മലയാളം ഇ മാഗസിൻ.കോം

നമ്മൾ ആഗ്രഹിച്ചിരുന്ന ആ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഡൽഹി: ഉപഭോക്താവിന് മെച്ചപ്പെട്ട സേവനം നൽകുന്നതിന് കഴിഞ്ഞ വർഷം നിരവധി ഫീച്ചറുകളാണ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഈ വർഷവും ഉപഭോക്താവിന് സുഗമമായി ചാറ്റ് ചെയ്യുന്നതിന് നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്.

പിക്ചർ- ഇൻ- പിക്ചർ ഫോർ വീഡിയോ കോൾസ്

നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. വാട്‌സ്ആപ്പ് വീഡിയോ കോളിനിടെ തന്നെ മറ്റു ആപ്പുകൾ ബ്രൗസ് ചെയ്യാൻ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. വീഡിയോ കോൾ വിൻഡോ ചെറുതാക്കി മൊബൈൽ സ്‌ക്രീനിന്റെ സൗകര്യപ്രദമായ ഏതെങ്കിലും ഭാഗത്തേയ്ക്ക് വലിച്ചുമാറ്റാൻ സാധിക്കുന്നതാണ് സംവിധാനം. ഐഒഎസ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയുംവിധം പരിഷ്‌കാരം കൊണ്ടുവരുമെന്നാണ് വാട്‌സ്ആപ്പ് അറിയിക്കുന്നത്. നിലവിൽ ഐഒഎസിൽ ബീറ്റാ വേർഷനിൽ ഇത് അവതരിപ്പിച്ചിട്ടുണ്ട്.

വ്യൂ വൺസ് ടെക്സ്റ്റ്

വ്യൂ വൺസ് മീഡിയ ഫീച്ചറിന് സമാനമായാണ് ഇത് അവതരിപ്പിക്കാൻ പോകുന്നത്. അയക്കുന്ന ടെക്‌സ്റ്റ് മെസേജ് കാണുന്ന മാത്രയിൽ തന്നെ സ്വമേധയാ ഡിലീറ്റ് ആയി പോകുന്നതാണ് ഫീച്ചർ. ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ഫീച്ചർ.

കംപാനിയൻ മോഡ്

ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് തന്നെ ഒന്നിലധികം ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ ഫീച്ചർ. ഒരേ പ്രൊഫൈൽ ഉപയോഗിച്ച് തന്നെ ഐഫോണിലും ആൻഡ്രോയിഡ് ഫോണുകളിലും ഒരേ സമയം ഉപയോഗിക്കാൻ കഴിയുന്നതാണ് സംവിധാനം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ ഈ ഫീച്ചർ എല്ലാവർക്കും പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് റിപ്പോർട്ട്. വാട്‌സ്ആപ്പ് ഡേറ്റ ലിങ്ക് ചെയ്യാനും സിങ്ക് ചെയ്യാൻ കഴിയും എന്നതാണ് പ്രത്യേകത.

തീയതി ഉപയോഗിച്ച് തെരച്ചിൽ

നിലവിൽ വാട്‌സ്ആപ്പിൽ പഴയ മെസേജുകൾ തെരഞ്ഞ് കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.തീയതി ഉപയോഗിച്ച് മെസേജുകൾ തെരഞ്ഞ് കണ്ടുപിടിക്കുന്നതിനുള്ള ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

വോയ്‌സ് നോട്ട്

നിലവിൽ ഫോട്ടോയും വീഡിയോകളും ലിങ്കുകളുമാണ് പ്രധാനമായി സ്റ്റാറ്റസ് ആയി ഇടുന്നത്. വോയ്‌സ് നോട്ടുകളും സ്റ്റാറ്റസ് ആയി ഇടാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്

സ്‌ക്രീൻലോക്ക്

നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ വാട്‌സ്ആപ്പിന് സ്‌ക്രീൻലോക്ക് സംവിധാനമുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടി നിരവധി ഉപയോക്താക്കൾ ഈ ഫീച്ചർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഡെസ്‌ക് ടോപ്പ് ആപ്പ് ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയുംവിധം മാറ്റത്തിന് ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്

കോൾ ടാബ്

ഡെസ്‌ക് ടോപ്പ് ആപ്പിലും കോൾ ടാബ് ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് കോളിന്റെ ഡാറ്റ മൊബൈലും വെബ് ആപ്പും ഉപയോഗിച്ച് ട്രാക്ക് ചെയ്യാനും സിങ്ക് ചെയ്യാനും കഴിയും.

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാൻ കൊല്ലം ജില്ലയിലെ കർഷകൻ, അത്‌ മാത്രമല്ല കാണാം സമ്മിശ്ര കൃഷിയിടം

Avatar

Staff Reporter