മലയാളം ഇ മാഗസിൻ.കോം

വെറുതെയല്ല പ്രധാനമന്ത്രി ഇത്ര തിടുക്കത്തിൽ കേരളത്തിലോട്ട്‌ വന്നത്‌, ഇങ്ങനെ ചില കൃത്യമായ ഉദ്ദേശ ലക്ഷ്യമെന്ന്‌

വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാത്തവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പു വിജയം മാത്രമല്ല, ജനസേവനവും രാഷ്ട്ര നിര്‍മാണവുമാണ് ബിജെപിയുടെ ലക്ഷ്യം. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളമെന്നും ഗുരുവായൂരില്‍ ബിജെപിയുടെ അഭിനന്ദന്‍ സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

\"\"

രാഷ്ട്രീയ പണ്ഡിതര്‍ക്ക് ഒരു പിടിയും കൊടുക്കാത്ത ജനവിധിയായിരുന്നു ഈ തെരഞ്ഞെടുപ്പിലേത്. ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ വിജയമാണ് ജനങ്ങള്‍ സമ്മാനിച്ചത്. ഈശ്വര രൂപത്തില്‍ എത്തിയ ഈ ജനങ്ങളുടെ മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍നിന്ന് ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടിയില്ല. എന്നിട്ടും ഇവിടത്തെ ജനങ്ങള്‍ക്ക് മോദി എന്തിനു നന്ദി അര്‍പ്പിക്കുന്നു എന്ന് രാഷ്ട്രീയ പണ്ഡിതര്‍ കരുതുന്നുണ്ടാവും. വോട്ടു ചെയ്തു വിജയിപ്പിച്ചവരെ മാത്രമല്ല, വോട്ടു ചെയ്യാതിരുന്നവരെയും ഒപ്പം കാണുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. വാരാണസി പോലെ തന്നെ തനിക്കു പ്രിയപ്പെട്ട ഇടമാണ് കേരളം.

തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നവരല്ല ബിജെപി പ്രവര്‍ത്തകര്‍. അവര്‍ നാടിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജനസേവനം ഈശ്വര ആരാധനയായി കരുതുന്നവരാണ് അവര്‍. സര്‍ക്കാര്‍ രൂപീകരണമല്ല, രാഷ്ട്ര നിര്‍മാണമാണ് നമ്മുടെ ലക്ഷ്യം. വിജയവും പരാജയവും അവരെ അതില്‍നിന്നു വ്യതിചലിപ്പിക്കില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ പ്രവര്‍ത്തകര്‍- പ്രധാനമന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് കേരളത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.

\"\"

ജനങ്ങളുടെ ആരോഗ്യ രക്ഷയ്ക്കായി കേന്ദ്രം ആയുഷ്മാന്‍ ഭാരത് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ജനങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാര്‍ ഇതില്‍ പങ്കാളിയായിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ഇതിന്റെ ഭാഗമാവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. അതിന് അനുഗുണമായി, നിഷേധാത്മകതയെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള ജനവിധിയാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഉണ്ടായത്. പുതിയ ഒരിന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ജനവിധിയാണിത്. ഭൂമിയിലെ സ്വര്‍ഗമായ ഗുരുവായൂരിന്റെ മണ്ണില്‍നിന്ന് ആ പ്രതിജ്ഞ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

\"\"

അതേ സമയം പ്രധാനമന്ത്രി ഇത്ര തിടുക്കത്തിൽ കേരളത്തോട് നന്ദി പറയാൻ വന്നതിനു പിന്നിൽ കൃത്യമായ ഉദ്ദേശ ലക്ഷ്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു. കേരളത്തിൽ ഒഴിവ് വന്ന 6 നിയമസഭാ സീറ്റുകളിൽ 3 എണ്ണമെങ്കിലും സ്വന്തം അക്കൗണ്ടിലാക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ്‌ പ്രധാനമന്ത്രിയുടെ ഈ കേരള സ്നേഹമെന്നാണ്‌ നിരീക്ഷകരുടെ വിലയിരുത്തൽ.

ബിജെപി കേരളത്തിൽ കരുത്തുകാട്ടിയ തിരുവനന്തപുരം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലെ 3 നിയസഭാ മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങൾ പിടിച്ചെടുത്ത് നിയമസഭയിലെ അംഗസംഘ്യ 4 ആക്കി ഉയർത്തുകയാണ്‌ ലക്ഷ്യം. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ തന്നെ മത്സരിപ്പിക്കാനും നീക്കമുണ്ട്. ശബരിമല വികാര ഭൂമിയായ കോന്നിയിലോ മഞ്ചേശ്വരത്തോ കെ സുരേന്ദ്രനെയും മത്സരിപ്പിക്കും.

\"\"

മറ്റു മണ്ഡലങ്ങളായ എറണാകുളം, അരൂർ, പാലാ എന്നിവിടങ്ങളിൽ ബിജെപിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന തിരിച്ചറിവിലാണ്‌ ശക്തമായ ത്രികോണ സാധ്യതയുള്ള മറ്റ് മൂന്ന് മണ്ഡലങ്ങളിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Avatar

Staff Reporter