലുകളൊക്കെ?? ആരെയെങ്കിലും ബോധ്യപ്പെടുത്താനായിരുന്നുവോ അതോ ഈ ലോകം അവളെ വേശ്യയെന്ന് വിളിക്കാതിരിക്കാനോ?
തിരിച്ചു വൈകുന്നേരം ഡ്യൂട്ടിക്ക് കയറിയപ്പോ ആദ്യം തിരഞ്ഞത് അവളുടെ കേസ് ഷീറ്റായിരുന്നു. എന്നാല്‍ അങ്ങനെ ഒരാൾ അവിടെ വന്നിട്ടില്ല എന്ന രീതിയിൽ എല്ലാ തെളിവുകളും തുടച്ചു മാറ്റപ്പെട്ടിരുന്നു.
ഓടി… NICU ലോട്ട് കുഞ്ഞിനെ കാണാൻ. എന്നാലതിനെ ഏതോ അനാഥലയത്തിലേക്ക് മാറ്റിയിരുന്നു.
അന്ന് പ്രതികരിക്കാൻ കെൽപ്പില്ലാതെ പോയതിന് ഇന്ന് ഞാൻ ഖേദിക്കുന്നൂ.
കുഞ്ഞേ… മാപ്പ്. …ഞാനന്ന് ശബ്ദിച്ചിരുന്നുവെങ്കിൽ നിനക്ക് അർഹമായതൊന്നും നിനക്ക് നഷ്ടമാകില്ലായിരുന്നു ഈ ലോകം നിന്നെ അനാഥയെന്ന് വിളിക്കില്ലായിരുന്നു..
എങ്കില്‍ ഒരായിരം വട്ടം ക്ഷമ ചോദിക്കുന്നൂ നിന്നോട്. ഇന്നിപ്പോ ആറു വയസ്സുണ്ടാകും നിനക്ക്.
സജന ജോസഫ് | Exclusive