മലയാളം ഇ മാഗസിൻ.കോം

അമ്മ – യുവതാര വിവാദങ്ങൾക്കൊടുവിൽ ലൂസിഫർ സിനിമയ്ക്ക്‌ സംഭവിച്ചതെന്ത്‌?

മലയാള സിനിമാ ആസ്വാദക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. എന്നാല്‍ ലൂസിഫറിനു എന്ത് സംഭവിച്ചു എന്ന ചര്‍ച്ചകളും സംശയങ്ങളും സജീവമായി ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി നടന്‍ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. സിനിമാ കുടുംബത്തില്‍ നിന്നും വന്ന പ്രിഥ്വിരാജ് നായകനായ കുറെ  ചിത്രങ്ങള്‍ മലയാളത്തില്‍ ഹിറ്റായിരുന്നു. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. അഭിനയത്തില്‍ മാത്രമല്ല , സംവിധാനത്തിലും തനിക് താല്‍പ്പര്യം ഉണ്ടെന്ന് നേരത്തേ തന്നെ താരം വെളിപ്പെടുത്തിയിരുന്നു.

യുവതാരം സംവിധാനം ചെയ്യുന്ന സുപ്പര്‍ താര ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടായതുമുതല്‍ ആരാധകര്‍ ചിത്രത്തിനായുള്ള കാത്തിരുപ്പിലാണ്. എന്നാല്‍ ലൂസിഫര്‍ ഇതുവരെയും ചിത്രീകരണം തുടങ്ങാത്തതിനാല്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഒടുവില്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്‌ മുരളി ഗോപി തന്നെ ഫേസ്ബുക്ക്‌ ലൈവിലെത്തി ചിത്രത്തിന്‍റെ ഭാവിയെ കുറിച്ച് വിശദീകരിക്കുകയായിരുന്നു. തന്‍റെ ഒരു ലോ ബജറ്റ് സിനിമ ഒക്ടോബര്‍ പതിമൂന്നാം തീയതി റിലീസ് ആകുന്നു എന്ന വിശേഷവും അദ്ദേഹം പങ്ക് വച്ചു. കാറ്റു എന്ന ചിത്രത്തിലാണ് മുരളി ഗോപി അഭിനയിച്ചിരിക്കുന്നത്.

പ്രിഥ്വിയും മോഹന്‍ലാലും മുരളി ഗോപിയും മറ്റ് ചിത്രങ്ങളുടെ തിരക്കുകളില്‍ ആയതുകൊണ്ട് മാത്രമാണ് ലൂസിഫര്‍ ചിത്രീകരണം വൈകുന്നത്. തിരക്കഥ പൂര്‍ത്തിയായി വരുന്നു. പ്രിഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം അവസാനിച്ച ശേഷം മാത്രമേ ലൂസിഫര്‍ ചിത്രീകരണം തുടങ്ങുകയുള്ളൂ. അപ്പോഴേക്കും മോഹന്‍ലാലും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം അവസാനിക്കുകയും ചെയ്യും.

എന്നാല്‍ ലൂസിഫര്‍ ഉടനൊന്നും ചിത്രീകരണം ആരംഭിക്കുവാന്‍ സാധ്യത ഇല്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.  മോഹന്‍ലാലിനും പ്രിഥ്വിരാജിനും ഇനിയും പല ചിത്രങ്ങളും തീര്‍ക്കേണ്ടതുണ്ട്. പ്രിഥ്വിരാജ് നായകനാകുന്ന രണ്ട് ചിത്രങ്ങള്‍ ഇതുവരെ ചിത്രീകരണം പോലും തുടങ്ങിയിട്ടില്ലത്രേ. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം , ആര്‍.എ സ്.വിമലിന്‍റെ കര്‍ണന്‍ തുടങ്ങിയവ കൂടി പൂര്‍ത്തിയായാല്‍ മാത്രമേ പ്രിഥ്വി ഫ്രീയാകു.

ആശിര്‍വാദ്  ഫിലിംസിന്‍റെ ബാനറില്‍ ആന്‍റ്ണി പെരുമ്പാവൂര്‍ ആണ് ലൂസിഫര്‍    നിര്‍മ്മിക്കുന്നത്.   ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

 

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com