മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ ദാരുണമായ മരണത്തിനു വഴി വച്ച കാര്‍ അപകടത്തിലെ വിവാദ നായിക വഫ ഫിറോസിനെ സംബന്ധിച്ച ദുരൂഹത ഏറുന്നു. അമിതമായി മദ്യപിച്ച് കാര്‍ ഓടിച്ചു ശ്രീറാം വെങ്കട്ടരാമന്‍ ബഷീറിനെ ഇടിച്ചു കൊല്ലുമ്പോള്‍ വഫ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്. വഫയുടെ കാര്‍ ആയിരുന്നു ശ്രീറാം ഓടിച്ചിരുന്നതും. ശ്രീറാമിനോട് മാത്രമല്ല കേരളത്തിലെ യുവ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന യുവതി ആണ് വഫ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

തിരുവനന്തപുരം ആസ്ഥാനമായി ഒരു ചാരിറ്റബിള്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് വഫ. ഇതിന്റെ പ്രവര്‍ത്തനത്തിനും മറ്റുമായി വഫ നിരവധി വിദേശ യാത്രകളും നടത്തിയിട്ടുണ്ട്. അടുത്തിടെ ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥ പ്രതിയെ പിടിക്കാന്‍ വിദേശത്തു പോയപ്പോള്‍ വേണ്ട സഹായം ചെയ്തത് വഫ ആണെന്നു റിപ്പോര്‍ട്ട് ഉണ്ട്. പ്രവര്‍ത്തനം ഏറെ ദുരൂഹമായ ഒരു യുവതി കേരത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതില്‍ ദുരൂഹത ഏറുകയാണ്. സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതകളിലേക്കാണ് വഫായുടെ ഇത്തരം പ്രവര്‍ത്തനം ചെന്ന് എത്തുന്നത് എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അതേ സമയം മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വഫ ഫിറോസിനെയും പൊലീസ് പ്രതി ചേര്‍ത്തു. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്.

താന്‍ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ ശ്രീറാം കാര്‍ ഓടിക്കുകയായിരുന്നു, പട്ടം മരപ്പാലത്തെ തന്റെ ഫ്‌ളാറ്റിലേക്കു മടങ്ങിപ്പോകുകയായിരുന്നെന്നും പൊലീസിനോട് പറഞ്ഞു. എന്നാല്‍, കവടിയാറിലെ തന്റെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ശ്രീറാമിന്റെ മൊഴി.
മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184, 188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു. കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനം വഫ ഫിറോസിന്റേതാണ്. ഷാഡോ ബ്ലൂ നിറത്തിലുള്ള വോക്‌സ്‌വാഗന്‍ വെന്റോ ഡീസല്‍ കാര്‍, 2013 ആഗസ്റ്റില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തതാണ്. വഫയുടെ പേരില്‍ തന്നെയാണ് കാറിന്റെ രജിസ്‌ട്രേഷന്‍. ഈ കാര്‍ മൂന്ന് തവണ അമിത വേഗത്തിന്റെ പേരില്‍ കേസില്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് തവണയും മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയില്‍ ആണ് കാര്‍ കുടുങ്ങിയിട്ടുള്ളത്.

വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമാണ് വഫ ഫിറോസ്. തിരുവനന്തപുരം പട്ടം മരപ്പാലം സ്വദേശിയായ വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. കുറച്ചുനാള്‍ മുമ്പ് ഇവര്‍ വിവാഹബന്ധവും വേര്‍പെടുത്തി. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലസ്ഥാനത്ത് ചുമതലയേറ്റശേഷം ഫേസ്ബുക്ക് വഴിയാണ് ശ്രീറാമും വഫ ഫിറോസുമായി സൗഹൃദത്തിലായത്. മൂന്നാര്‍ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധന തോന്നി ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വഫ പറഞ്ഞു. ഒട്ടേറെ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുമായി പരിചയമുണ്ടെന്നും വഫ പറയുന്നു.

അപകടം സംഭവിച്ച ദിവസം, ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ വാട്‌സാപ് സന്ദേശം വഴി വിളിച്ചു വരുത്തുകയായിരുന്നെന്ന് വഫ പൊലീസിനു മൊഴി നല്‍കി. കാറുമായി വരാന്‍ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാത്രിയില്‍ എത്തിയത്. തന്റെ വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ശ്രീറാം ആണ് ഓടിച്ചിരുന്നതെന്നും അവര്‍ കന്റോണ്‍മെന്റ് പൊലീസിന് മൊഴി നല്‍കി.