ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത ആളിക്കത്തിച്ച് വിജയം കൊയ്യാമെന്ന ബിജെപിയുടെ തന്ത്രങ്ങള്‍ കേളത്തില്‍ ഫലംകണ്ടില്ല. അതേസമയം സംസ്ഥാനത്ത് യുഡിഎഫിന് ആധിപത്യം ലഭിച്ചു. 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 19 ഇടത്തും യുഡിഎഫ് വിജയിച്ചു. ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ എ എം ആരിഫ് മാത്രമാണ് വിജയിച്ചത്.

വര്‍ഗീയതയ്ക്ക് എതിരായ വികാരവും കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധവുമാണ് ദേശീയ രാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള ലോക്‌സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള സാക്ഷര കേരളത്തിന്റെ വിയോജിപ്പ് കോണ്‍ഗ്രസിന് അനുകൂലമായി. ബിജെപി ഏറെ പ്രതീക്ഷവച്ച മണ്ഡലങ്ങളില്‍ നിരാശയായിരുന്നു ഫലം. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ബിജെപിക്ക് ഗുണംചെയ്തില്ലെന്ന് മാത്രമല്ല, ന്യൂനപക്ഷ ഏകീകരണം കോണ്‍ഗ്രസിന് അനുകൂലമാവുകയും ചെയ്തു.
പോളിംഗിന് വിവിധ മാധ്യമ സ്ഥാപനങ്ങളും ഏജന്‍സികളും പുറത്തുവിട്ട അശാസ്ത്രീയ സര്‍വേ റിപ്പോര്‍ട്ടുകളും വിധിയെ സ്വാധീനിച്ചു. ബിജെപി അക്കൗണ്ട് തുറക്കുമെന്നും തിരുവനന്തപുരത്ത് വിജയവും നിരവധി മണ്ഡലങ്ങളില്‍ രണ്ടാമത് എത്തുമെന്നുമായിരുന്നു പ്രവചനം. ഇത് ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിന് ഇടയാക്കി. ഇതുകൊണ്ടാണ് ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വന്‍ ഭൂരിപക്ഷം ലഭിക്കാന്‍ ഇടയായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിഎ വലിയ തോതിലുള്ള മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയും ദേശീയ മാധ്യമങ്ങളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസിനു പിന്തുണയുമായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുമെന്നും വിശാല ഐക്യസര്‍ക്കാരാകും അധികാരത്തില്‍ വരികയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെ ഉത്തരേന്ത്യയ്ക്ക് പുറമേ, തെക്കേ ഇന്ത്യയിലും കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ടു. ഇത് കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂല ഘടകമായി. എന്നാല്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണുണ്ടായത്.
രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെമ്പാടും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 1979ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേട്ടമുണ്ടാക്കി. 1980ലെ നിയമസഭ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റമാണുണ്ടായത്. 1984ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും 1987ല്‍ ചിത്രം മാറി. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 18 സീറ്റാണ് ഇടതുജനാധിപത്യ മുന്നണിക്ക് ലഭിച്ചത്.

അന്നത്തെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബിജെപി സര്‍ക്കാരിനെതിരെയുള്ള ജനവികാരം എല്‍ഡിഎഫിന് അനുകൂലമായി. വര്‍ഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തേക്കാള്‍ കേന്ദ്രത്തില്‍ അന്ന് ശക്തമായ ഐക്യം രൂപപ്പെട്ടിരുന്നത് ഇടതുപാര്‍ട്ടിക്കള്‍ക്കായിരുന്നു. അതിന് സമാനമായ തരംഗമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായത്. 2019 തെരഞ്ഞെടുപ്പില്‍ ഇടത് സ്വാധീനവും പ്രതിപക്ഷ ഐക്യവും കേന്ദ്രത്തില്‍ നാമമാത്രമായതും, കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഇടയാക്കിയെന്നും വിലയിരുത്തുന്നു.
അതേ സമയം മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി എന്നതായിരുന്നു കേരളത്തിലെ ഏക ബിജെപി എം എൽ എയായ ഒ രാജഗോപാലിന്റെ പ്രതികരണം.

ശബരിമല വിഷയം ബിജെപി ഏറ്റെടുത്ത് വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടായത് യുഡിഎഫിനാണെന്ന് സൂചിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ശബരിമല വിധിയെ തുടർന്നുണ്ടായ സംഭവങ്ങളിൽ നിഷ്‌ക്രീയത്വം പാലിച്ച യു ഡി എഫ് വിഷയത്തിന്റെ ഗുണഭോക്താക്കളായി.
കഴിഞ്ഞ തവണ രാജഗോപാൽ സ്ഥാനാർത്ഥി ആയിരുന്നപ്പോൾ ലഭിച്ചതിനേക്കാൾ കുറവ് വോട്ടാണ് ഇത്തവണ കുമ്മനം രാജശേഖരന് ലഭിച്ചത്. ഈ കാര്യം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ ചില നേതാക്കൾ യുഡിഎഫിന് വോട്ട് മറിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇവരുടെ പേര് വെളിപ്പെടുത്തതാണ് അദ്ദേഹം തയ്യാറായില്ല. മുൻപ് പരാജയം നേരിട്ടതിൽ വിഷമമുള്ള ഒരു നേതാവും ഒരു മന്ത്രിയും മേയറും വോട്ട് മറിച്ചതിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.