മലയാളം ഇ മാഗസിൻ.കോം

മമ്മൂട്ടിക്കും പേരൻപിനും എന്തുകൊണ്ട്‌ ദേശീയ അവാർഡ്‌ നിഷേധിക്കപ്പെട്ടു, പുറത്തു വരുന്ന റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നത്‌?

ചലച്ചിത്ര പുരസ്കാരങ്ങൾ എന്നും ഇൻഡ്യൻ ജനതയ്ക്ക് ആവേശം പകരുന്നവയാണ്. അതിൽ തന്നെ പ്രത്യേക സ്ഥാനം നൽകി നെഞ്ചിലേറ്റി കാത്തിരിക്കുന്ന ഒന്നാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ. എന്നാൽ ഇത്തവണ എണ്ണത്തിൽ അധികമില്ലെങ്കിലും അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അഭിന്ദനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി മലയാള സിനിമയും കലാകാരമാരും മുന്നിലെത്തിയെങ്കിലും മലയാളി സിനിമാ പ്രേമികളെ ഉൾപ്പെടെ ആശങ്കയിൽ ആഴ്ത്തിയ ഒന്നായിരുന്നു തമിഴ് സിനിമ ഇൻഡസ്ട്രിയ്ക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങൾ.

\"\"

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവ് എന്നു താനെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് പേരൻപ് എന്ന തമിഴ് ചിത്രം. അതുകൊണ്ട് തന്നെ തമിഴ് സിനിമാ ലോകം എന്ന പോലെ മലയാള സിനിമ ലോകവും മമ്മൂട്ടി എന്ന മഹാനടന് ദേശീയ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയും പേരൻപും മാത്രമല്ല തമിഴ്‌ സിനിമയ്ക്ക്‌ നേരെ തന്നെ കണ്ണടച്ച അവസ്ഥയിലാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പുറത്തുവന്നത്. ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും വിപരീതമായി ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം വൻ വിവാദങ്ങളായിരുന്നു സൃഷ്ടിച്ചത്‌.

സിനിമ ആരാധനയും ഭ്രാന്തും ആയ ഇന്നത്തെ ജനറേഷനുകൾക്കിടയിൽ ഒരു സിനിമ പുറത്തിറങ്ങുമ്പോൾ തന്നെ ദേശീയ പുരസ്‌കാരത്തെ കുറിച്ചു വരെയുള്ള ചർച്ചകൾ സജീവമാകാറുണ്ട്‌. എന്നാൽ ഇത്തവണ അറുപതിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പല മികച്ച ചിത്രങ്ങളേയും താരങ്ങളേയും അവഗണിക്കുന്ന തരത്തിലായിരുന്നു എന്നാണ് വിമർശനങ്ങൾ ഉയരുന്നത്.

\"\"

അത്തരത്തിൽ അർഹിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാതെ തമിഴ് സിനിമാ ലോകത്തെയും അവഗണിച്ചതായി പരാതിയുണ്ട്. ഇത്തരത്തിൽ തമിഴ് സിനിമാ ഇൻഡസ്ട്രി നേരിട്ട അവഗണനയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ദേശീയ പുരസ്‌കാരജേതാവും സംവിധായകനുമായ വസന്തബാലൻ രംഗത്തെത്തിയിരുന്നതും ഏറെ ശ്രദ്ധേയം ആയിരുന്നു.

പേരൻപ് എന്ന മമ്മൂട്ടി ചിത്രം പുറത്തിറങ്ങിയത് മുതൽ ദേശീയ ചലച്ചിത്ര പുരസ്‌കരങ്ങളിൽ മികച്ച നടനുളള അവാർഡ്‌ മമ്മൂട്ടിയ്ക്ക് ആയിരിക്കും എന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ നേരിടേണ്ടി വന്ന അവഗണന ‌ വൻ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്‌. മമ്മൂട്ടിയ്‌ക്കൊപ്പം രംചരൺ തേജ, രൺവീർ സിങ്‌, എന്നിങ്ങനെ പല പ്രമു താരങ്ങളേയും അവഗണച്ചുവെന്നുള്ള ആരോപണവും ഉയർന്നു വന്നിരുന്നു.

\"\"

മമ്മൂട്ടിയ്ക്ക്‌ മികച്ച നടനുള്ള പുരസ്‌കാരം ആയിരുന്നു പ്രതീക്ഷിച്ചത് എങ്കിലും ജൂറിയുടെ പ്രത്യേക പരാമർശം എങ്കിലും മമ്മൂട്ടിയ്ക്കോ ചിത്രത്തിനോ ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി ഫാൻസ്‌ രംഗത്തെത്തിയിരുന്നു.

ഇതിനെ തുടർന്ന്‌ ജൂറി ചെയർമാൻ രാഹുൽ റവൈൽ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന്‌ രാഹുൽ റവൈൽ മമ്മൂട്ടിയ്ക്ക്‌ അയച്ച സന്ദേശത്തിൽ പറയുന്നത് പേരൻപ്‌ പ്രാദേശിക സിനിമകളുടെ പട്ടികയിൽ നിന്ന്‌ തന്നെ ആദ്യമേ പുറത്തായിരുന്നു എന്നും അവസാന പട്ടികയിൽ പേരൻപ്‌ ഉണ്ടായിരുന്നില്ലെന്നും ആയിരുന്നു. എന്നാൽ മെഗാസ്റ്റാറിന്റെ പേരൻപിലെ പ്രകടനം അന്തർദേശീയ തലത്തിൽ വളരെയധികം ശ്രദ്ധിക്കപെടുകയും നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ ചിത്രത്തിന്‌ ലഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ മികച്ച നടനുള്ള പുരസ്‌കാരത്തിന്‌ മമ്മൂട്ടിയുടെയും നടൻ ജോജുവിന്റെയും പേരുകൾ പരിഗണിച്ചിരുന്നതായി ജൂറി അംഗങ്ങളിലൊരാൾ വ്യക്തമാക്കിയിരുന്നു. സ്പാസ്റ്റിക്‌ പരാലിസിസ്‌ എന്ന സവിശേഷ മാനസിക ശരീരിക അവസ്ഥയിലൂടെ കടന്നു പോകുന്ന അച്ഛന്റേയും മകളുടേയും കഥ പറഞ്ഞ ചിത്രമായിരുന്നു പേരൻപ്‌. അമുദനെന്ന അച്ഛനായി മമ്മൂട്ടി ജീവിച്ചപ്പോൾ മകൾ പാപ്പയായി സാധനയും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ച വെച്ചത്‌. അതുകൊണ്ട് തന്നെ അന്തരാഷ്ട്രതലത്തിൽ തന്നെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ദേശീയ പുരസ്‌കാര നിർണ്ണയത്തിൽ മമ്മൂട്ടിയെ എന്നപോലെ സാധനയേയും പരിഗണിച്ചില്ല.

\"\"

ഇതിനെല്ലാം ഉപരിയായി പോയ വർഷം മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു തമിഴ് സിനിമാലോകം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. പേരൻപ്‌, പരിയേരും പെരുമാൾ, വട ചെന്നൈ , 96 തുടങ്ങിയ ചിത്രങ്ങൾക്ക്‌ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പേരൻപിലെ മമ്മൂട്ടിയുടെ പ്രകടനവും, വട ചെന്നൈയിലെ ധനുഷിന്റെ അഭിനയവും തെന്നിന്ത്യൻ സിനിമ ലോകത്ത്‌ വൻ ചർച്ചയും പ്രതീക്ഷയും ആയിരുന്നു.

സമൂഹത്തിലെ ജാതി ചിന്തകളും അതിന്റെ അതിർ വരമ്പുകളും കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു പരിയേരും പെരുമാൾ. എന്നാൽ ഈ ചിത്രങ്ങൾക്കോ താരങ്ങൾക്കോ വേണ്ട വിധത്തിലുള്ള പരിഗണ ദേശീയ പുരസ്‌കാര നിർണ്ണയത്തിൽ ലഭിച്ചിരുന്നില്ല എന്നു മാത്രമല്ല തീർത്തും അഗവഗണിക്കുകയും ചെയ്തു എന്നതാണ് സത്യം. ഇത്‌ ആരാധകരെ ഏറെ സങ്കടപ്പെടുത്തുകയും ചൊ‍ടിപ്പിക്കുകയും ചെയ്തിരുന്നു.

എങ്കിലും ഇവയ്ക്കെല്ലാം ഇടയിലും മലയാളി പ്രേക്ഷകരെ സന്തോഷിപ്പിച്ചുകൊണ്ട് അഞ്ചു ദേശീയ പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമയെ തേടിയെത്തിയത്.

Malu Sheheerkhan

Malu Sheheerkhan | Executive Editor