മലയാളം ഇ മാഗസിൻ.കോം

രാജ്യത്ത്‌ ഇ-റുപ്പി എത്തിക്കഴിഞ്ഞു, എങ്ങനെയാണ്‌ വിനിമയം ചെയ്യേണ്ടത്‌ എന്നറിഞ്ഞോളൂ

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ആധുനികതയുടെ മണിക്കിലുക്കവുമായി ഇന്നു മുതൽ ഇ റുപ്പി എത്തുകയാണ്. പരീക്ഷണ ഘട്ടമെന്ന നിലയിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നാല് ന​ഗരങ്ങളിലാണ് ഇ റുപ്പി വിനിമയം നടത്താനാകുക. നിലവിലുള്ള നോട്ടുകൾ പോലെ തന്നെ വിനിമയം ചെയ്യാനാകുന്നതാണ് ഇ റുപ്പിയും. എന്നാൽ, ഇപ്പോൾ നാം ഉപയോ​ഗിക്കുന്ന ​ഗൂ​ഗിൾ പേ, ഫോൺപേ തുടങ്ങിയ ബാങ്ക് അക്കൗണ്ട് ലിങ്ക്ഡ് ആപ്പുകൾ പോലെയല്ല ഡിജിറ്റൽ കറൻസിയുടെ വിനിമയം.

ഡിജിറ്റൽ കറൻസിയും ഇപ്പോൾ നാം ഉപയോ​ഗിക്കുന്ന കറൻസിപോലെ തന്നെ കൊണ്ടു നടക്കാവുന്നവയാണ്. ബാങ്ക് നോട്ടുകൾ പോക്കറ്റിലെ പേഴ്സിലാണെങ്കിൽ ഇ റുപ്പി ഫോണിലായിരിക്കും എന്നുമാത്രം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു നിയമപരമായ ഡിജിറ്റൽ കറൻസിയാണ് ഇ റുപ്പി. എന്നാൽ, ഇതിന്റെ വിനിമയം നമ്മുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാകില്ല എന്നുമാത്രം.

നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ആദ്യ ഘട്ടത്തിൽ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നാല് നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളുമായി ആദ്യ ഘട്ടം ആരംഭിക്കും.

ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയെയും പിന്നീട് ഈ പൈലറ്റിൽ ഉൾപ്പെടുത്തും. നിങ്ങളുടെ അക്കൗണ്ടുകൾ ഈ ബാങ്കുകളിലാണെങ്കിൽ, നിങ്ങൾക്ക് ഡിജിറ്റൽ കറൻസി ഉപയോഗിക്കാനും കഴിയും. മുംബൈ, ന്യൂഡൽഹി, ബാംഗ്ലൂർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നാണ് ഇത് ആരംഭിക്കുക. പിന്നീട് അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ ബാങ്കുകളെയും ഉൾപ്പെടുത്തി പരീക്ഷണ പദ്ധതിയുടെ വ്യാപ്തി ക്രമേണ വർദ്ധിപ്പിക്കുമെന്ന് ആർബിഐ അറിയിച്ചു.

ഉപയോക്താക്കൾക്ക് ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ വാലറ്റുകൾ വഴിയും മൊബൈൽ ഫോണുകളിലും ഉപകരണങ്ങളിലും സൂക്ഷിച്ചിരിക്കുന്നതുമായ ഇ-രൂപയുമായി ഇടപാട് നടത്താനാകും. മൊബൈലിൽ നിന്ന് പരസ്പരം അയയ്ക്കാനും എല്ലാത്തരം സാധനങ്ങളും വാങ്ങാനും എളുപ്പത്തിൽ കഴിയും. ഈ ഡിജിറ്റൽ രൂപയെ ആർബിഐ പൂർണമായും നിയന്ത്രിക്കും. അതായത്, പയറും അരിയും പാലും എന്നുവേണ്ട എല്ലാ സാധനങ്ങളും ഇ-രൂപ ഉപയോഗിച്ച് വാങ്ങാം.

YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും

Avatar

Staff Reporter