യമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ പാലക്കാട് സ്വദേശിയായ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കണമെന്ന് യമന്‍ പ്രസിഡന്റ്. മോചനത്തിനായി സന്നദ്ധ പ്രവര്‍ത്തകര്‍ നല്കിയ 16.7 ലക്ഷം രൂപ കൊണ്ട് ദയാഹരജി ലഭിക്കില്ലെന്നാണ് റിപോര്‍ട്ട്.
കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും നടത്തിവന്ന മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ശിക്ഷ നടപ്പാക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് യമനില്‍ നിന്ന് ലഭിക്കുന്ന റിപോര്‍ട്ട്.
2017ലാണ് യെമൻ പൗരനും നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തിയ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം.
രാജ്യത്ത് യമൻ പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങൾ തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറുകയും ചെയ്തു. ക്ലിനിക്കിനായി കൂടുതൽ പണം ആവശ്യം വന്നതോടെ നിമിഷയും ഭർത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്.
ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കുകയും പാസ്പോർട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം പറയുന്നു.
ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്. മൃതദേഹം നശിപ്പിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നു.
ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് നിമിഷപ്രിയ അന്വേഷണസംഘത്തോട് പറഞ്ഞത്. പീഡനത്തിൽനിന്നു രക്ഷപ്പെടാൻ വേണ്ടി തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവർ പറയുന്നു.
ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കൾ അന്വേഷണം തുടങ്ങി.നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് കേസ് നടപടികൾ വന്നതും കീഴ്ക്കോടതി വധശിക്ഷയ്ക്കു വിധിച്ചതും. ഇപ്പോൾ സനായിലെ ജയിലിലാണ് നിമിഷ. സംഭവത്തിൽ നിമിഷയെ സഹായിച്ച യെമൻകാരിയായ നഴ്സ് ഹനാനു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചിരുന്നു.
അതേസമയം, വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇനിയും അഭിഭാഷകനായ അബ്ദുല്ലാ അമീര്‍ 20,000 ഡോളര്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ ഏപ്രിലിൽ അമ്മ പ്രേമകുമാരി നേരിൽ കണ്ടിരുന്നു. 12 വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു പ്രേമകുമാരി മകളെ കാണുന്നത്. അമ്മയും മകളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനുശേഷം എട്ടു മാസത്തോളമായി അമ്മ യമനിൽ തന്നെ കഴിയുകയാണ്. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് ഭർത്താവിനൊപ്പം യമനിൽ നഴ്സായി ജോലിക്ക് പോയത്.
നിമിഷ പ്രിയ പറയുന്നത് ഇങ്ങനെ: നിമിഷ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കായെത്തിയിരുന്ന യമൻ പൗരൻ തലാലുമായി പരിചയത്തിലായി. നിമിഷയുടെ ഭർത്താവ് യമനിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. തലാൽ നിമിഷയോടും ഭർത്താവിനോടും വളരെ വേഗം അടുക്കുകയും ത്ന്നോടൊപ്പം ചേർന്ന് ഒരു ക്ലിനിക്ക് നടത്തിക്കൂടെ എന്ന് ചോദിക്കുകയും ചെയ്തു. അതിനായി വലിയൊരു തുക വേണമെന്നതിനാൽ നാട്ടിൽ പോയി പണം കണ്ടെത്താമെന്ന് തീരുമാനിച്ചു. അങ്ങനെ ഭർത്താവും നിമിഷയും നാട്ടിലെത്തി. നാട്ടിലേയ്ക്കു തിരിച്ചപ്പോൾ ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ തലാലും കേരളം കാണാൻ കൂടെ വരുന്നെന്നു പറഞ്ഞു. ഒരുമാസം അവധിയുണ്ടായിരുന്നു. അങ്ങനെ തലാലും മറ്റൊരു കൂട്ടുകാരിയുമായാണ് കേരളത്തിലെത്തുന്നത്.
നിമിഷയോടൊപ്പം വീട്ടിൽ വരികയും പല സ്ഥലങ്ങൾ കാണാൻ പോകുകയും ചെയ്തു. ഇതിനിടെ വീട്ടിൽ എത്തിയപ്പോൾ വിവാഹ ആൽബം കാണിച്ചിരുന്നു. അതിൽ നിന്ന് ഫോണിൽ ചില ചിത്രങ്ങൾ പകർത്തിയിരുന്നു അപ്പോൾ അസ്വാഭാവികതയൊന്നും തോന്നിയില്ല. തിരികെ തലാലിനും കൂട്ടുകാരിക്കുമൊപ്പം മടങ്ങിയപ്പോൾ ഭർത്താവ് കൂടെ പോയിരുന്നില്ല.
ക്ലിനിക്ക് തുടങ്ങാനുള്ള പണം സ്വരൂപിച്ചതിന് ശേഷം യമനിലേക്ക് പോകാനായിരുന്നു ഉദ്ദേശം. അങ്ങനെ നിമിഷ സനയിൽ തിരികെ എത്തിയപ്പോൾ പഴയ ക്ലിനിക്കിൽ ജോലിക്കു പ്രവേശിക്കാതെ പുതിയ ക്ലിനിക് തുടങ്ങി. ക്ലിനിക്ക് തുടങ്ങിയപ്പോൾ കരാറെഴുതിയെങ്കിലും എല്ലാം ഹലാലിന്റെ പേരിലായിരുന്നു. അറബിയിലായിരുന്നതിനാൽ അത് മനസ്സിലായിരുന്നില്ല. പതുക്കെ പതുക്കെയാണ് ഹലാലിന്റെ യഥാർത്ഥ സ്വഭാവം പുറത്തറിയാൻ തുടങ്ങിയത്.
ലഹരിക്ക് അടിമയായ ഹലാലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും പലരിൽ നിന്നും അറിഞ്ഞു. ഇതിനിടെ ക്ലിനിക്കിന്റെ വരുമാനം മുഴുവൻ ഹലാൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് നിമിഷ ചോദ്യം ചെയ്യുന്നത്. ഇതോടെ ക്ലിനിക്ക് നടത്തിപ്പ് അവതാളത്തിലായി. സാമ്പത്തിക പ്രശ്നങ്ങളെ പറ്റി സംസാരിക്കുമ്പോൾ ക്ലിനിക്കിലെത്തി ബുക്കിൽ കയ്യേറ്റം ചെയ്യുന്നത് പതിവായി. വഴക്ക് രൂക്ഷമായപ്പോൾ ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോൾ നിങ്ങൾ തമ്മിൽ എന്തിനാണ് തർക്കം. രണ്ടു പേരും ഭാര്യയും ഭർത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു മറുപടി. ഇത് കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയി. ഞാനെപ്പോഴാണ് ഇയാളുടെ ഭാര്യയായത്? ഇതേ പറ്റി അന്വേഷിച്ചപ്പോഴാണ് കേരളത്തിലെത്തിയപ്പോൾ നിമിഷയുമായി വിവാഹം കഴിഞ്ഞു എന്ന് തലാൽ എല്ലാവരോടും പറഞ്ഞിരുന്നതായി അറിയുന്നത്. തെളിവിനായി ചില ഫോട്ടോകൾ കാണിക്കുകയും ചെയ്തിരുന്നു.
ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി നിമിഷ സനയിൽ ലോക്കൽ പൊലീസിനെ സമീപിച്ച് പരാതി കൊടുത്തു. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലിൽ കിടന്ന് മറ്റാരുടെയൊ സഹായത്തിൽ തലാൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോടതിയിൽ വിവാഹ ഫോട്ടോ എന്ന പേരിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കി. വിവാഹ സർട്ടിഫിക്കറ്റു കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെട്ടു. ഇതോടെ ഇരുവരും ഭാര്യാഭർത്താക്കന്മാരാണ് എന്നായിരുന്നു കോടതി വിധി. ഇതിനിടെ ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും തലാൽ സമ്മതിച്ചിരുന്നില്ല. ഫോൺ ഉപയോഗിക്കാൻ സമ്മതിക്കാതിരിക്കുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തലാലിന്റെ ബന്ധുക്കളോട് സത്യാവസ്ഥ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചില്ല. തലാലിന്റെ ഭാര്യയായാണ് പിന്നെ പുറത്തു വരുന്നത്. അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തുകയും കൂടെ താമസിക്കേണ്ടിയും വന്നു. പിന്നീട് നമിഷയ്ക്ക് മാാനസികമായും ശാരീരികമായും പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. സുഹൃത്തുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിച്ചു. പലപ്പോഴും റൂമിൽ നിന്നും ഇറങ്ങിയോടി രക്ഷപെടുകയാണ് ചെയ്തിരുന്നത്. ഇതിനിടയിലാണ് രണ്ട് സുഹൃത്തുക്കൾ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഡിവോഴ്സിന് സമ്മതിപ്പിച്ച് ഭാര്യയല്ലെന്ന് എഴുതി വാങ്ങുകയും പാസ്പോർട്ട് തിരികെ വാങ്ങാനുമായി തലാലിനെ അനസ്തേഷ്യ നൽകി ബോധം കെടുത്തി നൽകിയാൽ വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ചും ഭീഷണിപ്പെടുത്തിയും നേടിയെടുക്കാമെന്നും സുഹൃത്ത് പറഞ്ഞു. ഇതിനായി ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഹനാൻ എന്ന നഴ്സ് യുവതിയും ഇക്കാര്യത്തിൽ സഹായിക്കാൻ രംഗത്ത് എത്തി. എന്നാൽ അനസ്തേഷ്യ നൽകുന്നതിനിടയിൽ തലാൽ മരിക്കുകയായിരുന്നു.
പിന്നീട് മൃതദേഹം ഒളിപ്പിക്കാനായി വെട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. ഇതിന് ശേഷം അവിടെ നിന്നും വിട്ട് മാരിപ്പ് എന്ന സ്ഥലത്തെത്തി ഒരു മാസം ഒളിവിൽ താമസിച്ചു. വൈകാതെ തന്നെ ഹനാൻ അറസ്റ്റിലായിരുന്നു. 2017 ജൂലൈയിലാണ് സംഭവം നടക്കുന്നത്.പിന്നീട് ഓഗസ്റ്റിലാണ് നിമിഷ അറസ്റ്റിലാകുന്നത്. സഹായിക്കാൻ ഉണ്ടായിരുന്ന സുഹൃത്ത് ഒളിവിലുമാണ്. ഇതാണ് സംഭവിച്ച കാര്യങ്ങൾ എന്ന് നിമിഷ പ്രിയ പറയുന്നു.