അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സൈബർ ലോകത്ത് താൻ നേരിടേണ്ടി വരുന്ന വിമർശനങ്ങൾക്കെതിരെ അടുത്തിടെ രേണു പ്രതികരിച്ചിരുന്നു. വിധവയാണെന്ന് പറഞ്ഞ് തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലേയെന്ന ചോദ്യമാണ് രേണു ഉയർത്തിയത്. ഈ വിമർശനങ്ങളിൽ മനംമടുത്തെന്നും ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കിൽ മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കും എന്നുമായിരുന്നു രേണുവിന്റെ പ്രതികരണം. ഇപ്പോഴിതാ, രേണുവിന്റെ വിവാഹമായോ എന്ന ചോദ്യമാണ് സൈബർ ലോകത്ത് ഉയരുന്നത്. നവവധുവായി അണിഞ്ഞൊരുങ്ങിയുള്ള രേണുവിന്റെ ചിത്രങ്ങളാണ് ഈ ചോദ്യത്തിന് കാരണമാകുന്നത്.
മഞ്ഞ സാരി ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞ്, പൂക്കൾ ചൂടി മനോഹരിയായിട്ടാണ് രേണു ഒരുങ്ങിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ സുജയാണ് രേണുവിനെ ഒരുക്കിയത്. സുജ തന്നെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. തന്നെ ഇത്രയും മനോഹരമായി ഒരുക്കിയ സുജയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് രേണു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. സൂപ്പറായിട്ടുണ്ടെന്നും സുന്ദരിയായിട്ടുണ്ടെന്നുമൊക്കെ പറഞ്ഞ് നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഒരുപാടുപേർ ലൈക്ക് ചെയ്യുകയും ചെയ്തു.
രേണുവിന്റെ വിവാഹമാണെന്ന് ഈ ദൃശ്യങ്ങൾ കണ്ട ചിലർ തെറ്റിദ്ധരിച്ചു. മേക്കപ്പ് ആർട്ടിസ്റ്റ് പങ്കുവച്ച വീഡിയോയിൽ എന്റെ പുതിയ മോഡൽ എന്ന് അടിക്കുറിപ്പായി നൽകിയിട്ടുണ്ട്. കുറച്ച് പേർ രേണുവിനെ വിമർശിച്ചുകൊണ്ടും കമന്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായിട്ടല്ല രേണുവിനെതിരെ മോശം കമന്റുകൾ വരുന്നത്.