മലയാളം ഇ മാഗസിൻ.കോം

ഈ നാളുകാർക്ക്‌ ഇപ്പോൾ വ്യാഴ ദോഷ കാലമാണ്‌, ദോഷ പരിഹാര മാർഗ്ഗങ്ങൾ അറിയാം

സത്വഗുണ മൂർത്തിയായ ശ്രീ മഹാവിഷ്ണു നവഗ്രഹങ്ങളിൽ സർവ്വേശ്വര കാരകനായ വ്യാഴത്തിന്റെ അധിദേവതയാണ്. ഭൂമിയിൽ ധർമ്മം സ്ഥാപിക്കുന്നതിന് വിഷ്ണു ഭഗവാൻ സ്വീകരിച്ച അവതാരങ്ങളെ ബുധഗ്രഹത്തെക്കൊണ്ട് ചിന്തിക്കുന്നു. ജാതകം, പ്രശ്നം, മുഹൂർത്തം എന്നിവ നോക്കുമ്പോൾ വ്യാഴത്തിൻ്റെ അനുകൂല സ്ഥിതി കൊണ്ടാണ് ഈശ്വരാധീനം കണക്കാക്കുന്നത്. അറിവും നൽകുന്നതും സന്താനങ്ങളെ നൽകുന്നതും വ്യാഴമാണ്. വ്യാഴദശയിൽ ദോഷം നേരിടുന്നവരും ചന്ദ്രസ്ഥിതി കാരണം വ്യാഴം അനിഷ്ടരായവരും വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുവിനെ ആരാധിച്ചാൽ ദുരിത മോചനം ലഭിക്കും. ഗുണഫലങ്ങൾ സിദ്ധിക്കുകയും ചെയ്യും. വിഷ്ണുഭഗവാനെ തൃപ്തിപ്പെടുത്തുവാനുള്ള വ്യാഴാഴ്ച വ്രതം എല്ലാ പാപങ്ങളും കരിച്ചു കളയും. സമ്പത്തും ആരോഗ്യവും ഭാഗ്യവും മന:ശാന്തിയും നൽകും.

ഗോചരാൽ വ്യാഴം 1, 3, 6, 8, 10, 12 ഭാവങ്ങളിൽ വരുമ്പോഴാണ് പൊതുവേ നമുക്ക് അനർത്ഥങ്ങൾ ഉണ്ടാകുന്നത്. ഇപ്പോൾ വ്യാഴം മകരം രാശിയിലാണ്. 2020 ജൂൺ 30 ന് വക്രത്തിൽ ധനുവിലെത്തും. 2020 നവംബർ 20 വീണ്ടും മകരത്തിൽ വരും. പിന്നീട് 2021 ഏപ്രിൽ 5 ന് കുംഭത്തിലേക്ക് പകരും. മൂന്നിലെ വ്യാഴം സ്ഥാനചലനവും ആറിലെ വ്യാഴം എല്ലാം ഉണ്ടായാലും സുഖഹാനിയും നൽകും. എട്ടിലെ വ്യാഴം ദു:ഖവും രോഗവും സ്ഥാനചലനവും യാത്രാ ക്ലേശവും സൃഷ്ടിക്കും. പന്ത്രണ്ടിലെ വ്യാഴം കടുത്ത ദു:ഖങ്ങൾക്കും ധനനാശത്തിനും വ്യവഹാരത്തിനും കാരണമാകും.

ജൂൺ 30 വരെ വൃശ്ചികക്കൂറുകാർക്ക് അതായത് വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് മൂന്നിലാണ് വ്യാഴം, അതു കഴിഞ്ഞ് നവംബർ 20 വരെ അവർക്ക് രണ്ടിൽ വ്യാഴം വരുമ്പോൾ ധനം, ശത്രുനാശം, രതിസുഖം എന്നിവ ലഭിക്കും. ചിങ്ങക്കൂറുകാർക്ക്, മകം, പൂരം, ഉത്രം ആദ്യ കാൽ നക്ഷത്രക്കാർക്ക് ആറിലാണ് ഇപ്പോൾ വ്യാഴം. ജൂൺ 30 കഴിഞ്ഞാൽ ഇവർക്ക് ധനം, സന്താനഭാഗ്യം, ഗൃഹ – വാഹന ഭാഗ്യം ഇവയുണ്ടാകും. മിഥുനക്കൂറുകാർക്ക്, മകയിരം അവസാന പകുതി, തിരുവാതിരം, പുണർതം ആദ്യ മുക്കാൽ നക്ഷത്രക്കാർക്ക് ജൂൺ 30 വരെ എട്ടിലെ വ്യാഴം പ്രയാസമുണ്ടാക്കും. ശേഷം ഏഴിലെ വ്യാഴം ഇവർക്ക് നവംബർ 20 വരെ ധനം, വിവാഹം, വിഷയസുഖം, സ്ഥാനമാനങ്ങൾ എന്നിവ നൽകും. കുംഭക്കുറുകാർക്ക്, അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രക്കാർക്ക് ജൂൺ 20 വരെ ജീവിതം ക്ലേശകരമാകും. പന്ത്രണ്ടിലെ വ്യാഴം കഴിയുമ്പോൾ നവംബർ 20 വരെ ആഗ്രഹസാഫല്യവും ധനലബ്ധിയുമുണ്ടാകും.

ജന്മവ്യാഴവും പത്തിലെ കർമ്മവ്യാഴവും ദോഷം ചെയ്യും. മകരം രാശിയിലെ ഉത്രാടം അവസാന മുക്കാൽ , തിരുവേണം , അവിട്ടം പകുതി നക്ഷത്രക്കാർക്കാണ് ഇപ്പോൾ ജന്മവ്യാഴം. ജൂൺ 30 വരെ ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളാൽ മന:ശാന്തി നഷ്ടപ്പെടും. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടലുകളുമുണ്ടാകും. അത് കഴിഞ്ഞ് വ്യാഴം പന്ത്രണ്ടിൽ നിൽക്കുന്ന നവംബർ 20 വരെ കാര്യങ്ങൾ കഠിനമാകും. അശ്വതി, ഭരണി, കാർത്തിക ആദ്യകാൽ നക്ഷത്രക്കാർക്ക് കർമ്മവ്യാഴം ജൂൺ 30 വരെ തൊഴിൽ രംഗത്ത് മാന്ദ്യവും കഷ്ടപ്പാടുകളും തിരിച്ചടികളുമേകും. അത് കഴിഞ്ഞ് നവംബർ 20 വരെ ഒൻപതിലെ വ്യാഴം ധനലാഭം ഉൾപ്പെടെ സദ്ഫലങ്ങൾ നൽകും.

ഇവിടെ പറഞ്ഞതത്രയും വ്യാഴ സ്ഥിതിയുടെ പൊതു ഫലങ്ങളാണ്. എന്നാൽ ഒരോരുത്തരുടെയും ജാതകത്തിലെ മറ്റ് ഗ്രഹസ്ഥിതികൾ കൂടി കണക്കിലെടുത്താൽ പലർക്കും വലിയ ദോഷങ്ങൾ സംഭവിക്കണമെന്നില്ല. വ്യാഴ ദോഷദുരിത മോചനത്തിന് വിഷ്ണു ഭഗവാനെ‌ ആരാധിക്കുന്നവർ ഓം നമോ നാരായണായ നമ:, ഓം വിഷ്ണവേ നമ: എന്നീ മന്ത്രങ്ങളും വിഷ്ണുസഹസ്ര നാമജപവും ഭാഗവത പരായണവും നാരായണീയ പരായണവും പതിവാക്കുന്നത് നല്ലതാണ്. വ്യാഴാഴ്ച വ്രതം എടുക്കാൻ താല്പര്യപ്പെടുന്നവർ അന്ന് മഞ്ഞ വസ്ത്രം ധരിക്കുന്നതും, മഞ്ഞ പൂക്കൾ കൊണ്ടോ, തുളസി കൊണ്ടൊ വിഷ്ണുവിന് ക്ഷേത്രത്തിൽ അർച്ചന നടത്തുന്നതും നല്ലതാണ്. വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുവിനെ ആരാധിച്ചാൽ സന്താനലാഭവും സന്തതികളുടെ ഉന്നതിയും ഫലമായി പറയാറുണ്ട്.

വിദ്യാഭ്യാസത്തിനും കർമ്മ തടസങ്ങൾ മാറുന്നതിനും
ബുദ്ധിസാമർത്ഥ്യത്തിനും ബുധനാഴ്ചകളിൽ വിഷ്ണുഭഗവാനെ ആരാധിക്കുന്നത് ഉത്തമമാണ്. രോഹിണി, പുണർതം, തിരുവോണം നക്ഷത്രങ്ങളാണ് വിഷ്ണുവിന് ഏറ്റവും പ്രധാനം. ഈ നക്ഷത്രത്തിൽ ജനിച്ചവർ പതിവായി വിഷ്ണു ഭഗവാനെ ആരാധിക്കുകയാണെങ്കിൽ അവർക്ക് ധാരാളം സൽഫലങ്ങൾ ലഭിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രങ്ങളുടെ അധിപതി വ്യാഴമാണ്. ഈ നക്ഷത്രജാതർ പതിവായി വ്യാഴാഴ്ച ദിവസം വിഷ്ണുവിനെ ആരാധിച്ചാൽ തടസങ്ങളെല്ലാം മാറി സമ്പദ് സമൃദ്ധമായ, ഐശ്വര്യ പൂർണ്ണമായ ജീവിതം ലഭിക്കും. ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രങ്ങളുടെ നാഥൻ ബുധനാണ്. ഇവർ ബുധനാഴ്ച തോറും ശ്രീകൃഷ്ണനെ ഉപാസന നടത്തിയാൽ എല്ലാ ദോഷങ്ങളും അകന്നുപോകും.

പാൽപായസം, നെയ് വിളക്ക്, കളഭച്ചാർത്ത്, പുരുഷസൂക്താർച്ചന, ലക്ഷ്മീ നാരായണ പൂജ തുടങ്ങിയവയാണ് വിഷ്ണു ക്ഷേത്രങ്ങളിൽ നടത്തേണ്ട വഴിപാടുകൾ. സുകൃഹോമം, സായൂജ്യപൂജ, തുടങ്ങിയ വഴിപാടുകളും വിഷ്ണു ക്ഷേത്രങ്ങളിൽ നടത്താറുണ്ട്. വ്യാഴദോഷമുള്ളവരും മുകളിൽ പറഞ്ഞ നക്ഷത്രജാതരും എല്ലാ മാസവും ജന്മനക്ഷത്ര ദിവസം ഇതിൽ ഏതെങ്കിലും വഴിപാട് ക്ഷേത്രത്തിൽ നടത്തുന്നത് നല്ലതാണ്. പൂർവ്വജന്മ ശാപങ്ങൾക്കും പാപദോഷങ്ങൾക്കും പരിഹാരമായി ആരാധിക്കേണ്ട മൂർത്തിയും വിഷ്ണുവാണ്. വിഷ്ണുവിനെ ആരാധിച്ചാൽ ആരാധിക്കുന്നവർക്കും കുടുംബത്തിനും അവരുടെ സന്തതി പരമ്പരകൾക്കും ഉയർച്ചയും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൽട്ടിംഗിനും
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്, +91 8848873088

Staff Reporter