മലയാളം ഇ മാഗസിൻ.കോം

ആരാണ്‌ പ്രവീൺ റാണ? തട്ടിപ്പുകാരുടെ പ്രിയപ്പെട്ട ‘പ്രബുദ്ധ’ മണ്ടന്മാരായ മലയാളികൾ

തൃശ്ശൂർ അരിമ്പൂർ കൈപ്പിള്ളിയിൽ പുഷ്കരൻ മേസ്തിരിയുടെ മകൻ പ്രവീൺ കൗമാരകാലം മുതല്ക്കേ മികച്ച നേതൃശേഷിയും വാക് ചാതുരിയും ഉള്ളവൻ ആയിരുന്നു. എഞ്ചിനീയറിംഗ് കോളേജ് പഠന കാലത്ത് സസ്പെൻഷൻ ഉൾപ്പെടെ നടപടി നേരിടേണ്ടി വന്നപ്പോൾ പ്രമുഖ വിദ്യാർഥി രാഷ്ടീയ സംഘടനയുടെ യൂണിറ്റ് ഇട്ട് മാനേജ്മെന്റിനെ ഞെട്ടിച്ച ചരിത്രം ഉണ്ട് ഇയാൾക്ക് എന്ന് കേൾക്കുന്നു. അതുവരെ വിദ്യാർഥി രാഷ്ടീയം അനുവദിക്കാതിരുന്ന ആ കോളേജിൽ അതോടെ വിദ്യാർഥി സംഘടനാളും സമരങ്ങളും വേരുറപ്പിച്ചു. കോളേജിൽ ഇയാക്ക് ഒരു ഹീറോ പരിവേഷം ഉണ്ടായി.

കോളേജ് പഠനശേഷം ഇയാൾ ചെറിയ സ്ഥാപനങ്ങൾ നടത്തി, ഇതിനിടയിൽ ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളുമ്നടത്തി. ജനങ്ങളുടെ മന:ശ്ശാസ്ത്രം മനസ്സിലാക്കിയതോടെ സേഫ് ആന്റ് സ്ട്രോങ്ങ് എന്ന പേരിൽ കമ്പനി തുടങ്ങി ഫ്രഞ്ചൈസി എന്ന പേരിലും മറ്റും പണം സ്വീകരിച്ചു. മാധ്യമങ്ങളുടെ പിൻ ബലം കൂടെ ഉണ്ടായതോടെ കൃത്യമായ പി.ആർ. വർക്കുകൾ മൂലം ലൈഫ് കോച്ച്, സംരംഭകൻ തുടങ്ങിയവയിൽ താൻ ഒരു സംഭവം ആണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാൻ സാധിച്ചു.

അതി സമ്പന്നരുടെ മക്കളുടെ വിവാഹങ്ങൾ പോലും ഏതനും ദിവസങ്ങളിൽ തീരുമ്പോൾ മാസങ്ങൾ നീണ്ട വിവാഹ ആഘോഷമാണ്‌ പ്രവീൺ നടത്തിയത്. അതും കോടികൾ ചിലവിട്ടും പ്രമുഖരുടെ സാന്നിധ്യം ഉറപ്പ് വരുത്തിയും ആയിരുന്നു വിവാഹ മാമാങ്കം. വാർത്തകളിൽ ഈ അപൂർവ്വ വിവാഹം വലിയ തോതിൽ ഇടം പിട്യ്ക്കുകയും ചെയ്തു. ഇതും തന്റെ കമ്പനിയുടെ മാർക്കറ്റിംഗിന്റെ ഭാഗമാക്കുന്നതിൽ പ്രവീൺ വിജയിച്ചു. ഒരു വശത്ത് തന്റെ വിശ്വാസ്യത ഉയർത്തും വിധം പി.ആർ. വർക്കുകളും മറുവശത്ത് വൻ പ്രതിഫലം നല്കി മാർക്കറ്റിംഗ് ടീമിനെയും സംഘടിപ്പിച്ചു. അവരുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി നിക്ഷേപം നടത്തുവാൻ പലരും രംഗത്ത് വന്നു. നിയമപരമായി നടപടികൾ വന്നാൽ അതിൽ നിന്നും ഊരുവാനുള്ള പഴുതകൾ ഉൾപ്പെട്ടതാണ്‌ നിക്ഷേപകരുമായി ഉണ്ടാക്കിയ കരാർ എന്ന് പറയപ്പെടുന്നു.

നൂറിലധികം കോടിയുടെ തട്ടിപ്പ് നടന്നു എന്ന് അനുമാനങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും അത് എത്രയാണെന്ന് ഇനിയും കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. ഏതാനും ദിവസങ്ങളുടെ വാർത്തകൾക്കപ്പുറം ആയുസ്സില്ലാത്ത ഇത്തരം തട്ടിപ്പുകേസുകളിൽ പെട്ട പലരും പിന്നീട് കോടതിയിൽ നിന്നും വിമുക്തരായി പുറത്ത് വരുന്നതായി കേൾക്കാം.

പി.ആർ ആഘോഷങ്ങൾക്ക് ഒടുവിൽ കോടികൾ പറ്റിച്ച പ്രവീൺ റാണ എന്ന വൻ തട്ടിപ്പ് മരം വീണിരിക്കുന്നു , അയാൾക്ക് പബ്ലിസിറ്റി നൽകിയ ചാനലുകൾ അയാൾ തട്ടിപ്പുകാരനാണ് എന്ന വാർത്തകൾ മലയാളിക്ക് മുമ്പിലേക്ക് വിളമ്പുന്നു. ഇനി അടുത്ത തട്ടിപ്പ് വന്മരം എപ്പോൾ എന്ന കാത്തിരിപ്പിലാണ്‌ മലയാളികൾ. പ്രവീൺ റാണമാർ വന്നില്ലെങ്കിൽ അവരെ സൃഷ്ടിച്ച് തങ്ങളുടെ സമ്പാദ്യങ്ങൾ നഷ്ടപ്പെടുത്തും. അതാണ്‌ പ്രബുദ്ധ മലയാളി എന്ന മണ്ടൻ സമൂഹം.

രാഷ്ടീയം, സാമ്പത്തികം, ആധ്യാത്മിക, റിയൽ എസ്റ്റേറ്റ്, ആരൊഗ്യം എങ്ങിനെ പ്രധാനപ്പെട്ട ചില സംഗതികളുമായി ബന്ധപ്പെട്ട തട്ടിപ്പുകാരുടെ പറുദീസയാണ്‌ കേരളം. തട്ടിപ്പുകൾ എത്ര തവണ പിടിയ്ക്കപ്പെട്ടാലും പുതിയ തട്ടിപ്പുകാരെ ഇരു കയ്യും നീട്ടി സ്വീകരിയ്ക്കുന്ന ഒരു മനസ്സ് മലയാളിയ്ക്കുണ്ട്.

രാഷ്ട്രീയ പ്രബുദ്ധരാണ്‌ മലയാളി എന്ന ലേബൽ ചാർത്തിക്കൊടുത്ത് ജനങ്ങളെ പറ്റിക്കുന്ന രാഷ്ടീയക്കാർ മുതൽ സമ്പാദ്യ ശീലം ഉള്ളവരാണ്‌ മലയാളികൾ എന്ന് പറഞ്ഞ് നിക്ഷേപ തട്ടിപ്പു നടത്തുന്നവർക്ക് വരെ ഇത് കൃത്യമായി അറിയാം. അതവർ സമയാ സമയങ്ങളിൽ പ്രയോഗിച്ച് തങ്ങളുടെ നേട്ടം കരസ്ഥമാക്കുകയും ചെയ്യുന്നു. അനുഭവങ്ങൾ വച്ചു നോക്കുമ്പോൾ മലയാളി രാഷ്ട്രീയ പ്രബുദ്ധനുമല്ല നിക്ഷേപങ്ങളുടെ കാര്യത്തിൽ ജാഗ്രതയോ അറിവോ ഉള്ളവരുമല്ല എന്ന് മനസ്സിലാക്കാം. തങ്ങളാണ്‌ മറ്റുള്ളവരേക്കാൾ നമ്പർ വൺ എന്ന ഒരു മിഥ്യാ ബോധം മലയാളി മാൻസ്സിൽ കയറ്റി വച്ചിട്ടുണ്ട് അതാണ്‌ മലയാളിക്ക് കെണിയാകുന്നതും. പൊതുവിൽ ഉയർന്ന വിദ്യാഭ്യാസ നിലവാരം ഉള്ളവരാണ്‌ എങ്കിലും അധികം അധ്വാനിയ്ക്കാതെ സമ്പത്ത് ആർജ്ജിക്കുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്യുവാൻ ഉള്ള ഒരു ത്വര മലയാളിയുടെ ഉള്ളിൽ ഉണ്ട്.
അത് കൃത്യമായി മനസ്സിലാക്കിയവർ വിവിധ വേഷങ്ങളിൽ അവതരിച്ച് കോടികൾ അടിച്ചുമാറ്റി കൊണ്ടു പോകുന്നു.

കേരളത്തിലെ പോലെ ഇന്ത്യയിൽ ഇത്രയധികം പത്രം വായിക്കുകയും വാർത്ത ചാനലുകൾ കാണുകയും ചെയ്യുന്ന മറ്റേതെങ്കിലും ജനവിഭാഗം ഉണ്ടാകുവാൻ ഇടയില്ല. തട്ടിപ്പുകളെ പറ്റിയുള്ള ഒരുപാട് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്തിട്ടും പുതിയ തട്ടിപ്പുകാർക്ക് തലവച്ചു കൊടുക്കുവാൻ ഒട്ടുമ്മലയാളിക്ക്. എന്നിട്ടും മണി ചെയ്യിൻ രൂപത്തിൽ കിടയ്ക്ക മുതൽ സോപ്പ് വരെ വിവിധ ഉല്പന്നങ്ങൾ, മാറാവ്യാധികൾക്കുള്ള മന്ത്രവാദങ്ങൾ മറഞ്ഞിരിയ്ക്കുന്ന നിധി കണ്ടെത്തൽ തുടങ്ങിയവയ്ക്ക് കേരളത്തിൽ വലിയ മാർക്കറ്റാണ്‌. നഗ്ന പൂജ മുതൽ നരഹത്യവരെ നടക്കുന്നു സമ്പൂർണ്ണ സാക്ഷരർ എന്ന് അഹങ്കരിക്കുന്ന കേരളത്തിൽ. രാഷ്ടീയക്കാരുടെയും, സിദ്ധൻ ജ്യോതിഷി ആൾദൈവം തുടങ്ങി ലൈഫ് ഡോക്ടർ വരെ പല രൂപത്തിൽ എത്തുന്ന തട്ടിപ്പുകാർ കേരളത്തിൽ നിറഞ്ഞാടുന്നു.

പലപ്പോഴും തട്ടിപ്പുകാർ ലക്ഷ്യമിടുക പ്രവാസികളേയും, കള്ളപ്പണക്കാരെയും റിട്ടയർ ചെയ്യുന്ന ഉദ്യോഗസ്ഥരേയുമാണ്‌. എന്നാൽ ഗ്രമങ്ങളിലെ സാധാരണക്കാരെ പറ്റിയ്ക്കുന്നവരും ഉണ്ട്. ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളേയോ രാഷ്ടീയ പാർട്ടികളുടെ പോഷക സംഘടനകളേയോ മറയാക്കിയാണ്‌ പ്രവസികളെ ചതിയ്ക്കുവാനുള്ള പ്ലാറ്റ് ഫോമായി ഇക്കൂട്ടർ പ്രയോജനപ്പെടുത്തുക. രാഷ്ടീയ സ്വാധീനം ഉള്ളവരോ പ്രവർത്തകരോ നടത്തുന്ന കുറികൾ നിക്ഷേപങ്ങൾ എന്നിവയിൽ പണം നഷ്ടപ്പെട്ടാലും പലരും പരാതിയുമായി പരസ്യമായി രംഗത്തെത്താറില്ല. തൃശ്ശൂർ ജില്ലയിലെ തീരദേശത്തുള്ള പ്ര്വാസികളായ ഒത്തിരി പേർക്ക് നിക്ഷേപിച്ച തുക ലഭിക്കാതെ പോയ സംഭവം വേണ്ടത്ര വാർത്താ പ്രാധാന്യം ലഭിക്കാതെ പോയതിന്റെ ഒരു കാരണവും ഇത്തരം സ്വാധീനമാണെന്ന് പറയപ്പെടുന്നു.

YOU MAY ALSO LIKE THIS VIDEO, 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ്‌ എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന്‌ പാലും മറ്റ്‌ പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam

Avatar

Staff Reporter