മലയാളം ഇ മാഗസിൻ.കോം

വാട്ട്സാപ്പ്‌ വിട്ട്‌ എല്ലാവരും സിഗ്നനിലേക്ക്‌, എന്താണ്‌ ഇതിനിത്ര പ്രത്യേകത? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാട്സാപ്പിന്റെ നയമാറ്റം വിവാദമായിരിക്കെ എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമായ സിഗ്നല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും അക്കൗണ്ട് തുറക്കുന്നവരുടേയും എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്‍, സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനമാണ് സിഗ്നല്‍. 2014 ല്‍ ആണ് വാട്‌സാപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്‌സി മര്‍ലിന്‍സ്‌പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് സിഗ്നല്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്.

വാട്‌സാപ്പ്, ടെലഗ്രാം പോലെ ഇന്റര്‍നെറ്റ് വഴി വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗ്രൂപ്പുകള്‍ തമ്മിലും ആശയവിനിമയം നടത്താന്‍ ഈ സിഗ്നല്‍ ആപ്പിലൂടെ കഴിയും. വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങളും, ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍, ജിഫുകള്‍ പോലുള്ളവ കൈമാറാനുള്ള സൗകര്യം സിഗ്നലിലും ഉണ്ട്. വാട്‌സാപ്പ്, ടെലഗ്രാം പോലെ തന്നെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ഈ സേവനത്തില്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. എസ്എംഎസ് സേവനം സുരക്ഷിതമായി ഉപയോഗിക്കാനും ഇത് സഹായിക്കുന്നു.

ഈ ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകത മൊബൈല്‍ നമ്പര്‍ മാത്രമല്ല, ലാന്റ് ലൈന്‍ നമ്പര്‍, വോയ്‌സ് ഓവര്‍ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണാക്കാന്‍ സാധിക്കും. പക്ഷേ ഒരു നമ്പര്‍ ഉപയോഗിച്ച് ഒരു ഫോണില്‍ മാത്രമേ സിഗ്നല്‍ അപ്ലിക്കേഷൻ ഉപയോഗിക്കാന്‍ സാധിക്കൂ.

സിഗ്നല്‍ തയ്യാറാക്കിയിരിക്കുന്നത് സൗജന്യമായ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായത് കൊണ്ടാണ് ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ഓപ്പണ്‍സോഴ്‌സ് കോഡ്പരിശോധിക്കാന്‍ സാധിക്കും. സിഗ്നല്‍ ആപ്പില്‍ ജനവിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ അത് കമ്പനിയ്ക്ക് പുറത്തുള്ളവര്‍ക്ക് പരിശോധിക്കാനും തിരിച്ചറിയാനും സാധിക്കും.

കമ്പനിയുടെ രഹസ്യ ഇടപെടലുകള്‍ അതില്‍ സാധിക്കില്ല. ഇതുകൊണ്ടാണ് സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സുരക്ഷാ വിദഗ്ദര്‍, ഗവേഷകര്‍ പോലും പലരും സിഗ്നല്‍ ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഓഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളും ലഭ്യമാണ്.

Avatar

Staff Reporter