മലയാളം ഇ മാഗസിൻ.കോം

ഫേസ്ബുക്കിന്‌ മുട്ടൻ പണി കൊടുത്തത്‌ ഒരു ജീവനക്കാരൻ? നഷ്ടം 160 മില്ല്യൺ ഡോളർ: സംഭവിച്ചത്‌ ഇതാണ്‌

ഒരുപക്ഷെ ഫേസ്ബുക്ക്‌ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഏഴെട്ടു മണിക്കൂർ സൈബർ ലോകത്ത്‌ അവർ നിശ്ചലമാക്കപ്പെട്ടത്‌. ഫേസ്ബുക്ക്‌, മെസ്സഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ്‌ തുടങ്ങി അവരുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നിശ്ചലമാവുകയായിരുന്നു. ഇന്ത്യൻ സമയം രാത്രി 9.10 മുതൽ ഏതാണ്ട്‌ 7 മണിക്കൂറോളമാണ്‌ ഫേസ്ബുക്ക്‌ സേവനങ്ങൾ നിശ്ചലമായത്‌. ഈ ജനപ്രിയ സമൂഹമാധ്യമങ്ങൾ പ്രവർത്തന രഹിതമായതോടെ ലോക വിപണിയിൽ ഏകദേശം 160 മില്ല്യൺ ഡോളറിന്റെ നഷ്ടമാണ്‌ ഉണ്ടായതെന്ന്‌ വിദഗ്ദർ പറയുന്നു. ഫേസ്‌ബുക്കിന്റെ ഓഹരി മൂല്യം അഞ്ച്‌ ശതമാനം കുറയുകയും ചെയ്തു.

യഥാർത്ഥ കാരണം എന്താണെന്ന്‌ ഫേസ്ബുക്ക്‌ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒരു സാങ്കേതിക വിദഗ്ദൻ പറഞ്ഞത്‌, കമ്പനിയിലെ ഒരു ജീവനക്കാരന്‌ സംഭവിച്ച സാങ്കേതിക പിഴവാണ്‌ ഇതിനു കാരണമായതെന്നാണ്‌. നിലവിൽ ഇവയെല്ലാം പഴയപടി എത്തിയെങ്കിലും, ഈ നാല്‌ പ്ലാറ്റ്ഫോമുകളുടെയും ഉടമസ്ഥരായ ഫേസ്ബുക്ക്‌ ഇതുവരെ പ്രശ്നം പരിഹരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യൻ സമയം 9.10 ന്‌ പരാതികൾ ലഭിച്ചതോടെയാണ്‌ പ്രശ്നം റിപ്പോർട്ട്‌ ചെയ്തത്‌. ഇതറിഞ്ഞ ഉടനെ ജീവനക്കാർ ഡാറ്റ സെന്ററിലേക്ക്‌ പായുകയായിരുന്നു. എന്നാൽ, കോവിഡ്‌ പ്രതിസന്ധിയിൽ ഏറെ ജീവനക്കാർ വീടുകളിൽ ഇരുന്ന്‌ ജോലി ചെയ്യുന്നതിനാൽ ഇതിന്‌ കാലതാമസം സംഭവിച്ചതായി ചില ജീവനക്കാർ വെളിപ്പെടുത്തി. മാത്രമല്ല, സെക്യുരിറ്റി പാസ്സുകൾ പ്രവർത്തനക്ഷമം അല്ലാത്തതിനാൽ മിക്ക ജീവനക്കാർക്കും തങ്ങളുടെ ഓഫീസുകൾക്കുള്ളിൽ കയറാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകളുണ്ട്‌. ഇത്‌ പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും കൃത്യമായി മനസ്സിലാക്കുന്നതിൽ തടസ്സമാവുകയും ചെയ്തു.

ഫേസ്ബുക്ക്‌ അവരുടെ ബോർഡർ ഗേറ്റ്‌വേ പ്രോട്ടോകോളിൽ (ബി ജി പി) ധാരാളം മാറ്റങ്ങൾ വരുത്തിയതാണ്‌ പെട്ടെന്ന്‌ ഇത്തരത്തിൽ ഒരു തകരാറ്‌ സംഭവിക്കാൻ കാരണമായതെന്നാണ്‌ വെബ്‌ സെക്യുരിറ്റി കമ്പനിയായ ക്ലൗഡ്‌ ഫ്ലെയറിലെ പ്രധാന സാങ്കേതിക വിദഗ്ദനായ ജോൺ ഗ്രഹാം കണ്ണിങ്ൻഘാം പറയുന്നത്‌. ഇന്റർനെറ്റിൽ സാധാരണയായി നടക്കുന്ന വിവര കൈമാറ്റം സാധ്യമാക്കുന്നത്‌ ബി ജി പിയാണ്‌. സന്ദർശകരെ അവർക്ക്‌ ആവശ്യമുള്ള വെബ്സൈറ്റുകളിൽ എത്തിക്കുന്നതും ഇതുതന്നെ.

നേരത്തേ തന്നെ ഫേസ്ബുക്ക്‌ ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ (ബി ജി പി) റൂട്ടുകൾ ഇന്റർനെറ്റിൽ നിന്നും പിൻവലിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വാട്ട്സ്‌അപ്‌, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, മീസ്ഞ്ചർ എന്നിവ ഷെയേർഡ്‌ ബാക്ക്‌ എൻഡ്‌ ഇൻഫ്രാസ്ട്രക്ചറിലാണ്‌ പ്രവർത്തിക്കുന്നത്‌. ഇതാണ്‌ പ്രശ്നം ഗുരുതരമാക്കിയതെന്നും വിദഗ്ദർ പറയുന്നു.

അടുത്തകാലത്തായി സമൂഹമാധ്യമങ്ങൾ ഇതുപോലെ പ്രവർത്തന രഹിതമാകുന്നത്‌ പതിവായിരിക്കുകയാണ്‌. കഴിഞ്ഞമാസം ഇൻസ്റ്റാഗ്രാം 16 മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്നു. ജൂണിൽ എല്ലാ ഫേസ്ബുക്ക്‌ പ്ലാറ്റ്ഫോമുകളും സമാനമായ രീതിയിൽ പ്രവർത്തനരഹിതമായിരുന്നു.

Avatar

Staff Reporter