സ്ഥിരം കാഴ്ച്ചകള്‍ കണ്ടുമടുത്തോ. എങ്കില്‍ ഇനി യാത്ര ദുബായിലേക്കായാലോ. ബഡ്ജറ്റ് ആലോചിച്ച് യാത്രയില്‍ നിന്ന് പിന്‍മാറുകയേ വേണ്ട. ഇപ്പോള്‍ ദുബായ് വിസിറ്റേഴ്‌സിനും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും രണ്ടു ദിവസത്തിനുള്ളില്‍ ദുബായ് ചുറ്റിയടിക്കാന്‍ ഒരു സുവര്‍ണ്ണാവസരം. ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് നിങ്ങള്‍ക്കതിന് അവസരമൊരുക്കും. അതും കൈയിലൊതുങ്ങുന്ന ബഡ്ജറ്റില്‍.
36 മണിക്കൂറില്‍ സ്‌റ്റോപ് ഓവര്‍ പാസ് വഴി ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി സന്ദര്‍ശിക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. ആകര്‍ഷകമായ പാക്കേജുകളും നിലവിലുളളത്. ബുര്‍ജ് ഖലീഫ, ദുബായ് ഫൗണ്ടന്‍ ഷോ, പ്രത്യേക ബസില്‍ നഗരം ചുറ്റിയടിക്കല്‍, മറീനയില്‍ ക്രൂസ് വിരുന്ന്, ദുബായ് അക്വേറിയം, ദുബായ് ഫ്രെയിം എന്നിവയാണ് പാക്കേജിലുള്ളത്.
ഇതില്‍ ഏതെങ്കിലും രണ്ടു സ്ഥലങ്ങള്‍ കാണാന്‍ ഒരാള്‍ക്ക് 199 ദിര്‍ഹമാണ് നിരക്ക്. കുട്ടികള്‍ക്ക് 169. മൂന്ന് സ്ഥലങ്ങളാണെങ്കില്‍ ഒരാള്‍ക്ക് 279 ദിര്‍ഹം. നാല് സ്ഥലങ്ങളാണെങ്കില്‍ ഒരാള്‍ക്ക് 385 ദിര്‍ഹം. കുട്ടികള്‍ക്ക് ഇളവുകളുണ്ട്.
സാധാരണ സന്ദര്‍ശനത്തേക്കാള്‍ 60% വരെ പണം ലാഭിക്കാം എന്നതാണ് ഈ പദ്ധതിയുടെ നേട്ടമെന്ന് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് സിഇഒ ഇസാം കാസിം പറഞ്ഞു. മറ്റ് സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ ദുബായ് വഴി കടന്നുപോകുന്നവര്‍ക്ക് നാല് മണിക്കൂറില്‍ കൂടുതല്‍ സമയമുണ്ടെങ്കില്‍ ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.