മലയാളം ഇ മാഗസിൻ.കോം

ബൈക്കിൽ ഒപ്പം വന്ന ഭാര്യയെ സിഗ്നലിനു ശേഷം കാണാതായി: ടെൻഷനടിച്ച്‌ നിന്ന ആ ഭർത്താവ്‌ കണ്ടത്‌

സിഗ്നലിൽ പച്ച തെളിഞ്ഞു വണ്ടി മുന്നോട്ടെടുക്കാൻ നേരത്ത് വെറുതേ ഒന്ന് പുറകിലേക്ക് നോക്കിയതാണ്. അതുവരെ പണയം വച്ച കിണ്ടി പോലെ മ്മളെ ബൈക്കിന്റെ പുറകിൽ അള്ളിപ്പിടിച്ചു കുത്തിയിരുന്ന പുന്നാര ബീവി ഉമ്മുകുൽസു പെട്ടെന്ന് എങ്ങോ അപ്രത്യക്ഷ ആയിരിക്കുന്നു.

പടച്ചോനേ ആ ദജ്ജാലിനെ വല്ലോരും തട്ടിക്കൊണ്ടു പോയോ എന്ന് ചിന്തിച്ചെങ്കിലും ആ സാധനത്തിനെ ഒക്കെ തട്ടിക്കൊണ്ടു പോകാൻ മാത്രം വിവരം കെട്ട ആളുകൾ ഞങ്ങടെ ജില്ലയിൽ ഇല്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി. അപ്പോഴേക്കും പുറകിൽ ഉള്ള വണ്ടിക്കാർ ഹോണടിച്ചു ബഹളം വെക്കാൻ തുടങ്ങിയിരിക്കുന്നു. സംഗതി ആളൊരു കീറാമുട്ടി ആണെങ്കിലും മ്മളെ കെട്ട്യോൾ ആയിപ്പോയില്ലേ ബേജാറിലാണ്ടിരിക്കുമോ. ആകെക്കൂടി തല പെരുക്കുന്നതുപോലെ.

അതിനിടക്ക് വണ്ടി എടുക്കാഞ്ഞിട്ട് പുറകിലുള്ളവന്മാർ തന്തക്ക് വിളി തുടങ്ങിയിരുന്നു. വേഗം വണ്ടി എടുത്ത് സിഗ്നൽ ക്രോസ്സ് ചെയ്തു കുറച്ചു മുന്നോട്ട് കയറി റോഡ് സൈഡിലേക്ക് കയറ്റി നിർത്തി ആദ്യം പോലീസിൽ അറിയിക്കണോ അതോ ഓളെ വീട്ടിൽ അറിയിക്കണോ എന്നുള്ള കൺഫ്യുഷനിൽ മൊബൈൽ എടുത്ത് കുത്താൻ നോക്കുന്നതിനിടക്കാണ് റോഡിന്റെ അങ്ങേ തലക്കൽ ഒരു പെണ്ണ് മേലോട്ടും നോക്കി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

ആ പുള്ളിചുരിദാറും പഴം മുണുങ്ങിയതുപോലുള്ള ബോഡി സ്ട്രെക്ച്ചറും കണ്ടപ്പോൾ തന്നെ ആളെ പിടികിട്ടി. എന്നാലും ന്റെ റബ്ബേ. ഓൾക്കിതെന്തു പറ്റി.

ആ നിർത്തവും മേലോട്ടുള്ള നോട്ടവും ഒക്കെക്കൂടി കണ്ടപ്പോൾ എന്തോ ഒരു കിളി പോയ പോലെ തോന്നി. കഴിഞ്ഞാഴ്ച ബാത്‌റൂമിൽ ഒന്ന് വഴുക്കി വീണിരുന്നു. അന്നത് വല്ല്യ കാര്യമാക്കിയില്ല. ഇനിയിപ്പോ അതിന്റെ ആഫ്റ്റർഎഫക്ട് ആയിരിക്കുമോ എന്ന് ചെറിയൊരു സംശയം.

ഏതായാലും ബുള്ളറ്റിന്റെ ചാവി ഊരി റോഡ് മുറിച്ചു കടന്നു ഓളെ അടുത്തേക്ക്‌ ചെന്നു. ഞാൻ അടുത്തെത്തിയിട്ടും ആൾക്ക് യാതൊരു കുലുക്കവും ഇല്ല. കണ്ണ് രണ്ടും മേലോട്ടാക്കി അതേ നിൽപ്പ് തന്നെ. “കുഛ്ഹ്.. കുഛ്ഹ്..” എന്ന് ചെറുതായി മുരടനക്കി നോക്കിയപ്പോൾ ഭാഗ്യത്തിന് ആള് തിരിഞ്ഞു. എന്നിട്ട്. “ഇക്കാ… ഇങ്ങള് അത് കണ്ടോ” എന്ന് ചോദിച്ചു മേലോട്ട് കൈ ചൂണ്ടി. അപ്പോഴാണ്‌ ഞാൻ അങ്ങോട്ട്‌ നോക്കുന്നത്. ഒരു മൊഞ്ചത്തി സിനിമാനടി.

കവിളൊക്കെ നല്ല റോസാപ്പൂ പോലെ ചൊക ചൊകാന്നിരിക്കുന്നു. കണ്ണുകൾക്ക്‌ പകരം രണ്ടു കരിംകൂവളപ്പൂക്കൾ ആണ് എന്റെ മനോമുകുരങ്ങളിൽ തെളിഞ്ഞത്. വില്ലുപോലെ വളഞ്ഞ പുരികങ്ങളിൽ എനിക്കെതിരെ തൊടുത്തു വിടാൻ തയ്യാറായി നിൽക്കുന്ന പ്രണയത്തിന്റെ അസ്ത്രങ്ങൾ. ആ കാഴ്ച കണ്ടു ഒരു നിമിഷത്തേക്ക് ഞാൻ പരിസരം മറന്നു പോയി.

“നല്ല മൊഞ്ചുണ്ട് ലേ ഉമ്മൂ ഓളെ കാണാൻ…” എന്ന് അറിയാതെ ചോദിച്ചുപോയി. അപ്പൊ തന്നെ കിട്ടി നല്ലൊരു നുള്ള്. ആ നുള്ളിൽ കയ്യിന്റെ ഒരു കണ്ടം ഓളെ കൂർത്ത നഖത്തിന്റെ കൂടെ പറിഞ്ഞു പോയോ ന്നൊരു ഡൗട്ട്. റോഡ് സൈഡ് ആയതുകൊണ്ട് ഒന്ന് ഉച്ചത്തിൽ കരയാൻ പോലും പറ്റിയില്ല. പിന്നൊരു ആശ്വാസം എന്താന്നു വച്ചാൽ റോഡ് സൈഡ് ആയതുകൊണ്ട് നുള്ള് മാത്രേ കിട്ടിയുള്ളൂ. വീട്ടിലെങ്ങാനും ആയിരുന്നെങ്കിൽ ഓളെ കീരിപ്പല്ലിന്റെ മൂർച്ച കൂടി ഞമ്മളെ ബോഡിയിൽ ടെസ്റ്റ്‌ ചെയ്തേനെ ഹിമാർ. “ഓളെ മൊഞ്ച് നോക്കി വെള്ളമിറക്കാനല്ല ഇങ്ങളോട് പറഞ്ഞത്. ഇങ്ങള് ഓളെ കാതിലിട്ട കമ്മല് കണ്ടോ. എന്ത് രസാലേ…”

അപ്പോഴാണ്‌ ഞാൻ ആ പരസ്യബോർഡ് ശ്രദ്ധിച്ചത്. “മയൂരം ജ്വല്ലറി” ശരിക്കും ആ ബോർഡ് അവിടെ കൊണ്ടുവന്നു കുരുപ്പടക്കിയ നായിന്റെ മക്കളെ ആ ജ്വല്ലറിയുടെ പേരിൽ തന്നെ അഭിസംബോധന ചെയ്യാനാണ് അപ്പോൾ തോന്നിയത്. ആ നീല മുത്ത് പതിപ്പിച്ച ജിമിക്കി കമ്മലിൽ ഉദാസീനതയോടെ നോക്കിക്കൊണ്ട് “ആ നല്ല രസമൊക്കെ ണ്ട്…” എന്ന് മറുപടി കൊടുത്തു.

അത് കേട്ടതോടെ ഉമ്മുകുൽസുവിന്റെ കണ്ണുകൾ രണ്ടും ആമ്പൽപൂ വിടരുന്നതുപോലെ വിടർന്നു. വല്ലാത്തൊരു തിളക്കം മുറ്റിയ കണ്ണുകൾ എന്റെ നേരെ തിരിച്ചുകൊണ്ട്. “എനിക്കും വേണം അതുപോലുള്ള കമ്മൽ” എന്നൊരൊറ്റ പറച്ചിലായിരുന്നു.

അത് കേട്ടതോടെ എന്റെ കിളി മൊത്തം പോയി. “ഇയ്യൊന്ന് പോവാൻ നോക്ക്…. പൊരപ്പണിക്ക് എടുത്ത കടം തന്നെ തീർന്നിട്ടില്ല… അതിന്റെടക്കാ.. ഓളെ. ന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.. ട്ടോ” എന്ന് പറഞ്ഞു വായിൽ വന്നത് വിഴുങ്ങി ഓളെയും പിടിച്ചു വലിച്ചു നേരെ വണ്ടിക്കടുത്തേക്ക് നടന്നു.

വണ്ടിയിൽ കയറാൻ നേരത്ത് ഓള് “ന്റെ കമ്മല് കൊണ്ടോയി മാറ്റി എടുത്താൽ പോരേ” എന്ന് ചോദിക്കുന്നുണ്ടായിരുന്നു. സംഗതി ശരിയാണ്. പഴയ കമ്മല് കൊടുത്തു മാറ്റി എടുക്കാൻ ആയാലും 5000-10000 കയ്യീന്ന് പോണ കേസ് ആയതുകൊണ്ട് തൽകാലം അത്രയും പൈസ എടുക്കാൻ ഇല്ലാത്തതുകൊണ്ട് “ബാക്കി കൊടുക്കാനുള്ള പൈസ അന്റെ പൊരെന്നും കൊണ്ടുവന്നു തര്വോ” എന്ന് അറിയാതെ ചോദിച്ചു പോയി. അപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു.

“അപ്പൊ ന്റെ പൊരെന്നും ഞാൻ കൊണ്ടൊന്ന മുപ്പത് പവൻ എവിടെപ്പോയി” എന്നൊരൊറ്റ ചോദ്യമായിരുന്നു. “അത്.. പിന്നെ.. പൊരപ്പണിക്ക് പൈസ തികയാതെ വന്നപ്പോ നീയല്ലേ അതൊക്കെ എടുത്ത് തന്നത്” എന്ന് പറഞ്ഞു സംഗതി കോമ്പ്രമൈസ് ആക്കാൻ നോക്കിയെങ്കിലും. “എന്നിട്ട് ആ പൊര ന്റെ പേരിൽ അല്ലല്ലോ ഇങ്ങളെ ഉമ്മാന്റെയും ഇങ്ങളെയും പേരിലല്ലേ. അതിന്റെ കണക്കൊന്നും ഞാൻ പറഞ്ഞില്ലല്ലോ. ഒരു ചെറ്യേ രണ്ടു കമ്മല് മാത്രല്ലേ ചോയ്ച്ചത്” എന്നും പറഞ്ഞു ഓള് പുറകിലിരുന്ന് ഏങ്ങലടിക്കാൻ തുടങ്ങി. “ആ…. ഉമ്മാന്റെ പേരിൽ ഉള്ള സ്ഥലത്ത് ഞാൻ പത്തിരുപത് ലക്ഷം ഉറുപ്യ മുടക്കി ഉണ്ടാക്കിയ വീടിന്റെ പണി തീരാതെ വന്നപ്പോ അന്റെ കുറച്ചു പണ്ടം എടുത്തതിനു എല്ലാംകൂടി അന്റെ പേരിൽ അങ്ങോട്ട്‌ എഴുതിത്തരാം. ന്താ പോരേ” എന്ന് ചോദിച്ചപ്പോഴേക്കും മൂപ്പത്തി കരച്ചിലിന്റെ സ്പീഡ് ഒന്നൂടി കൂട്ടി.

“ഇക്ക് അതൊന്നും വേണ്ട. ഞാൻ ന്റെ പൂതി പറഞ്ഞപ്പോ. വാങ്ങിത്തന്നില്ലെങ്കിലും വേണ്ട.. വാങ്ങിത്തരാം ന്ന്‌ വെറുതേ ഒന്ന് പറഞ്ഞൂടെ. ന്നാ പിന്നെ എനിക്കിത്ര സങ്കടം വരൂല്ലല്ലോ” എന്നൊക്കെ പറഞ്ഞു വീണ്ടും ചിണുങ്ങാൻ തുടങ്ങി. തൊട്ടടുത്തൊരു കട കണ്ടപ്പോൾ വണ്ടി മെല്ലെ സൈഡാക്കി.

അപ്പോഴേക്കും ഓളെ രണ്ടു കണ്ണിൽ നിന്നും കുടുകുടാ കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. കവിളൊക്കെ ചുവന്നു തുടുത്ത് നേരത്തെ കണ്ട സിനിമാനടിയുടെ മുഖം പോലെ ആയിട്ടുണ്ട്. വേഗം കീശയിൽ നിന്നും കർചീഫ് എടുത്തു മുഖം തുടച്ചു കൊടുക്കാൻ പോകുന്നതിനിടക്ക് അവള് തന്നെ കർചീഫ് വാങ്ങി മുഖം നന്നായി തുടച്ചു. കൂട്ടത്തിൽ എന്റെ പുതിയ കർച്ചീഫിൽ നന്നായി മൂക്ക് ചീറ്റി പിഴിഞ്ഞെടുത്തിട്ടാണ് തിരിച്ചു തന്നത്. “ഇത് തൽക്കാലം നീ തന്നെ വച്ചോ” എന്ന് പറഞ്ഞു കർചീഫ് വാങ്ങാതിരുന്നപ്പോൾ ഓളുടെ മുഖത്ത് ചെറിയൊരു കള്ളച്ചിരി വിടർന്നു.

കടയിൽ കയറി ഒരു ഐസ്ക്രീം കൂടി വാങ്ങി അവളുടെ കയ്യിൽ കൊടുത്തിട്ടാണ് വണ്ടി എടുത്തത്. ഐസ്ക്രീം മുണുങ്ങുന്ന തിരക്കിൽ ആയതുകൊണ്ടാവണം പിന്നെ വീട്ടിൽ എത്തുന്നത് വരെ വല്ല്യ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. ഉമ്മ രണ്ടു ദിവസത്തേക്ക് പെങ്ങളെ വീട്ടിൽ നിൽക്കാൻ പോയതുകൊണ്ട് വീട്ടിൽ ചെന്ന് നോക്കിയപ്പോൾ അവിടെ കഴിക്കാൻ ഒന്നും ഇല്ലായിരുന്നു.

പെട്ടെന്ന് ഉമ്മുവിനൊരു പൂതി. രാത്രിക്കത്തേക്ക് ചെമ്മീൻ ബിരിയാണി ഉണ്ടാക്കിയാലോ എന്ന്. അപ്പോഴേക്കും ഓളും ഞാനും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ കോമ്പ്ലിമെൻറ്സ് ആയ സ്ഥിതിക്ക് ഞാനും ഓക്കേ പറഞ്ഞു. “നീ ബിരിയാണിക്കുള്ള കാര്യങ്ങളൊക്കെ റെഡിയാക്കി വച്ചോ… ഇക്ക ഇപ്പൊ വരാം” എന്നും പറഞ്ഞു വണ്ടിയെടുത്തു അങ്ങാടിയിലേക്കിറങ്ങി.

അങ്ങനെ മീൻ മാർക്കറ്റിൽ ചെന്ന് നോക്കിയപ്പോൾ ആണ് ചെമ്മീന്റെ വില അറിയുന്നത്. കിലോയ്ക്ക് എഴുന്നൂറുറുപ്യ. “ഇജ്ജ് എന്താന്നു വച്ചാൽ ആളെ എടങ്ങേറാക്കാതെ വേഗം പറയ് മാന്വോ” മീൻകാരൻ അയമുക്ക ആണെങ്കിൽ മുള്ളിന്റെ മോളിൽ നിൽക്കുന്നതുപോലെ ആണ് മൂപ്പരെ നിൽപ്പും ഭാവവും. കീശയിൽ ആണെങ്കിൽ ആകെക്കൂടി ബാക്കി ഉള്ളത് ഒരു അഞ്ഞൂറിന്റെ നോട്ടാണ്. അതിന് മുഴുവൻ ചെമ്മീൻ വാങ്ങിയാൽ പിറ്റേന്ന് വണ്ടിയിൽ പെട്രോൾ അടിക്കണമെങ്കിൽ തെണ്ടേണ്ടി വരും.

അപ്പൊ ആണ് നല്ല നെയ്യുള്ള ഉരുണ്ട നാടൻ മത്തി കണ്ണിൽ പെട്ടത്. “ന്നാ പിന്നെ ഇയ്യ് മത്തി കൊണ്ടോയ്ക്കോ.. നല്ല പഞ്ഞി ഉള്ള സൈസാണ്. പച്ചക്കുരുമുളക് അരച്ചു മസാല കൂട്ടി നല്ല ഇളം തീയിൽ പൊരിച്ചെടുക്കണം… അതും കൂട്ടി ഒരു പിടി പിടിച്ചാൽ ണ്ടല്ലോ… ന്റെ മാന്വോ..” അയ്മുക്കാന്റെ പറച്ചിലും നാവു പുറത്തേക്ക് നീട്ടി കൊതി വലിക്കുന്ന ആക്ഷനും ഒക്കെക്കൂടി കണ്ടപ്പോൾ വായിൽ ഒരു വള്ളംകളിക്കുള്ള വെള്ളം നിറഞ്ഞു തുളുമ്പിപ്പോയി.

പക്ഷേ അപ്പോഴേക്കും കൺഫ്യുഷൻ… ഉമ്മുകുൽസു ചെമ്മീൻ മത്തി… ഇത് മൂന്നുംകൂടി മനസ്സിൽ കിടന്ന് ആകെക്കൂടി ഉരുണ്ടു മറിയുകയാണ്…. പക്ഷേ മത്തിയിൽ ഉള്ളത്ര വിറ്റാമിൻ ഒന്നും ചെമ്മീനിൽ ഇല്ലല്ലോ.. എന്നിട്ടും എന്തിനാ പഹയാ നീ ഇല്ലാത്ത കായി കൊടുത്ത് ചെമ്മീൻ വാങ്ങാൻ നിക്കണത് എന്ന് ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നതുപോലെ.

പിന്നൊന്നും നോക്കീല… കണ്ണും പൂട്ടി ഒരൊറ്റ കിലോ മത്തി അങ്ങോട്ട്‌ വാങ്ങി. അങ്ങനെ നല്ല നെയ്യുള്ള മത്തി കുരുമുളകും ചേർത്ത് പൊരിച്ചതും കൂട്ടി ചോറ് തിന്നുന്നതും കിനാവ് കണ്ടു വീട്ടിലേക്ക് മടങ്ങുന്നതിനിടക്കാണ് ചങ്ക് ബ്രോ ഷുക്കൂർ അർജന്റായി അവന്റെ വീടുവരെ ചെല്ലാൻ പറഞ്ഞു ഫോൺ ചെയ്യുന്നത്.

പോണവഴിക്ക് വീട്ടിൽ കയറി മത്തി ഉമ്മുവിനെ ഏല്പിച്ചിട്ട് പൊരിക്കേണ്ടത് എങ്ങനെ ആണെന്നും പറഞ്ഞു കൊടുത്തു നേരെ ഷുക്കൂറിന്റെ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ ഓനു പൊള്ളുന്ന പനി. നേരെ ഓനെയും കൂട്ടി ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി മരുന്നും വാങ്ങിക്കൊടുത്തു ഓന്റെ വീട്ടിൽ കൊണ്ടു വിട്ടപ്പോഴേക്കും നേരം ഒരുപാടായി.

തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ നല്ല ചൂടുള്ള മത്തി പൊരിച്ചതും പിന്നെ ഞമ്മളെ മൊഞ്ചത്തി ഉമ്മുകുൽസുവും ആയിരുന്നു ഖൽബു നിറയെ. ഉമ്മ വീട്ടിൽ ഇല്ലാത്തതുകൊണ്ട് മൊത്തത്തിൽ ഒരു കലക്ക് കലക്കിയിട്ടു തന്നെ ബാക്കി കാര്യം എന്നോർത്ത് കോളിംഗ് ബെല്ലിൽ വിരലമർത്തിയതും വാതിൽ മലർക്കെ തുറന്നുകൊണ്ട് ഉമ്മുകുൽസു പ്രത്യക്ഷപ്പെട്ടു. ഓളെ മോന്ത അന്നേരം ആകെക്കൂടി കടന്നല് കുത്തിയതുപോലെ ഉണ്ട്.

“എന്ത് പറ്റി ഇക്കാന്റെ പൊന്നിൻകുടത്തിനു” എന്ന് നൈസായി ചോദിച്ചു നോക്കിയെങ്കിലും റിപ്ലൈ ഒന്നും തരാതെ മൂപ്പത്തി നേരെ അകത്തോട്ട് കയറിപ്പോയി. ഏതായാലും മത്തി തിന്നിട്ട് ബാക്കി കാര്യത്തിലേക്ക് കടക്കാം എന്ന് കരുതി ഒന്ന് മണം പിടിച്ചു നോക്കിയെങ്കിലും മത്തി പൊരിച്ചതിന്റെ മാസ്മരിക ഗന്ധം കിട്ടാത്തതുകൊണ്ട് നേരെ ടേബിളിൽ ചെന്ന് നോക്കി.

അവിടെ ഉള്ള പാത്രങ്ങൾ മൊത്തം കാലി. അവിടുന്ന് നേരെ അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ എന്തെങ്കിലും വച്ചുണ്ടാക്കിയതിന്റെ ലക്ഷണമൊന്നും ഇല്ല താനും. ചെമ്മീൻ വാങ്ങാത്ത വാശിക്ക് ഓള് പണി പറ്റിച്ചു എന്ന് മനസ്സിലായെങ്കിലും അങ്ങനെ അങ്ങോട്ട്‌ തോറ്റു കൊടുക്കാൻ പറ്റില്ലല്ലോ. മത്തി പൊരിക്കാൻ പോളി ടെക്നിക്കിൽ ഒന്നും പോണ്ട ആവശ്യമില്ല എന്ന് ഉമ്മുകുൽസുവിനെ ബോധ്യപ്പെടുത്തിയിട്ട് തന്നെ ബാക്കി കാര്യം എന്ന് മനസ്സിൽ ഉറപ്പിച്ചു ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ അതും കാലി. പടച്ചോനേ.. ഈ മത്തി ഇതെവിടെപ്പോയി എന്നും ആലോചിച്ചു നിൽക്കുന്നതിനിടക്കാണ് അടുക്കളപ്പുറത്തു നിന്നും പൂച്ചകളുടെ കടിപിടി കേൾക്കുന്നത്.

വാതില് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച… ന്റെ.. റബ്ബേ.. ആ പഞ്ചായത്തിലെ മുഴുവൻ പൂച്ചകളും അടുക്കളപ്പുറത്തെ തെങ്ങിന്റെ ചോട്ടിൽ ന്റെ നെയ്യുള്ള മത്തിക്ക് വേണ്ടി കടിപിടി കൂടുന്ന കർണ്ണകഠോരമായ കാഴ്ച കണ്ടു ഞാൻ ഞെട്ടിത്തരിച്ചു നിന്നു പോയി.

“ഉമ്മുകുൽസൂ” എന്ന നീട്ടിയുള്ള എന്റെ നിലവിളി കേട്ടപ്പോൾ അകത്തു നിന്നും മറുപടിയും വന്നു. “ന്റെ മുപ്പത് പവൻ കൊണ്ടോയി വിറ്റപ്പൊ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. ഒരു ചെറ്യേ രണ്ടു ജിമിക്കി കമ്മലിന് പറഞ്ഞപ്പോ അതും ഇങ്ങക്ക് പറ്റൂല. അതും ഞാൻ ക്ഷമിച്ചു… അവസാനം ഇത്തിരി ചെമ്മീൻ ബിരിയാണി വെക്കാൻ വേണ്ടി ചെമ്മീൻ വാങ്ങിത്തരാൻ പറഞ്ഞപ്പോൾ ഇങ്ങള് കൊണ്ടോന്നത് ചീഞ്ഞ മത്തി. അങ്ങനെ ഇങ്ങള് ന്നെ പട്ടിണിക്കിട്ടിട്ട് മത്തി പൊരിച്ചത് മുണുങ്ങണ്ട”

എന്ന് പറഞ്ഞതിനൊപ്പം ഒരു ചിണുങ്ങിക്കരച്ചിൽ കൂടി കേട്ടപ്പോൾ പാവം തോന്നി. മെല്ലെ റൂമിലേക്ക്‌ ചെന്ന് ചെറുതായൊന്നു ആശ്വസിപ്പിക്കാം എന്ന് കരുതി പോയി നോക്കുമ്പോൾ റൂം അകത്തു നിന്ന് പൂട്ടിയിരിക്കുന്നു. “ഉമ്മൂ… സാരല്ല്യ… ചെമമീൻ ഞമ്മക്ക് നാളെ വാങ്ങാ.. ഇജ്ജ് തൽക്കാലം ഒന്ന് വാതില് തുറക്ക്” എന്ന് പറഞ്ഞു കുറേ മുട്ടി നോക്കിയെങ്കിലും… “പൊയ്‌ക്കോളീന്ന് അവിടുന്നും.. ഇങ്ങളിന്നു പുറത്തു കിടന്നാൽ മതി…”

എന്ന് ഉറക്കെ പറഞ്ഞതിന്റെ കൂടെ മുപ്പത് പവൻ ജിമിക്കി കമ്മൽ ചെമ്മീൻ എന്നൊക്കെ പിറുപിറുക്കുന്നതും കേൾക്കുന്നുണ്ടായിരുന്നു. ആകെക്കൂടി ശശി ആയി ഉമ്മ വീട്ടിൽ ഇല്ലാത്ത രാവിൽ ഉമ്മുകുൽസുവിനു ഒരു ഉമ്മ പോലും കൊടുക്കാൻ പറ്റാത്ത മനോവിഷമവും പേറി അയലിൽ നിന്നും ബെഡ്ഷീറ്റ് എടുത്തു ഡൈനിങ് ഹാളിൽ വിരിച്ചു കിടക്കുമ്പോൾ “ആ മുപ്പതു പവൻ എടുത്തു വിൽക്കാൻ തോന്നിയ ദുർബല നിമിഷത്തെക്കുറിച്ചോർത്തു ഞാൻ എന്നെത്തന്നെ പ്രാകിപ്പോയി”

Nb: പട്ടിണി കിടന്നു ചത്താലും വേണ്ടില്ല കെട്ട്യോളുടെ പൊന്നിൽ തൊട്ടു കളിക്കാൻ നിന്നാൽ ഖബറിൽ പോയി കിടന്നാലും സമാധാനം കിട്ടുമെന്ന് ഒരുത്തനും കിനാവ് കാണണ്ട. ജാഗ്രതൈ.

ജിമിക്കികമ്മൽ | രചന: Saleel Bin Qasim

Avatar

Staff Reporter