അന്ന് അവൾ ഓഫിസിൽ നിന്നും ഇറങ്ങാൻ വൈകി, ഒറ്റയ്ക്കാണ് അവൾ വീട്ടിലേക്ക് പോകേണ്ടിയിരുന്നത്. അവൾ പതുക്കെ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു.
പക്ഷേ അന്ന് നേരം അല്പം വൈകിയതുകൊണ്ട് ഒരു ഓട്ടോയ്ക്ക് വേണ്ടി അവൾക്ക് കാത്ത് നിൽക്കേണ്ടി വന്നു. ഇടയ്ക്ക് അവളെ ആരോ പിന്തുടരുന്നതായി അവൾക്ക് തോന്നി, അവൾ ഒന്ന് തിരിഞ്ഞു ‘ഭും’ അയാൾ പറഞ്ഞു, അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി, അയാൾ അത് കണ്ട് പൊട്ടി ചിരിക്കാൻ തുടങ്ങി…
അത് അവളുടെ സഹപ്രവർത്തകനായിരുന്നു, ‘നീ അങ്ങനെ ഈ അസമയത്ത് ഒറ്റയ്ക്ക് ഓട്ടോസ്റ്റാൻഡിലേക്ക് നടക്കണ്ട, ഞാൻ ഉണ്ട് പേടിക്കണ്ട, നിനക്ക് ഒരു ഓട്ടോ കിട്ടുന്നതുവരെ നിന്റെ കൂടെ ഞാൻ ഉണ്ടാകും, നീ ഇപ്പോൾ എന്റെ ഉത്തരവാദിത്വമാണ്.’ അയാൾ പറഞ്ഞു. അങ്ങനെ 10 മിനിട്ടിന്റെ കാത്തുനില്പിന് ശേഷം ഒരു ആളൊഴിഞ്ഞ ഓട്ടോ വന്നു.
ഇതുവഴി കടന്നു പോകുന്ന അവസാനത്തെ ഓട്ടോ ആയിരിക്കും അത് എന്ന് അവൾക്ക് തോന്നി. അവൾ അല്പം ഭയത്തോടെ ഓട്ടോ ഡ്രൈവറെ നോക്കി, ‘പേടിക്കണ്ട സഹോദരി, ഞാൻ നിങ്ങളെ സുരക്ഷിതയായി വീട്ടിൽ എത്തിക്കാം. അതിന്റെ ഉത്തരവാദിത്വം എനിക്കാണ്’, ഓട്ടോ ഡ്രൈവർ പറഞ്ഞു. അവൾ അതിൽ കയറി ഇരുന്നു….
ഒരു ഇരുണ്ട ഇടവഴിയിലൂടെ കുറഞ്ഞത് 5 മിനിട്ടെങ്കിലും നടന്ന് വേണം അവളുടെ വീട്ടിൽ എത്താൻ. അവൾ ആ ഇടവഴിയിലേക് കടന്നപ്പോൾ ഒരു മദ്ധ്യവയസ്കൻ പുകവലിച്ചു കൊണ്ട് അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു, അത് അവളുടെ ഒരു അയൽവാസി ആയിരുന്നു…
സിഗരറ്റ് ദൂരത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട് അയാൾ പറഞ്ഞു, ‘വന്നോളു ഞാൻ നീ വീടെത്തുന്നതുവരെ കൂടെ വരാം. പേടിക്കണ്ട മോളെ നീ എന്റെ മകളെ പോലെയല്ലേ, നിന്റെ ഉത്തരവാദിത്വം ഇപ്പോൾ എനിക്കാണ്.’ അങ്ങനെ ആ പെൺകുട്ടി അന്ന് സുരക്ഷിതയായി വീട്ടിൽ എത്തി.
ഞാൻ എന്റെ ഈ എഴുത്തിൽ ഇടയ്ക്ക് ചിലയിടങ്ങളിൽ അല്പം ഒന്ന് നിർത്തിയിട്ടാണ് മുന്നോട്ട് പോയത്, അത് എന്തെങ്കിലും അരുതാത്തത് സംഭവിക്കും എന്ന ഒരു തോന്നൽ നിങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ടാകും തീർച്ച. ഈ പേടിയാണ് ഇന്നത്തെ സമൂഹം നമുക്ക് നൽകുന്നത്.
ആ സഹപ്രവർത്തകനേയും, ഓട്ടോഡ്രൈവറിനേയും അയൽക്കാരനേയും പോലെ ആയിരുന്നു സമൂഹം എങ്കിൽ ഈ ഭയം ഒരിക്കലും നമ്മിൽ ഉണ്ടാകുമായിരുന്നില്ല.
സുഹൃത്തുക്കളെ, നിങ്ങളുടെ അമ്മയും, പെങ്ങളും എല്ലാം നിങ്ങളുടെ ഉത്തരവാദിത്വങ്ങളെന്നപോലെ, “അവളും” നിങ്ങളുടെ ഉത്തരവാദിത്വമാണ്. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഇനിയെങ്കിലും ഇതൊന്ന് മനസ്സിൽ ഉറപ്പിക്കുക.
ഗായത്രി