ജോൺഹോനായി എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ റിസബാവ തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിടവാങ്ങിയത്. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് താരമായത്.
റിസബാവയുടെ വിയോഗ വാർത്ത അറിഞ്ഞതു മുതൽ സാമൂഹ്യമാധ്യമങ്ങളിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു. അതിൽ തന്നെ നടൻ കിഷോർ സത്യ പങ്കു വച്ച കുറിപ്പാണ് ഏറെ ചർച്ചയാവുന്നത്. കിഷോർ കുറിച്ചത് ഇങ്ങനെ.

ഈ കെട്ടകാലത്തിൽ തുടർമരണങ്ങളുടെ പരമ്പരയിൽ അടുത്ത എപ്പിസോഡിൽ റിസക്കയും. എന്റെ ആദ്യ ടെലിവിഷൻ പരമ്പര ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത “മന്ത്രകോടി”. രണ്ട് സിനിമകളുടെ മാത്രം പരിചയവുമായി വന്ന എനിക്ക് ഒരു ഗുരുനാഥനെ പോലെയായിരുന്നു റിസക്ക. അഭിനയത്തിന്റെ ഒരുപാട് സാങ്കേതിക പാഠങ്ങൾ ഇക്ക എനിക്ക് പറഞ്ഞു തന്നു. ലൈറ്റ് സ്വീകരിക്കേണ്ടത്, ഡയലോഗ് ഡെലിവറിയിലെ soacing, സംഗതികൾ അങ്ങനെ പലതും. ഒരു നടൻ എന്ന എന്റെ യാത്രയിൽ അതൊക്കെ ഏറെ പ്രയോജനം ചെയ്തു. റിസക്കയുടെ വിയോഗവർത്ത ഏറെ നൊമ്പരപ്പെടുത്തുന്നു.
എന്റെ ഭാര്യ പിതാവ് ലക്ഷ്മി നാരായണന്റെ വേഷമായിരുന്നു റിസക്കായുടേത്. ഭാര്യ മീരയായി അഭിനയിച്ചത് ശരണ്യ ആയിരുന്നു. അവൾ ആദ്യം പോയി ഇപ്പോൾ ഇക്കയും. പ്രണാമം റിസക്ക.
ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്ന അദ്ദേഹം നിരവധി മിനി സ്‌ക്രീൻ പരമ്പരകളിലും തിളങ്ങിയിട്ടുണ്ട്. നടന്റെ വിയോഗത്തിൽ നിരവധിയാളുകളാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്. 1966 സെപ്റ്റംബർ 24 ന് കൊച്ചിയിൽ ജനിച്ച റിസബാവയുടെ പ്രാഥമിക വിദ്യാഭ്യാസം തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു.

1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ൽ തന്നെ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായി എന്ന വില്ലൻ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി.
പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.