മലയാളം ഇ മാഗസിൻ.കോം

ബിജെപി നേതാവ്‌ കെ സുരേന്ദ്രനെതിരെ തുടരെ തുടരെ കേസുകൾ ഉയർത്തിക്കൊണ്ടു വരുന്നതിനു പിന്നിൽ കൃത്യമായ ലക്ഷ്യം?

ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനിടയിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് പ്രധാന സംഘപരിവാർ നേതാക്കളെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്തു ജയിലിടുവാൻ സർക്കാർ നീക്കം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, വി.വി രാജേഷ്, ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരി, ആർ.രാജേഷ് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു എന്നിവർക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

\"\"

ഇവരിൽ മുൻ നിര നേതാക്കളായ കെ.സുരേന്ദ്രനും, വൽസൻ തില്ലങ്കേരിയുമാണ് പ്രധാന ലക്ഷ്യം എന്നാണ് സൂചന. എന്നാൽ ഇത് ഭാവിയിൽ സർക്കാരിനുനും സി.പി.എമ്മിനും തിരിച്ചടിയാകുവാനും സാധ്യതയുണ്ടെന്നാണ് രാഷ്ടീയ വൃത്തങ്ങളിൽ നിന്നുമുള്ള വിലയിരുത്തൽ. ശബരിമലയുമായി ബന്ധപ്പെട്ട് ഇവർക്ക് മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ശ്രദ്ധലഭിക്കുന്ന വിധത്തിൽ അനാവശ്യമായി അവസരങ്ങൾ ഒരുക്കുന്നു എന്ന് അണികൾക്കിടയിൽ തന്നെ അഭിപ്രായം ഉള്ളവർ ഉണ്ട്. സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിൽ പി.എസ് ശ്രീധരൻ പിള്ള പരാജയമാണെന്ന വിലയിരുത്തൽ നിലനിൽക്കുമ്പോൾ രണ്ടാം നിര നേതാക്കൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത് അപകടമാണെന്നാണ് പലരും പറയുന്നത്.

അതേ സമയം സുരേന്ദ്രൻ ഉൾപ്പെടെ ഉള്ളവരെ ജയിലിൽ അടച്ചുകൊണ്ട് ശബരിമലയിലെ സ്തീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സംഘപരിവാർ സമരങ്ങളെ ഒതുക്കാമെന്ന കണക്കു കൂട്ടൽ പാളുവാനുള്ള സാധ്യത വലുതാണ്. ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങൾ പലതും പാളുകയും കേന്ദ്ര മന്ത്രി അടക്കം പോലീസിനാൽ അപമാനിതരാകുകയും ചെയ്തു എങ്കിലും ആർ.എസ്.എസ് വളരെ കാര്യക്ഷമമായാണ് സമരപരിപാടികൾ അസൂത്രണം ചെയ്തിരിക്കുന്നതും നടപ്പിലാക്കിക്കൊന്റിരിക്കുന്നതും എന്നത് കഴിഞ്ഞ ദിവസം ആർ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന ശരണമന്ത്ര ജപം വ്യക്തമാക്കുന്നുണ്ട്.

\"\"

അറസ്റ്റിലാകുന്നതിനു തൊട്ടു മുമ്പ് രാജേഷ് മാധ്യമങ്ങൾക്ക് മുമ്പിൽ നടത്തിയ ചെറു പ്രസംഗം കൃത്യമായി ജനങ്ങളിൽ എത്തുകയും ചെയ്തു. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയേക്കാൾ മികവു പുലർത്തിയതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നേതാക്കളെ ജയിലിലടച്ച് ശബരിമലയിൽ യുവതീപ്രവേശനത്തിനു സർക്കാർ ശ്രമിച്ചാലും ആർ.എസ്.എസ് സംഘടനാ സംവിധനം അതിനെ ചെറുക്കുവാൻ ശബരിമലയിൽ സന്നദ്ധമാണെന്ന് വേണം കരുതുവാൻ. ഇത് സഥിതിഗതികൾ കൂടുതൽ വഷളാക്കുവാനേ ഇടവരുത്തൂ.

എന്തുതന്നെയായാലും കേരളത്തിൽ സംഘപരിവാർ ശക്തികൾക്ക് വൻ മുന്നേറ്റത്തിനു അവസരം ഒരുക്കിക്കൊണ്ടാണ് ശബരിമല യുവതീ പ്രവേശന വിവാദം കടന്നു പോകുന്നത്. സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകൾ ഉൾപ്പെടെ ഉള്ള വലിയ ഒരു വിഭാഗം ഭക്തർ നാമജപവുമായി തെരുവിൽ ഇറങ്ങിയപ്പോൾ ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും അപ്രതീക്ഷിതമായി വീണു കിട്ടിയ അവസരമാണിതെന്ന് തിരിച്ചറിഞ്ഞതോടെ സംഘപരിവാർ വിഷയത്തിൽ സജീവമായി ഇടപെട്ടു.

ശബരിമല വിഷയം തുറന്ന് നൽകിയ രാഷ്ടീയ പോർമുഖത്ത് ഒരു വശത്ത് സി.പി.എമ്മും മറുവശത്തും സംഘപരിവാറും ഏറ്റുമുട്ടിയപ്പോൾ സംഘപരിവാറിന്റെ മുന്നണി പോരാളികളായി മാറിയത് ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രനും, എം.ടി.രമേശും ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലടീച്ചറുമായിരുന്നു. കുരുക്ഷേത്രഭൂമിയിലെ അഭിമന്യുവിനെ പോലെ വൽസൻ തില്ലങ്കേരിയുടെ പ്രകടനവും സംഘപരിവാർ പക്ഷത്തിനു കരുത്തും ആവേശവും പകർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ മലക്കം മറിച്ചിലുകൾ സമരത്തിനു തിരിച്ചടികൾ നൽകുമ്പോളും ഇവർ നടത്തിയ മുന്നേറ്റങ്ങൾ സർക്കാരിനു വലിയ തലവേദന സൃഷ്ടിച്ചു. ശശികല ടീച്ചറും കെ.സുരേന്ദ്രനും അറസ്റ്റ് ചെയ്യപ്പെട്ടു. ഇത് സംഘപരിവാർ പക്ഷത്തിനു വലിയ നേട്ടമായി മാറുകയും ചെയ്തു.

\"\"

ശബരിമല അയ്യപ്പ ദർശനത്തിനു കെട്ടുനിറച്ച് മലചവിട്ടിയപ്പോളായിരുന്നു ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ നാടകീയമായ അറസ്റ്റ്. പമ്പയിലും തുടർന്ന് പോലീസ് സ്റ്റേഷനിലുമെല്ലാം തന്റെ ഇരുമുടിക്കെട്ടുമായി ബന്ധപ്പെട്ട് പരമാവധി സാധ്യതകൾ സൃഷ്ടിക്കുവാൻ സുരേന്ദ്രൻ ശ്രമിക്കുകയും ചെയ്തു. ഒന്നിലധികം തവണ ഇരുമുടിക്കെട്ട് നിലത്ത് വീഴുകയുണ്ടായി. പോലീസ് തന്റെ ഇരുമുടിക്കെട്ട് നിലത്തിട്ടു ചവിട്ടിയതായി സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ ഇത് നിഷേധിച്ച ദേവസ്വം മന്ത്രി ചില ദൃശ്യങ്ങൾ പുറത്ത് വിടുകയും ചെയ്തു. എന്തായാലും അറസ്റ്റ് ചെയ്തപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രൻ മജിസ്ട്രേറ്റിന്റെ മുമ്പിലേക്കും തുടർന്ന് റിമാന്റിലായപ്പോൾ ജയിലിലേക്കും പോയത്.

മാധ്യമങ്ങൾ വഴിയും മറ്റും പ്രവർത്തകർക്കും ഭക്തർക്കും ഇടയിൽ ലഭിച്ച വൈകാരികമായ സ്വീകാര്യതയെ പ്രയോജനപ്പെടുത്തുന്നതിൽ കെ.സുരേന്ദ്രൻ വിജയിച്ചു എന്ന് തന്നെ പറയാം. അറസ്റ്റ് ചെയ്തു പാർപ്പിച്ച പോലീസ് സ്റ്റേഷനും തുടർന്ന് ജയിലിനു മുമ്പിലും വരെ നാമജപങ്ങൾ നടന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ പ്രവർത്തകരുടെ വക വൻ സ്വീകരണവും തുടർന്ന് ശബരിമലയാത്രയുമായിരുന്നു അസൂത്രണം ചെയ്തിരുന്നതെന്ന് സൂചനയുണ്ട്. അങ്ങിനെ സംഭവിച്ചാൽ അത് അദ്ദേഹത്തിനു വ്യക്തിപരമായും ഒപ്പം സംഘപരിവാറിനും കൂടൂതൽ സ്വീകാര്യത ലഭിക്കും എന്നതിൽ തർക്കമില്ല.

\"\"

ഒരു പക്ഷെ ഇത് തിരിച്ചറിഞ്ഞുകൊണ്ടാകണം ഈ കേസിൽ ജാമ്യം ലഭിച്ചാലും മറ്റു ചില കേസുകൾ അദ്ദേഹത്തിനു മേൽ ചാർത്തിയതും ഒപ്പം കണ്ണൂരിലെ എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിന്റെ വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധപ്രകടനത്തിൽ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നതാണ് ആ കേസ് പൊടുന്നനെ ഉയർത്തിക്കൊണ്ടുവന്നതും. ഇതുമായി ബന്ധപ്പെട്ട് ഒരു വാറന്റ് നിലനിൽക്കുന്നുണ്ട്. അതോടെ ശബരിമലയിൽ നിരോധനാഞ്ജ ലംഘിച്ചു എന്ന പേരിൽ എടുത്ത കേസിൽ ജാമ്യത്തിലിറങ്ങി വൻ സ്വീകരണം ഏറ്റുവാങ്ങിയുള്ള ശബരിമല യാത്രയുടെ സാധ്യത മാറുമായിരുന്നു. എന്നാൽ രണ്ടുമാസത്തേക്ക് റാന്നിതാലൂക്കിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് സുരേന്ദ്രനും സംഘത്തിനും ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇനി പുതുതായി ചുമത്തിയിരിക്കുന്ന കേസുകളിലും ജാമ്യം ലഭിച്ചാലേ സുരേന്ദ്രൻ പുറത്തിറങ്ങുകയുള്ളൂ.

സംസ്ഥാന രാഷ്ടീയത്തിൽ വളരെ പെട്ടെന്ന് വളർന്നു വന്ന നേതാവാണ് കെ.സുരേന്ദ്രൻ. പാർട്ടിക്കത്തെ അഭിപ്രായ ഭിന്നതകൾ മൂലം സംസ്ഥാന പ്രസിഡണ്ടാകാതെ പോയ വ്യക്തിത്വം. കഴിഞ്ഞ തവണ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിലെ പി.ബി അബ്ദുൾ റസാഖിനോട് 86 വോട്ടിനാണ് കെ.സുരേന്ദ്രൻ പരാജയപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കേസ് പാതിയെത്തി നിൽക്കുമ്പോഴാണ് എം.എൽ.എ ആയിരുന്ന അബ്ദുൾ റസാഖിന്റെ അകാല നിര്യാണം.

\"\"

ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് മണ്ഡലം. ഈ സമയത്ത് ശബരിമല വിവാദവും അറസ്റ്റും കെ.സുരേന്ദ്രനു പരമാവധി രാഷ്ടീയമായ മുന്നേറ്റം ലഭിക്കുന്നതായി മാറിയിരിക്കുന്നു. ജയിലിൽ നിന്നും ശബരിമലയിലേക്ക് പോകുന്ന നേതാവ് എന്ന നിലയിൽ ലഭിക്കുമായിരുന്ന സാധ്യതയാണ് ആഭ്യന്തര വകുപ്പിൽ നിന്നും കോടതിയിൽ നിന്നും അപ്രതീക്ഷിതമായി ഉണ്ടായ പുതിയ നീക്കങ്ങൾ മൂലം സുരേന്ദ്രനു നഷ്ടമാകുന്നത്.

പൊതു സമൂഹത്തിലും മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുവാൻ പ്രത്യേക വൈഭവം കെ.സുരേന്ദ്രനുണ്ട്. നിലവിലെ മഞ്ചേശ്വരത്തു ഉപതിരഞ്ഞെടുപ്പ് നടക്കുകയും അവിടെ നിന്നും വിജയിച്ച് നിയമസഭയിൽ എത്തുകയും ചെയ്താൽ അത് ഭരണ പ്രതിപക്ഷങ്ങൾക്ക് വലിയ ക്ഷീണവുമാകും. എന്തുവിലകൊടുത്തും സുരേന്ദ്രനെ തോല്പിക്കുവാനായി ക്രോസ് വോട്ടിംഗ് അടക്കം ഉള്ള രാഷ്ടീയ പൂഴിക്കടകൻ ഇടതു വലതു മുന്നണികൾ നടത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് പറയപ്പെടുന്നു. എന്തായാലും പുതിയ നീക്കം സുരേന്ദ്രനു കൂടുതൽ ‘പൊളിറ്റിക്കൽ മൈലേജ്‘ നൽകും എന്നതിൽ തർക്കമില്ല.

പൊളിറ്റിക്കൽ ഡസ്ക്‌

Avatar

Staff Reporter