പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയുടെ മരണത്തിൽ പ്രതികരണവുമായി ആശയുടെ പിതാവ് ശിവാനന്ദൻ. മകൾക്ക് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ശിവാന്ദൻ വ്യക്തമാക്കുന്നത്. ഉല്ലാസ് പന്തളവുമായി മകളുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അങ്ങനെയൊരു പരാതി തനിക്കും കുടുംബത്തിനും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാനസികമായ അസ്വസ്ഥതകളാകാം മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പിതാവ് പറയുന്നത്. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉല്ലാസും മകളും തമ്മിൽ കുടുംബപ്രശ്‌നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാൾ അടുത്തിടെയായിരുന്നു. അന്ന് പിറന്നാൾ ആഘോഷം നടത്താൻ കഴിയാത്തതിനാൽ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങളൊക്കെ അവർക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവർ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ എനിക്കോ എന്റെ കുടുംബത്തിനോ ഒന്നും പറയാനില്ല – അദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാംനിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെ വീട്ടിൽ കാണാനില്ലെന്ന് ഉല്ലാസ് പന്തളം അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിനിൽക്കുന്നനിലയിൽ ആശയെ കണ്ടെത്തിയത്. ഉടൻതന്നെ ബന്ധുക്കളും പോലീസും ചേർന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്നലെ രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുശേഷം ആശ മക്കൾക്കൊപ്പം മുകൾനിലയിലെ മുറിയിൽ കിടക്കാൻ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. എന്നാൽ അല്പസമയത്തിന് ശേഷം ഉല്ലാസ് മുകൾനിലയിലെ മുറിയിൽ എത്തിയപ്പോൾ ഭാര്യയെ കുഞ്ഞുങ്ങൾക്കൊപ്പം കണ്ടില്ല. തുടർന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു. ഇതിനുപിന്നാലെയാണ് പോലീസിനെ വിവരമറിയിച്ചത്.
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഒന്നാംനിലയിലെ ടെറസിൽ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനിൽക്കുന്ന നിലയിൽ ആശയെ കണ്ടെത്തിയത്. ഉണങ്ങാനിട്ട തുണികൾക്കിടയിലാണ് ആശ തൂങ്ങിമരിച്ചതെന്നാണ് വിവരം. ഇതുകാരണമാകാം ആദ്യപരിശോധനയിൽ ശ്രദ്ധയിൽപ്പെടാതിരുന്നതെന്നും കരുതുന്നു.
YOU MAY ALSO LIKE THIS VIDEO; ബിഗ്‌ബോസ് താരത്തിന്റെ ബിക്കിനി ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോൾ ആൾക്കാരുടെ ആവശ്യങ്ങൾ കൂടി, ചാൻസ് കിട്ടാൻ വേണ്ടിയാണ് തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക് മറുപടിയുമായി ജാനകി