ലോകം മറക്കാൻ ആഗ്രഹിക്കുന്ന വർഷമായിരുന്നു 2020. ഇതുപോലെ ലോക ജനതയ്ക്ക് നഷ്ടമായ ഒരു വർഷം ഒരുപക്ഷെ ഉണ്ടായിരിക്കില്ല. കാലം ഇത്രയും പുരോഗമിച്ചിട്ടും വൈദ്യ ശാസ്ത്ര രംഗത്ത് ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടും വീട്ടിനുള്ളിൽ അടച്ചിടാൻ ഒരു മഹാമാരിക്ക് സാധിച്ചുവെങ്കിൽ അതെത്ര ഭീകരമായിരിന്നുവെന്ന് വരും കാലം ചിന്തിക്കും. ഇക്കാലത്ത് ലോകം മൊബൈൽ ഫോണിലേക്കും ഇന്റർനെറ്റിലേക്കും ചുരുങ്ങിയതും നാം കണ്ടു.

എന്താണ് ഈ മഹാമാരിയെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നും അറിയാനായിരുന്നു എല്ലാവർക്കും താൽപര്യം. ആദ്യം ദിവസങ്ങളിൽ കരുതലും ജാഗ്രതയുമൊക്കെ ഉണ്ടായെങ്കിലും പതുക്കെ പതുക്കെ കാര്യങ്ങൾ സാധാരണ നിലയിലേക്ക് വരുകയായിരുന്നു. 2020ന്റെ സിംഹഭാഗവും കോവിഡ് മഹാമാരി കൈയടക്കിയെങ്കിലും ഇന്ത്യയിലെ ജനങ്ങൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് മറ്റൊരു കാര്യമായിരുന്നു.
ഇന്ത്യയിൽ ക്രിക്കറ്റിനുള്ള സ്വാധീനം ഇക്കൊല്ലവും അരക്കിട്ടുറപ്പിക്കുന്നതാണ് ഗൂഗിൾ പുറത്തുവിട്ട ഏറ്റവും പുതിയ സെർച്ചിങ് കണക്കുകൾ. ഐപിഎല്ലും അതുസംബന്ധിച്ച വിഷയങ്ങളെക്കുറിച്ചും അറിയാനായിരുന്നു ഇന്ത്യക്കാർക്ക് താൽപര്യം. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് ക്രിക്കറ്റായിരുന്നു ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മറ്റൊരു വിഷയം.

ഐപിഎൽ ഒന്നാം സ്ഥാനത്ത് നിൽക്കുംബോൾ കൊറോണ വൈറസ് രണ്ടാമതും അമേരിക്കൻ തെരഞ്ഞെടുപ്പ് മൂന്നാം സ്ഥാനത്തുമുണ്ട്. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി, ബിഹാർ, ഡൽഹി തെരഞ്ഞെടുപ്പുകൾ എന്നിവയും ട്രെൻഡിങ് സെർച്ചുകളിൽ വരുന്നുണ്ട്. നിർഭയ കേസ്, ലോക്ക്ഡൗൺ, ഇന്ത്യ- ചൈന അതിർത്തി പ്രശ്നങ്ങൾ, രാമക്ഷേത്ര ശിലാസ്ഥാപനം എന്നിവയും തിരച്ചിൽ വിഷയങ്ങളായി.
കോവിഡിനെ തുടർന്ന് ഐപിഎൽ 13ാം അധ്യായം ഇത്തവണ യുഎഇയിൽ ആണ് അരങ്ങേറിയത്. ആളുകളെ പ്രവേശിപ്പിക്കാതെയാണ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ അരങ്ങേറിയതെങ്കിലും വെർച്ച്വൽ പ്ലാറ്റ്ഫോമുകളടക്കം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ആരാധകരാണ് ഓരോ ദിവസവും മത്സരം കണ്ടത്. കാഴ്ചക്കാരുടെ എണ്ണത്തിൽ 28 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇതും റെക്കോർഡായി മാറിയിരുന്നു.

യുവേഫ ചാംബ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഫ്രഞ്ച് ഓപൺ, ലാ ലിഗ എന്നിവയാണ് 2020ൽ ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത കായിക പോരാട്ടങ്ങൾ. ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തിത്വങ്ങൾ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, അർണബ് ഗോസ്വാമി, ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉൻ, ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ, കങ്കണ റണാവത്ത്, രഹിയ ചക്രവർത്തി, അങ്കിത ലോഖണ്ഡെ എന്നിവരാണ്.