മനാഫ് ഞങ്ങളോട് ചെയ്തത്; ലോറി ഉടമ മനാഫിനെതിരെ തുറന്നടിച്ച് അർജുന്റെ കുടുംബം
ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ വാഹന ഉടമ മനാഫിനെ ആരും മറക്കാൻ സാധ്യതയില്ല. അത്രമേൽ ഓളമാണ് അദ്ദേഹം സോഷ്യൽ മീഡിയിയിലും വാർത്തകളിലും ഉണ്ടാക്കിയെടുത്തത്. ജൂലൈ 16നാണ് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാകുന്നത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തിയത്. അർജുന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫും ഷിരൂരിൽ ഉണ്ടായിരുന്നു. എന്നാൽ അതേ മനാഫിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് അർജുന്റെ കുടുംബമിപ്പോൾ. കുടുംബത്തെ വൈകാരികമായി ചൂഷണം ചെയ്യുകയാണെന്നും 75000 രൂപ വരെ അർജുന് ശമ്പളമുണ്ടായിരുന്നെന്ന് വ്യാജപ്രചാരണം നടത്തുകയാണെന്നും കുടുംബം പറയുന്നു. മാത്രമല്ല അർജുന്റെ പേരിൽ മനാഫ് പണം പിരിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.
കുടുംബം പറയുന്നത് ഇങ്ങനെ ; ” മനാഫിന് യൂട്യൂബ് ചാനലുണ്ട്. അതിലിടാൻ വേണ്ടിയാണ് എന്നും വീഡിയോ എടുക്കുന്നത്. ഓരോ ദിവസവും മൂന്നും നാലും വീഡിയോ ആണ് അയാൾ ചാനലിൽ ഇടുന്നത്. അർജുനോട് സ്നേഹമുണ്ടെങ്കിൽ എല്ലാകാര്യവും വിഡിയോ എടുക്കില്ലായിരുന്നു. എത്ര തവണ ബന്ധപ്പെട്ടിട്ടും മനാഫിന് നിർത്താനുള്ള ഭാവമുണ്ടായില്ല. അർജുനെ കിട്ടിക്കഴിഞ്ഞാൽ എല്ലാം നിർത്തിക്കോളാം എന്ന് പറഞ്ഞിരുന്നു. എന്നാൽ അയാൾ പ്രശസ്തിക്ക് വേണ്ടി വീണ്ടും ചൂഷണം ചെയ്യുകയാണ്. മനാഫും ഈശ്വർ മൽെപയും തമ്മിൽ നടത്തിയ നാടകമാണിതെന്നും കുടുംബം കൂട്ടിച്ചേർത്തു.വാർത്താസമ്മേളനം വിളിച്ചാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഇതിനോടകം തന്നെ കുടുംബത്തിനുള്ള മറുപടിയുമായി മനാഫും രംഗത്തെത്തി എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ എന്നും, തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി.