മഹാമാരി കാലമാണെങ്കിലും ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. സമ്പല്‍സമൃദ്ധിയുടേയും ഒരുമയുടേയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍ പങ്കുവെയ്ക്കാന്‍ തിരുവോണ ദിനം. ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് വിഭവസമൃദ്ധമായ സദ്യയൊരുക്കിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. അതിജീവനത്തിന്റെ ആഘോഷം കൂടിയാണ് ഓണം.

കള്ളവും ചതിയുമില്ലാത്ത നല്ല കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഓണവും. പൂവിളിയും പുത്തന്കോടിയുമുടുത്ത് പൂക്കളം തീര്‍ത്തും സമൃദ്ധമായി സദ്യയൊരുക്കുന്ന തിരക്കിലാകും വീട്ടിലെ സ്ത്രീകള്‍.
ലോകത്തെവിടെയാണെങ്കിലും ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ്. മഹാബലി തമ്പുരാന് തന്റെ പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന ദിവസം കൂടിയാണ്. ചിങ്ങമാസത്തിലെ അത്തം മുതല്‍ ഇങ്ങോട്ട് തുടങ്ങുന്ന ഓണാഘോഷം തിരുവോണ നാളില്‍ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള് വരെ നീണ്ട് നില്‍ക്കുകയും ചെയ്യുന്നു. ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും പൊന്നിന് ചിങ്ങത്തില് ആഘോഷമായി ഈ ഓണവും കൊണ്ടാടുകയാണ് ഓരോരുത്തരും.

ഓണത്തിന്റെ പ്രാധാനാകര്ഷണം ഓണസദ്യയാണ്. ഉണ്ടറിയണം ഓണം എന്നാണ് വെയ്പ്. നാക്കില വേണം ഓണ സദ്യയ്ക്ക്. നാക്കിടത്വശം വരുന്ന രീതിയില്‍ ഇലയിട്ട് ഉപ്പേരി മുതല്‍ പായസം വരെ ഇലയില്‍ നിറഞ്ഞ് നിക്കണം. ഇല നിറയെ കറികള്‍. ആദ്യം പരിപ്പും നെയ്യും പപ്പടവും ചേര്‍ത്ത് ഒന്നാം വട്ടം. അടുത്തത് സാമ്പാർ. മൂന്നാമതായി കാളന്. അടുത്തത് പാല്‍പ്പായസം. പിന്നാലെ മറ്റു പായസങ്ങള്‍. അവസാനം സംഭാരം കുടിച്ച് ഇല മടക്കാം. കറിക്കൂട്ടുകള്‍ എത്രയുമാവാം. പക്ഷേ ഓലന്‍, തോരന്‍, അവിയല്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം എന്നീ ഏഴുകൂട്ടം കറികളെങ്കിലും കുറഞ്ഞത് ഇലയിലുണ്ടാവണമെന്നാണ് പണ്ടേയുള്ള പ്രമാണം.
ഓണ സദ്യയിലെ പ്രധാന വിഭവങ്ങള്‍ കാളനും ഓലനും എരിശ്ശേരിയുമാണ്. വിഭവ സമൃദ്ധമായ സദ്യയ്ക്ക് ശേഷം ഓണക്കളികളാണ്. കുട്ടികള്‍ക്ക് പറമ്പിലെ മരങ്ങളില്‍ ഊഞ്ഞാൽ കെട്ടി കൊടുക്കും. കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, തിരുവാതിരക്കളി, സ്ത്രീകളുടെ പ്രധാന ഓണക്കളികളാണെങ്കില് ഊഞ്ഞാലാട്ടം, പുലികളി പുരുഷന്മാരുടെ ഓണക്കളികള്‍ ഇതൊക്കെയാണ്.

ഇന്ന് ഇത്തരം കളികളിൽ ഏർപ്പെടാൻ സമയം കണ്ടെത്താറില്ല, ടെലിവിഷൻ ചാനലുകളും സമൂഹ മാധ്യമങ്ങളും വിഭവസമൃദ്ധ പരിപാടികളുമായി എത്തുമ്പോൾ അതിനു പിറകെ പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും.
കാർഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കിൽപ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുംബയും മുക്കുറ്റിയും തുമ്പിതുള്ളലുമെല്ലാം അന്യമായെങ്കിലും മാവേലിയെത്തുന്ന ഓണത്തെ മാറ്റ് കുറയാതെ തന്നെ ആഘോഷിക്കുകയാണ് മലയാളികൾ.
ഓണത്തെ പൊന്നോണമെന്ന് വിളിക്കാൻ ഒരു കാരണമുണ്ട്. കർക്കടക മാസത്തിന് ശേഷം തെളിയുന്ന മാനം തെളിയുന്ന കാലത്താണ് വിദേശ കപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി എത്തിയിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ട് വരുന്ന മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കുന്നു.