യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വപ്ന സുരേഷ് എന്ന പേര് കേരളമാകെ ശ്രദ്ധയാകർഷിക്കുന്നത്. നയതന്ത്ര അധികാരം മറയാക്കിയുള്ള സ്വർണക്കടത്ത് കേസ് എന്നതിനപ്പുറം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ് ഈ സംഭവം. മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ ഉന്നത ബന്ധമാണ് വിവാദത്തിന് അടിസ്ഥാനം.
സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ പങ്കാളിയായി. പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം. ഭർത്താവുമായി ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യത അധികരിച്ചതോടെ ബിസിനസ് പൊളിഞ്ഞ് മകളുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയായി.
2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.
കോൺസുലേറ്റിലെ ഉന്നത സ്വാധീനം സർക്കാർ പരിപാടികളിൽ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളർത്തി. ആറ് മാസം മുൻപ് കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായി കരാർ നിയമനം നേടി. ഇ–മൊബിലിറ്റി പദ്ധതിയിൽ ആരോപണം നേരിടുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ശുപാർശയിലായിരുന്നു നിയമനം.
കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു.
യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. അതിനു മുൻപ് എയർ ഇന്ത്യ സാറ്റ്സിൽ 6 മാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്നയ്ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.