മലയാളം ഇ മാഗസിൻ.കോം

മോഹൻ ലാലും, മമ്മൂട്ടിയും മാത്രം ഇപ്പോഴും താരപ്രഭ മങ്ങാതെ പിടിച്ചു നിൽക്കാൻ കാരണം അറിയാമോ?

സിനിമ എന്നത് സ്വപ്നങ്ങളുടെ വലിയ വിപണിയാണ്. വിജയിക്കുന്നവരുടെ കളിയിടമാണ് സിനിമ എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ രൺജിത്ത് പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണ്. ഇന്നലെകളിൽ പ്രശസ്തിയുടേയും പ്രതിഭയുടേയും ധാരാളിത്തത്തിൽ സ്വയം മറന്നവർ ഇന്ന് ഒന്നുമല്ലാതായി എവിടെയൊക്കെയോ ജീവിക്കുന്നു.

\"\"

പലരുടേയും ജീവിതം തന്നെ ദുസ്സഹമാണിന്ന്. പ്രതിഭ വറ്റിയ സംവിധായകർ പലരും പൊതുവേദികളിൽ പോലും വരാതായിരിക്കുന്നു. മലയാള സിനിമയുടെ വിജയങ്ങൾക്കും ട്രെന്റുകൾക്കും പുതിയ തലങ്ങൾ സൃഷ്ടിച്ച ഫാസിൽ, ദേശീയ പുരസ്കാരങ്ങൾ പലതു നേടിയ കിരീടം, ഭരതം പോലുള്ള ക്ലാസിക് ചിത്രങ്ങൾ സംവിധാനം ചെയ്ത സിബി മലയിൽ പുതുതലമുറക്ക് അന്യനായിക്കൊണ്ടിരിക്കുന്നു.

\"\"

മാസ്റ്റർ ക്രാഫ്റ്റ്മാൻ എന്ന് അറിയപ്പെടുന്ന ജോഷി 2012-ൽ ഇറങ്ങിയ റാൺ ബേബി റൺ എന്ന ചിത്രത്തിനു ശേഷം മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങിയവരെ വച്ച് നാലു ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. മൂന്നു വർഷമാകുന്നു അദ്ദേഹം ഒരു ചിത്രം ചെയ്തിട്ട്. പ്രിയദർശൻ ഏറെ നാളുകൾക്ക് ശേഷം ഒപ്പം എന്ന ചിത്രം വിജയിപ്പിച്ചെടുത്തെങ്കിലും പ്രിയൻ ചിത്രങ്ങളിലെ വേഗതയും നർമ്മവും നഷ്ടമായിരിക്കുന്നു ദൃശ്യഭംഗിക്ക് നര ബാധിച്ചിരിക്കുന്നു.

\"\"

രണ്ടു പതിറ്റാണ്ടോളം മലയാള കുടുമ്പ പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായിരുന്ന ബാലചന്ദ്രമേനോനാകട്ടെ ഞാൻ സംവിധാനം ചെയ്യും എന്ന് പേരിൽ തികഞ്ഞ പരാജയമായ ഒരു ചിത്രമാണ് 2015-ൽ അവസാനമായി ചെയ്തത്.

സത്യൻ അന്തിക്കാട് മാത്രമാണിന്ന് മിനിമം ഗ്യാരണ്ടിയോടെ വർഷത്തിൽ ഒരു ചിത്രം എങ്കിലും ചെയ്യുന്നത്. സ്വന്തമായി തിരക്കഥ എഴുതിയ ചില ചിത്രങ്ങൾ പ്രക്ഷകരെ ബോറടിപ്പിച്ചെങ്കിലും ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിലൂടെ തന്റെ ജനപ്രിയതക്ക് വലിയ കോട്ടം തട്ടാതെ അദ്ദെഹം തിരിച്ചു പിടിച്ചു. തമിഴ്നാട് ബന്ധമുള്ള് കഥാപാത്രങ്ങളൊ കഥാസന്ദർഭങ്ങളൊ പോലെ സ്ഥിരമായുള്ള ചില സംഗതികളിൽ നിന്നും വ്യതിചലിക്കുവാൻ അദ്ദേഹത്തിനാകുന്നില്ല എന്നത് മിക്ക സിനിമകളിലും ഒരു പോരായ്മയായി മുഴച്ചു നിൽക്കുന്നുണ്ട്. എങ്കിലും പരാജയപ്പെട്ടവർ ഒന്നൊന്നായി കളത്തിൽ നിന്നും മാറി നിൽക്കുമ്പോളും ന്യൂജൻ സിനിമകളുടെ കുത്തൊഴുക്കിനിടയിൽ സത്യൻ അന്തിക്കാട് അവിടെ വിജയിയായി നിൽക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്.

\"\"

നടന്മാർ പലരും ഇന്നും അങ്ങിങ്ങായി തലകാണിക്കുന്നുണ്ടെങ്കിലും ഹരിശ്രീ അശോകനെ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പലരും തഴയപ്പെടുന്നു. പ്രായവും ശരീരസൗന്ദര്യവും പ്രധാന ഘടകമായ നടിമാരുടെ കാര്യത്തിൽ പലരും വിവാഹിതരാകുകയും പിന്നീട് വിവാഹ മോചിതരായി തിരിച്ചുവരവിനു ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയും പതിവായിരിക്കുന്നു. മടങ്ങിവന്നവരിൽ മഞ്ജുവാര്യർ മാത്രമാണ് ഇപ്പോഴും തിളങ്ങി നിൽക്കുന്നത്. ഇടപ്രായത്തിലുള്ള കഥാപാത്രങ്ങൾ അധികവും ഇപ്പോൾ ചെയ്യുന്നത് ലെനയാണ്.

മോഹൻ ലാലിന്റെ ചില ചിത്രങ്ങളിലെ രണ്ടോ മൂന്നോ സീനുകളിൽ പ്രത്യക്ഷപ്പെടുന്ന ശ്രീയരമേഷിനെ പോലുള്ള പുതിയ നടിമാർ ഇത്തരം വേഷങ്ങൾക്കായി അനുയോജ്യരാണെങ്കിലും അവസരങ്ങൾ കുറവാണ്. കെ.പി.എ.സി ലളിത, ബിന്ദു പണിക്കർ പോലുള്ളവർക്ക് ചിത്രങ്ങൾ തീരെ കുറഞ്ഞു. പ്രൗഡയായ അമ്മയായോ മുത്തശ്ശിയായോ വനിതയും, രജനി ചാണ്ടിയും, ജയമേനോനെയും പോലുള്ളവർ അത്തരം റോളുകൾ ചെയ്യുന്നു.

\"\"

പുതു തലമുറ സംവിധാകരും താരങ്ങളും പഴയവരെ പോലെ അധിക കാലം നിലനിൽക്കണമെന്നില്ല. ഹരീഷ് കണാരനെയും നീരജ് മാധവനേയും അജുവർഗ്ഗീസിനെയും ധർമ്മജനേയും പോലുള്ളവർ ഹാസ്യം ചെയ്യുന്നു എങ്കിലും ജഗതി, ഹരിശ്രീഅശോകൻ, ഇന്ദ്രൻസ്, ജഗദീഷ് തുടങ്ങിയവരെ പോലുള്ളവരുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ സുരേഷ് ഗോപിയും, ജയറാമും, മുകേഷുമെല്ലാം പിന്തള്ളപ്പെടുന്ന തലമുറമാറ്റത്തിന്റെ ഈ കാലത്തും മോഹൻ ലാലും, മമ്മൂട്ടിയും മാത്രമാണ് താരപ്രഭ മങ്ങാതെ പിടിച്ചു നിൽക്കുന്നത്. അതിനു പിന്നിലെ കാരണം വർഷങ്ങളായി ജനമനസുകളിൽ അവർ സൃഷ്ടിച്ചെടുത്ത വിശ്വാസവും കഥാപാത്രങ്ങളിലെ വൈവിദ്യങ്ങളുമാണെന്ന് പറയാതെ വയ്യ.

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor