സ്വന്തമായൊരു വാഹനം എന്നത് ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ്. അതിനി വെറുമൊരു ആഗ്രഹം മാത്രമാകുമോ എന്നാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പുതിയ വാഹനം വാങ്ങുന്നതിനേക്കാൾ ആശ്വാസകാരമായിരുന്നു ഒരു സെക്കന്റ് ഹാൻഡ് അല്ലെങ്കിൽ യൂസ്ഡ് വാഹനങ്ങൾ വാങ്ങാം എന്നത്. എന്നാലിത ഇനി ആ പഴുതും അടയുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.
യൂസ്ഡ് കാർ വിൽക്കുന്നതിനുള്ള ജിഎസ്ടി നികുതി 12 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി ഉയർത്തിയിരിക്കുന്നു. രാജസ്ഥാനിലെ ജയ്സാല്മറില് നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 1200 സിസി വരെ എഞ്ചിനുകളുള്ള വാഹനങ്ങള്‍ വില്ക്കുമ്പോഴാണ് ഈ മാറ്റം ബാധകമാവുക. മുമ്പ് 1200 സിസിയില്‍ കൂടുതലുള്ള കാറുകള്‍ക്ക് 18 ശതമാനവും അതിന് താഴെയുള്ളവയ്ക്ക് 12 ശതമാനം നികുതിയുമായിരുന്നു ഈടാക്കിയിരുന്നത്.
യൂസ്ഡ് കാര്‍ വില്‍പ്പനക്കായി രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാരേയാണ് ഈ തീരുമാനം ഏറ്റവും അധികം ബാധിക്കുക. ഒരു വ്യക്തിയിൽ നിന്ന് ഒരു പഴയ കാർ വാങ്ങുമ്പോൾ, വിൽപ്പനയ്ക്ക് ജിഎസ്ടി ബാധകമാകില്ല, പക്ഷേ ഒരു ഡീലർ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ, യൂസ്ഡ് കാർ ഷോറൂമുകൾ, ഓൺലൈൻ പ്ലാറ്റ് ഫോമുകൾ തുടങ്ങിയവയിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ സാഹചര്യം തികച്ചും വ്യത്യസ്തമായിരിക്കും. അതായത് ഡീലറോ, മറ്റു പ്ലാറ്റഫോമുകളോ 1 ലക്ഷം രൂപയുടെ കാർ 1.5 ലക്ഷം രൂപക്ക് വിൽക്കുകയാണെങ്കിൽ 40,000 രൂപയോളമാകും അതിന്റെ ജി എസ് ടി. ഇതോടെ പഴയ കാറുകളുടെ വില വർധിക്കും എന്ന് സാരം. അങ്ങനെ വരുമ്പോൾ യൂസ്ഡ് കാർ വാങ്ങിക്കാം എന്നത് സാധാരണക്കാരന്റെ ഒരു മോഹം മാത്രമായി അവിശേഷിക്കും.