വൈറ്റിലയിലെ മേൽപ്പാല നിർമ്മാണ ഉത്ഘാടനം ഇന്നു നടക്കാനിരിക്കെ അതിന്റെ ആസൂത്രണത്തെയും നിർമ്മാണത്തെയും കുറിച്ച് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചത്:
വൈറ്റില മേൽപ്പാലം ആരുടെ ആസൂത്രണം?
പ്രിയ മുഖ്യമന്ത്രീ,
ഏഷ്യാനെറ്റ് അവാർഡ് എനിക്ക് തരുന്ന വേളയിൽ താങ്കൾ എന്നെ ഉപദേശിച്ചു, പരിസ്ഥിതിസംരക്ഷണ വിഷയത്തിൽ മാത്രമല്ല, വികസനകാര്യങ്ങളിൽ കൂടി എനിക്ക് ഈ താൽപ്പര്യം ഉണ്ടാകണമെന്ന്. അങ്ങനെയൊരു താൽപ്പര്യം ഞാൻ എടുക്കുന്നു, താങ്കൾ ഇന്ന് ഉദ്ഘാടനം ചെയ്യാൻ പോകുന്ന വൈറ്റില മേൽപ്പാല നിർമ്മാണം സംബന്ധിച്ചാണ് അത്.
കേരളത്തിലെ ഏറ്റവും തിരക്കുള്ള നാൽക്കവല (ജങ്ഷൻ) ആണ് വൈറ്റില. മെട്രോ റെയിലും ദേശീയപാതയും സംസ്ഥാന പാതയും മൊബിലിറ്റി ഹബ്ബും ഒത്തുചേരുന്ന വൈറ്റില കവലയിലെ ഭാവി ഗതാഗത സംവിധാനം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് ആരാണ്? ആരാണത് ഡിസൈൻ ചെയ്തത്? ഏത് നഗരാസൂത്രണ വിദഗ്ധന്റെ പ്ലാൻ ആണ് താങ്കൾ ഇന്ന് ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ മേൽപ്പാലത്തിനുള്ളത്? അത് ശരിയായ ദിശയിൽ, ശരിയായ സ്ഥലത്ത് ശാസ്ത്രീയമായ ആസൂത്രണത്തോടെ ആണോ കഴിഞ്ഞ സർക്കാർ പണിയാൻ തീരുമാനിച്ചത് എന്ന കാര്യം പരിശോധിച്ചിട്ടാണോ ഈ സർക്കാർ അതുമായി മുന്നോട്ട് പോകുന്നത്? അതോ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ഇനിയങ്ങോട്ട് ബാധിക്കാൻ സാധ്യതയുള്ള ഈ നഗരഹൃദയത്തിലെ പ്രധാന മേൽപ്പാലവും അത് വഴിയുള്ള ഗതാഗത മാറ്റവും PDW യുടെ ഒരു സാധാരണ എൻജിനീയർ തീരുമാനിച്ചാൽ മതിയെന്നാണോ? നിർമ്മാണത്തിലുള്ള PWD യുടെ കഴിവ് ഒട്ടും കുറച്ചു കാണുന്നില്ല, നിർമ്മാണവും ആസൂത്രണവും രണ്ടാണ്. ആസൂത്രണത്തിനു ശേഷമേ നിർമ്മാണം വരുന്നുള്ളൂ. ആസൂത്രണം PWD യുടെ ജോലിയല്ല.
വൈറ്റില ദേശീയപാതയിൽ സംസ്ഥാന സർക്കാരിന്റെ ചെലവിൽ ഒരു മേൽപ്പാലം പണിയാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചത് യാതൊരു ആസൂത്രണവും ഇല്ലാതെയാണ്. ഇടപ്പള്ളിയിലും പാലാരിവട്ടത്തും ആശാസ്ത്രീയമായി മേൽപ്പാലം പണിതു ഗതാഗതം എന്നെന്നേക്കുമായി കുളമാക്കിയ അതേപോലെയാണ് വൈറ്റിലയിലും ആവർത്തിക്കാൻ തീരുമാനിച്ചത്. നഗരാസൂത്രണം എന്നൊരു പണിയുണ്ട്, നഗരത്തിന്റെ ഭാവി ആവശ്യങ്ങൾ കണ്ടറിഞ്ഞു, ശാസ്ത്രീയമായ പഠനങ്ങളുടെ പിൻബലത്തോടെ, സ്ഥലപരിമിതിയിൽ നിന്നുകൊണ്ടു നഗരത്തെ ഡിസൈൻ ചെയ്യുക എന്നത് അതിൽ പ്രധാനമാണ്. വാഹനങ്ങൾ ഒഴുകുന്ന റോഡ് മുതൽ മാലിന്യമൊഴുകുന്ന ഓട വരെ എവിടെ എങ്ങനെ ആയിരിക്കണം എന്നത് നഗരാസൂത്രണത്തിന്റെ ഭാഗമാണ്. അതില്ലെങ്കിൽ നഗരം ഒരു നരകമാവും. ഈ പണി പ്രൊഫഷണലായി ചെയ്യാനാറിയാവുന്ന ആളുകളെ വെച്ച്, ഓരോ ഇഞ്ചും എന്തിനൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കി അത് ചെയ്യേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ് എന്ന് ടൗൺ പ്ലാനിങ് ആക്റ്റ് പറയുന്നു.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വാഹനങ്ങൾ സന്ധിക്കുന്നത് വൈറ്റില മുക്കിൽ ആണ്. അവിടെ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് ദേശീയപാതയ്ക്ക് സമാന്തരമായി ഒരു മേൽപ്പാലം ഭാവിയിൽ ഗതാഗതത്തിനു ഗുണത്തെക്കാൾ ഏറെ ദോഷമേ ചെയ്യൂ എന്ന് പറയാൻ നഗരാസൂത്രണ വിദഗ്ധൻ വേണ്ട, വൈറ്റിലയിൽ കിടക്കുന്ന ഏത് ഓട്ടോറിക്ഷാ ഡ്രൈവറും പറയും. മേൽപ്പാലവും മെട്രോയും വന്നാൽ പിന്നീട് ഭാവിയിൽ ഒരു മാറ്റവും പറ്റാത്തവിധം കെണിയിലാവും വൈറ്റില. എന്നിട്ടുമെങ്ങനെ ഈ പദ്ധതി ഉദ്ഘാടനം വരെയെത്തി എന്ന് അന്വേഷിച്ചാൽ, നമ്മുടെ നാടിന്റെ വികസനം എത്ര ലാഘവത്തോടെയാണ്, എത്ര അപക്വമായാണ് തീരുമാനിക്കപ്പെടുന്നത് എന്ന് അങ്ങേയ്ക്ക് മനസിലാകും. \’മേൽപ്പാലം\’ \’മേൽപ്പാലം\’ എന്ന് അലമുറയിട്ടിരുന്ന മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് ഇതൊന്നും പ്രശ്നമല്ല, എന്നാൽ ജനപ്രതിനിധികൾക്ക് ആ ലാഘവബുദ്ധി ഒട്ടും പാടില്ല. ഒരു നഗരാസൂത്രണ വിദഗ്ദ്ധനും NHAI ആസൂത്രണ വിഭാഗവും അംഗീകരിക്കാത്ത ഡിസൈൻ വെച്ച് തീരുമാനിക്കപ്പെടേണ്ടതല്ല വൈറ്റില മുക്കിന്റെ ഭാവി ഗതാഗതം.
കിറ്റ്കോ എന്ന സർക്കാർ സ്ഥാപനം നടത്തിയ പഠനത്തിൽ, മേൽപ്പാലം ഇപ്പോൾ പ്ലാൻ ചെയ്തിടത്ത് നിന്ന് അല്പമൊന്ന് സ്ഥലം മാറ്റി, 2 അണ്ടർ പാസുകൾ നൽകിയാൽ സുഗമമായ ഗതാഗതം സാധ്യമാകും എന്ന് കാണുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തും മറ്റു നിരവധി സംഘടനകളും ഇത് സർക്കാരിന് മുന്നിൽ ഒരു ബദൽ നിർദ്ദേശമായി വെച്ചിട്ടുണ്ട്. ഇക്കാര്യം പറയാൻ ബഹു പൊതുമരാമത്ത് മന്ത്രിയെ ഞാൻ നേരിട്ട് വിളിച്ചിരുന്നു. അദ്ദേഹത്തിനു കാര്യം മനസിലായി. \”ഈ വൈകിയ വേളയിലാണോ ഇതൊക്കെ പറയുന്നത്, ഇനി ഇത് മാറ്റാമെന്നു പറഞ്ഞാൽ \’വൈറ്റില മേൽപ്പാലം ഇടതുസർക്കാർ അട്ടിമറിക്കുന്നു\’ എന്നാകും മലയാളമനോരമ നാളെ അച്ചു നിരത്തുക. പിന്നെ എല്ലാവരും അത് ഏറ്റെടുക്കും.. സത്യം ആരും അന്വേഷിക്കില്ല. അതുകൊണ്ട്, മനോരമയെ വിശ്വസിക്കുന്ന ജനം സഹിച്ചോട്ടെ, ഞാനില്ല ഈ ജനത്തെ നന്നാക്കാൻ\” എന്നാണ് 4 മാസം മുൻപ് മന്ത്രി എന്നോട് പറഞ്ഞത്. കോടതിയിൽ നിന്ന് ഉത്തരവുമായി വന്നാൽ നോക്കാം എന്നൊരു ഉപദേശവും തന്നു. മന്ത്രിയെ കുറ്റം പറയുന്നില്ല, അദ്ദേഹം പറഞ്ഞത് ഒരുപരിധിവരെ വാസ്തവമാണ്. എന്നാൽ മാധ്യമങ്ങളെ പേടിച്ച്, പ്രതിപക്ഷത്തെ പേടിച്ച്, സത്യം കാണാതിരിക്കാമോ?
മെട്രോയുടെ ഒരു തൂണ് ആ മുക്കിന് ഒത്ത നടുക്ക് വരുന്നുണ്ടത്രെ. അതിനാൽ അൽപ്പം വളച്ചാണ് മേൽപ്പാലം ഇപ്പോൾ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്. ആ തൂണിൽ, സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ആധുനിക പോലീസ് നിരീക്ഷണ റൂം വിഭാവനം ചെയ്യുന്ന മറ്റൊരു നിർദ്ദേശവും സർക്കാരിന് മുന്നിലുണ്ട്. വൈറ്റിലവഴി കടന്നുപോകുന്ന ലക്ഷക്കണക്കിന് വാഹനങ്ങൾ നിരീക്ഷിക്കാനും നഗരത്തെ ഉയർന്ന പോയന്റിൽ ഇരുന്നു നിയന്ത്രിക്കാനും ഉതകുമെങ്കിൽ അത് തുടങ്ങുന്നത് താങ്കളുടെ സർക്കാരിന്റെ ഓർത്തുവെയ്ക്കാവുന്ന ഒരു വലിയ നേട്ടമായിരിക്കും.
ശരിയായ Public Consultation എന്നത് പരിസ്ഥിതി അനുമതികൾക്കു മുൻപ് ആവശ്യം ചെയ്യേണ്ട ഒന്നാണ്. പ്രാദേശിക ജനങ്ങളുടെ അഭിപ്രായം കേട്ട് പരിഗണിക്കുക, പദ്ധതിയിൽ ആവശ്യമായ തിരുത്തൽ വരുത്തുക എന്നതാണ് അത്. അത് വേണ്ടവിധം ചെയ്യാത്തതിനാൽ ആണ് IOC യുടെ പുതുവൈപ്പ് പദ്ധതിയൊക്കെ ഇപ്പോൾ ത്രിശങ്കു സ്വർഗ്ഗത്തിൽ ആയത്. ടൗൺ പ്ലാനിങ്ങ് ആക്ടിലും Public Consultation ഒരു അവിഭാജ്യ ഘടകമാണ്. എന്നാൽ അത് പരിഹാസ്യമായ രീതിയിലാണ് നടക്കുന്നത് എന്നത് നമ്മുടെ ഉദ്യോഗസ്ഥ ഭരണസംവിധാനത്തിന്റെ വീഴ്ചയാണ്.
വൈറ്റില മേൽപ്പാലത്തിന്റെയും ഗതാഗത പരിഷ്കാരത്തിന്റെയും കാര്യത്തിൽ, അന്തിമമായ തീരുമാനം എടുക്കുന്നതിന് മുൻപ്, ബന്ധപ്പെട്ട ജനങ്ങളുടെ നിർദ്ദേശങ്ങളും പരിഗണിക്കും എന്നൊരു വാക്ക് PWD മന്ത്രിയുടേതായി ഇന്നലെ പത്രങ്ങളിൽ കണ്ടു. സർക്കാരെടുത്ത മാറിയ ആ തീരുമാനം സഹർഷം സ്വാഗതാർഹമാണ്. നിലവിലുള്ള പ്ലാനിന്റെ കോട്ടങ്ങളും കിറ്റ്കോയുടെ പുതിയ പ്ലാനിന്റെ നേട്ടങ്ങളും എണ്ണിപ്പറഞ്ഞു മനോരമ മെട്രോ പേജിൽ മിനിഞ്ഞാന്ന് ഇത് സമ്മതിച്ചിട്ടുണ്ട്. പക്ഷെ സർക്കാർ പൊതുതെളിവെടുപ്പ് നടത്തും എന്നത് മനോരമയ്ക്ക് തലവാചകത്തിൽ \’പടലപ്പിണക്കം\’ ആകുന്ന രാഷ്ട്രീയമാണ്. അവഗണിക്കേണ്ടവ അവഗണിക്കണം.
മേൽപാലം നമുക്ക് പണിയാം, എവിടെ എങ്ങനെ വേണമെന്ന് പുനഃരാലോചിച്ചാൽ മതി. എന്നാൽ നിലവിലുള്ള പ്ലാനിലും ഡിസൈനിലും ഉള്ള മേൽപ്പാലത്തിന് ടെണ്ടർ കൊടുത്ത് നിർമ്മാണ ഉദ്ഘാടനവും നടത്തിയിട്ട് ഇനിയെന്ത് ചർച്ചയാണ് എന്ന് മനസിലാകാത്തവരോട് താങ്കൾ ഇന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറയണം, വികസനം അതിവേഗം മാത്രമല്ല, ശാസ്ത്രീയവും പ്രശ്നപരിഹാരിയും ആയിരിക്കണം എന്നതാണ് നയം എന്ന്. മാധ്യമങ്ങൾ അല്ല ഈ സർക്കാരിന്റെ അജണ്ട തീരുമാനിക്കുന്നത്, അത് ജനങ്ങളാണ് എന്ന്. Better late than Never എന്ന്.
അതുകൊണ്ട്, വൈറ്റിലയിലെ ഏറ്റവും വലിയ കുരുക്കുണ്ടാക്കിയ മുഖ്യമന്ത്രി എന്നല്ല, കേരളത്തിലെ ഏറ്റവും വലിയ നാൽക്കവലയിലെ ഭാവി ഗതാഗതം ഏറ്റവും ശാസ്ത്രീയമായി വിഭാവനം ചെയ്ത മുഖ്യമന്ത്രി എന്നാകട്ടെ അങ്ങയുടെ പേര് കൊച്ചിയിലെ വരുംതലമുറ പറയുന്നത് എന്ന് ഞാൻ ആശംസിക്കുന്നു. ഇന്ന് വൈകിട്ടത്തെ മേൽപ്പാല നിർമ്മാണ ഉദ്ഘാടനത്തിന് എല്ലാവിധ ആശംസകളും.
ചടങ്ങിൽ അധ്യക്ഷനാവുന്ന PWD മന്ത്രി ശ്രീ.സുധാകരനോ, മുഖ്യപ്രഭാഷണം നടത്തുന്ന ധനമന്ത്രി ഡോ.തോമസ് ഐസക്കോ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ആഗ്രഹിക്കുന്നു.
എന്ന്,
അഡ്വ.ഹരീഷ് വാസുദേവൻ