മലയാളം ഇ മാഗസിൻ.കോം

എന്തുകൊണ്ട്‌ വനിതാ കൂട്ടായ്മയ്ക്കെതിരെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ രംഗത്തു വരുന്നു?

പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിലനിന്നിരുന്ന പുരുഷാധിപത്യപ്രവണതയെഅടക്കം പലതിനേയുമാണ് തകർത്തെറിഞ്ഞുകൊണ്ടാണ് WCC രൂപീകരിക്കപെട്ടതും പ്രവർത്തനങ്ങളൂമായി മുന്നേറിയതും. 18 പേർ മാത്രമേ ഉള്ളൂവെങ്കിലും മഞ്ജുവാര്യർ, റീമകല്ലിംഗൽ, പാർവ്വതി, ബീന പോൾ തുടങ്ങിയ പ്രമുഖർ നായക സ്ഥാനത്ത് നിന്നതോടെ പുരോഗമന സ്ത്രീപക്ഷ നിലപാടുള്ള സമൂഹം ഓൺലൈനിലും അല്ലാതെയും ഈ നീക്കത്തിനു പിന്തുണയും നൽകി.

\"\"

നാളിതുവരെ ഉണ്ടായിരുന്ന രീതികളെ ലംഘിച്ചുകൊണ്ട് അവൾക്കൊപ്പം എന്ന ബാനർ സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ റീമ കല്ലിംഗൽ ഉയർത്തിയത് കൃത്യമായ സന്ദേശമാണ് സമൂഹത്തിനു നൽകിയത്. കസബ വിവാദത്തോടെ ആദ്യകാല പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ സൃഷ്ടിച്ച മതിപ്പ് മെല്ലെ മെല്ലെ കുറയുവാൻ തുടങ്ങി. സൈബർ ലോകത്തെ ഫാൻസ് വെട്ടുകിളിക്കൂട്ടം പതിവുപോലെ തങ്ങളുടെ പണിനടത്തി. ഫെമിനിച്ചികൾ എന്ന് വിളീച്ചും തുടങ്ങി ഒടുവിൽ പാർവ്വതിയ്ക്കെതിരെ സഭ്യതയുടെ അതിരുകൾ വിട്ടതോടെ സൈബർ സെൽ കേസെടുക്കുവാനും അപമാനിച്ചു പോസ്റ്റിട്ട ചെറുമീനുകളെ അറസ്റ്റ് ചെയ്യുവാനും തുടങ്ങി.

സ്ത്രീകൾ ചൂഷണവിധേയമാക്കപ്പെടുവാൻ ഏറ്റവും അധികം സാധ്യതകൾ ഉള്ള ഒരു മേഘലയാണ് സിനിമാരംഗം. അവസരം ലഭിക്കുവാൻ സംവിധായകനും നിർമ്മാതാവിനും ക്യാമറമാനുമടക്കം പലർക്കും ലൈംഗികമായി ഉപയോഗിക്കുവാൻ സ്ത്രീകൾ തയ്യാറാകേണ്ടിവരുന്നു. കാസ്റ്റിംഗ് കൗച്ച് എന്ന വിളിപ്പേരിൽ അറിയപ്പെടു ഇതിലൂടെ നടക്കുന്നത് പച്ചയായ ലൈംഗിക ചൂഷണമാണെന്നത് പരസ്യമായ രഹസ്യവുമാണ്. ഹോളിവുഡ്ഡിലും ബോളീവുഡ്ഡിലും എല്ലാം ഇത് നടക്കുന്നുണ്ടെന്നും പല കാലത്തായി പലരും തുറന്ന് പറഞ്ഞിട്ടുമുണ്ട്.

തങ്ങൾക്ക് അത്തരം അനുഭവമില്ല മറ്റുചിലർക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞ് സ്വയം വിശുദ്ധചമയുന്ന നായികനടിമാർ ഉള്ള മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്ന് നടി പാർവ്വതി തുറന്നു പറയുന്നത് വരെ മറ്റാരും ധൈര്യം കാണിച്ചില്ല. അതോടെ പലരും തുറന്നു പറയുവാൻ തുടങ്ങി ചിലർ ഇത്തരം ചൂഷണങ്ങളോട് പ്രതികരിക്കുവാനും തയ്യാറായി മുന്നോട്ട് വന്നു, മാന്യന്മാരുടെ പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുവാൻ തുടങ്ങി. ഇതിനു WCCയും ഒരു കാരണമായി മാറി

എന്തുകൊണ്ട് സ്ത്രീകളും WCCയെ തള്ളിപ്പറയുവാൻ തുടങ്ങി?
സ്തീകൾക്ക് വേണ്ടി സിനിമക്കുള്ളിൽ ഒരു സംഘടന എന്നത് വലിയ ആശ്വാസവും ആത്മവിശ്വാസം പകരുന്നതുമാണ്. തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും അപമാനങ്ങളും ചൂഷണങ്ങളും കുറക്കുവാൻ ഇത്തരം ഒരു സംഘടനയുടെ സാന്നിധ്യം ഉപകരിക്കും എന്ന് പലരും കരുതി. സിനിമക്ക് പുറത്തുള്ളവരും ഈ സംഘടനയെ അനുകൂലിച്ചു രംഗത്തെത്തുകയും ചെയ്തു.

ഇതിനിടയിൽ WCCയെ പിന്തുണച്ചിരുന്നവരും അതിനകത്തുള്ളവരുമായ സ്ത്രീകളും സംഘടനയിൽ ഒരു വിഭാഗത്തോട് വിയോജിപ്പ് തുടങ്ങി. ഇതിനു കാരണം അവരുടെ അതിരുവിട്ട ചില പരാമർശങ്ങളും ഫേസ്ബുക്ക് പേജിൽ വന്ന മമ്മുട്ടി വിരുദ്ധ പോസ്റ്റുമായിരുന്നു. ഇതോടെ പരസ്യമായും രഹസ്യമായും പലരും രംഗത്ത് വരുവാൻ തുടങ്ങി. മുൻ നിര സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിൽ WCCയുടെ റേറ്റിംഗ് കുത്തനെ കുറക്കുവാൻ സംഘടിത ശ്രമം ഉണ്ടായി. ഇക്കൂട്ടത്തിൽ കാമ്പുള്ള ചില വിമർശനങ്ങളൂം ഉയർന്നു.

സ്തീകളായ സിനിമാ പ്രവർത്തകർ സംഘടനയിലേക്ക് വരുന്നതിനു ചിലരുടെ താല്പര്യങ്ങൾ വിഘാതമാകുന്നു എന്ന ആരോപണം സംഘടനയ്ക്ക് നേരെ വന്നു. സംഘടനയുടേ ഉദ്ദേശ ലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടുകയും WCC ആക്ടിവിസ്റ്റ് രീതിയിലേക്ക് മാറുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ഇത് തിരിച്ചറിയുകയും അസ്ഥാനത്തുണ്ടാക്കുന്ന വിവാദങ്ങൾ കാരണം സമൂഹത്തിന്റെ പിന്തുണ കുറയുകയും സിനിമാ മേഖലയിൽ ഒറ്റപ്പെടുകയും ചെയ്യുമെന്ന തിരിച്ചറിഞ്ഞതോടെ മഞ്ജുവാര്യർ ബുദ്ധിപൂർവ്വം പിന്മാറിയെന്നും വാർത്തകൾ വന്നു. ചിലരുടെ അജണ്ടകൾക്കായി പാർവ്വതിയെ കുരുതികൊടുക്കുകയാണെന്ന വിമർശനവും WCCയുടെ പേജിൽ കാണാം. നിലവിഇൽ സജീവമായി അഭിനയ രംഗത്തുള്ള മറ്റാരും WCC യിൽ ഇല്ല എന്നും ചൂണ്ടിക്കാട്ടുന്നു. അതായത് അനാവശ്യവിമർശനങ്ങൾ വഴി കുഴപ്പങ്ങൾ ഉണ്ടാക്കിയാൽ നഷ്ടം പാർവ്വതിക്ക് മാത്രമാണെന്ന് വ്യക്തമാകുന്നു.

സ്ത്രീകളെ പ്രതികരിക്കാൻ അനുവദിക്കരുതെന്നും അവരെന്നും ആണിന്റെ അധികാരത്തിനു കീഴിൽ വിധേയപ്പെട്ട് ജീവിക്കണമെന്നും പല മതവിശ്വാസങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. മതത്തിന്റെയും രാഷ്ടീയത്തിന്റെയും താരങ്ങളുടേയും പേരിൽ സമൂഹത്തിലും സൈബർ ലോകത്തും തമ്മിലടിക്കുന്നവർ സ്തീകളെ ഒതുക്കുന്നതിൽ ഒരുമിക്കുന്ന കാഴ്ചയാണ് WCCക്കും നടി പാർവ്വതിക്കും എതിരെ നടക്കുന്ന അധിക്ഷേപങ്ങളും വിമർശങ്ങളും വ്യക്തമാക്കുന്നത്. ഒരു സിനിമ അല്ലെങ്കിൽ അതിലെ കഥാപാത്രമോ സന്ദേശമോ ഇഷ്ടമല്ല എന്ന് തുറന്നു പറഞ്ഞാൽ ഇത്രമാത്രം പ്രകോപിതരാകുന്നതിന്റെ പിന്നിലെ കാരണം പച്ചയായ സ്ത്രീ വിരുദ്ധതമാത്രമാണ്. അത് സിനിമയിൽ മാത്രം ഒതുങ്ങുന്നില്ല പൊതു രംഗത്തും ഇത് കാണാം. രാഷ്ട്രീയമായ അഭിപ്രായ ഭിന്നതയുടെ പേരിൽ ഇരുളിന്റെ മറവിൽ 51 വെട്ടുകളേല്പിച്ച് കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമക്കെതിരെ ഇന്നും അധിക്ഷേപങ്ങൾ ഉയരുന്നത് അവർ തോറ്റു പിന്മാറാതെ പൊരുതുന്നത് കൊണ്ടു മാത്രമാണ്.

കോഴിക്കോടനെ പോലെയും ജി പിരാമചന്ദ്രനെ പോലെയും ഉള്ള നിരവധി നിരൂപകർ സിനിമയേയും അതിലെ സ്ത്രീ/മുസ്ലിം/ദളിത് വിരുദ്ധതകളെയും പറ്റി എത്രയോ ലേഖനങ്ങൾ എഴുതിയിരിക്കുന്നു. മനീഷ് നാരായണൻ തന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയിൽ ശക്തമായ രീതിയിൽ തന്നെ താരങ്ങളെയും സംവിധാകരേയും എഴുത്തുകാരെയും മറ്റും വിമർശിക്കാറുണ്ട്. മൂർച്ചയേറിയ അത്തരം വിമർശനങ്ങളെ അവഗണിക്കുകയോ അല്ലെങ്കിൽ അതിനെതിരെ നിശ്ശബ്ദത പാലിക്കുകയോ ചെയ്തിരുന്നവരാണ് ഇപ്പോൾ ഉറഞ്ഞ് തുള്ളുന്ന ഫാൻസുകാരും എർത്തുകളും. പാർവ്വതി എന്ന അഭിനേത്രി വളരെ ചുരുങ്ങിയ വാക്കുകളിൽ മാന്യമായി നടത്തിയ പരാമശം അവരെ പൊള്ളിച്ചത് സ്ത്രീ എന്നത് കൊണ്ടു മാത്രമാണ്. പൊതുവേദിയിൽ താരബിംബത്തെ തുറന്ന് കാണിച്ചു എന്നതിന്റെ പേരിൽ അവരും അവർ ഉൾപ്പെടുന്ന സംഘടനയും അതി നീചമായി അപമാനിക്കപ്പെടുന്നു.

ഇത് സിനിമയ്ക്കുള്ളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നാണ് മനസ്സിലാക്കേണ്ടത്. വരും കാലങ്ങളിൽ സമൂഹത്തിൽ ഉയർന്നുവരുന്ന സ്ത്രീശബ്ദങ്ങളെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളും ഇതിനു പിന്നിൽ ഉണ്ട്. പാർവ്വതിക്കോ അവർ ഉൾപ്പെടുന്ന WCC എന്ന സംഘടനക്കോ അപ്പുറം ഇത്തരം അടിച്ചമർത്തലുകളെ പ്രതിരോധിക്കേണ്ടത് സ്ത്രീ സമൂഹത്തിന്റെ ആവശ്യമാണ്.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor

why-women-against-wcc

Avatar

Staff Reporter