മലയാളം ഇ മാഗസിൻ.കോം

അറിയാമോ എന്തൊക്കെയാണ് തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസിന്റെ ആ പ്രത്യേകതളെന്ന്

സംസ്ഥാനത്തിനുള്ള ആദ്യ വന്ദേ ഭാരത്‌ എക്സ്പ്രസ്‌ തിരുവനന്തപുരത്ത്‌ എത്തിക്കഴിഞ്ഞു. തിരുവനന്തപുരം കണ്ണൂർ റൂട്ടിലാണ്‌ ആദ്യ സർവ്വീസ്‌. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ആദ്യ സർവീസ് ഉദ്‌ഘാടനം ചെയ്യും. രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകും. 8-16 കോച്ചുകളാകും എക്‌സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്

52 സെക്കൻഡിൽ 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കും. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് സാധാരണ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ 6-7 മണിക്കൂർ എടുക്കുമെങ്കിൽ വന്ദേ ഭാരത് എക്‌സ്പ്രസിൽ വെറും 3 മണിക്കൂറിൽ എത്താൻ സാധിക്കും. കേരളത്തിൽ എക്‌സ്പ്രസ് ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ പിന്നിടുമെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെ ഏകദേശം 1345 രൂപ ചെയർ കാറിനും, 2238 രൂപ എക്സിക്യൂട്ടീവ് കോച്ചിനും ടിക്കറ്റ് ചാർജ് വന്നേക്കും. 320 രൂപ കാറ്ററിംഗ് ചാർജ് ഉൾപ്പെടെയാണിത്. എറണാകുളം വരെ 605,1144 രൂപ, കോഴിക്കോട് വരെ 1130, 2138 രൂപ നിരക്ക് വന്നേക്കും.

എയറോഡൈനാമിക്ക് ഡിസൈനിൽ രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിന് കവച്‌ ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാൻ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് കവച്‌. ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനിന്റെ ദിശ മാറ്റാൻ സമയനഷ്ടമില്ല.

അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റവും വന്ദേ ഭാരതിലുണ്ട്. ഇത് 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്നു. അടിയന്തര സാഹചര്യത്തിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംവദിക്കാനുള്ള സൗകര്യവുമുണ്ട്.

YOU MAY ALSO LIKE THIS VIDEO, വീടിനു ചുറ്റുമുള്ള കുളങ്ങളിൽ മത്സ്യകൃഷി, മികച്ച വരുമാനവും മാതൃകാ മത്സ്യകൃഷിയിടമെന്ന അംഗീകാരവും

എല്ലാ സീറ്റുകളും റിക്ലൈനർ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിലാകട്ടെ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമുണ്ട്. ട്രെയിൻ ചലിക്കുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്ന് ചുരുക്കം. സീറ്റുകൾക്ക് മുന്നിൽ 32 ഇഞ്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇൻഫോടെയിൻമെന്റിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പറും നൽകിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ഡോർ, ഫയർ സെൻസർ, വൈ-ഫൈ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകൾ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങൾ. വന്ദേഭാരതിലെ വിശാലമായ ജനാലകൾ പുറം കാഴ്ച ആവോളം ആസ്വദിക്കാൻ വഴിയൊരുക്കുന്നു. ഒപ്പം ബാഗേജിന് വേണ്ടി കോച്ചുകളിൽ കൂടുതൽ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? | കൊല്ലത്തു നിന്നും ടിക്കറ്റെടുത്ത്‌ ശ്രീലങ്കയ്ക്ക്‌ പോകാമായിരുന്ന ബോട്ട്‌ മെയിൽ എക്സ്പ്രസ്‌ ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ

Avatar

Staff Reporter